മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 4,800 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും
text_fieldsമൈക്രോസോഫ്റ്റ്
വാഷിങ്ടൺ: സാങ്കേതികവിദ്യാ മേഖലയിൽ പിരിച്ചുവിടലുകൾ തുടരുന്നു. വമ്പൻ കമ്പനിയായ മൈക്രോസോഫ്റ്റ് തങ്ങളുടെ ആകെ ജീവനക്കാരുടെ 2.1 ശതമാനം പേരെ പിരിച്ചുവിടാൻ തീരുമാനിച്ചു. ഏകദേശം 4,800 ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടുക. നിലവിൽ ലോകത്തെ ടെക് കമ്പനികൾ എ.ഐ വികസിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്. വലിയ ഡാറ്റാ സെന്ററുകൾ നിർമിക്കാനും അത്യാധുനിക കമ്പ്യൂട്ടിങ് സംവിധാനങ്ങൾ ഒരുക്കാനും വൻ സാമ്പത്തിക സ്രോതസ്സ് ആവശ്യമാണ്. ഈ ഭീമമായ ചെലവുകൾ നികത്തുന്നതിനും കമ്പനിയുടെ പ്രവർത്തനച്ചെലവ് നിയന്ത്രിക്കുന്നതിനുമാണ് മൈക്രോസോഫ്റ്റ് മറ്റ് മേഖലകളിൽ ചെലവ് ചുരുക്കുന്നത്.
മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് വിഭാഗമായ എക്‌സ്‌ബോക്‌സ് നിലവിൽ വലിയ വെല്ലുവിളികൾ നേരിടുകയാണ്. എക്‌സ്‌ബോക്‌സിന്റെ ലാഭവിഹിതം വളരെ കുറവാണെന്ന് (3 ശതമാനത്തോളം) കമ്പനി തന്നെ സമ്മതിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹാർഡ്‌വെയർ, പ്ലാറ്റ്‌ഫോം വികസനത്തിനായി 20 ബില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ഗെയിമിങ് വിഭാഗത്തെ പുനഃസംഘടിപ്പിക്കുകയും ലാഭകരമല്ലാത്ത സ്റ്റുഡിയോകളെ ഒഴിവാക്കുകയോ വിറ്റൊഴിവാക്കുകയോ ചെയ്യുക എന്നതാണ് കമ്പനിയുടെ തന്ത്രം.
ഈ പ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ച നടന്ന വ്യാപാരത്തിൽ മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയിൽ 1.5 ശതമാനം ഇടിവുണ്ടായി. 2026-ന്റെ ആദ്യ ആറ് മാസങ്ങളിൽ കമ്പനിയുടെ ഓഹരി മൂല്യത്തിൽ 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2022ന് ശേഷം കമ്പനി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ജോലികൾ ചെയ്യുന്ന രീതിയിൽ നിർമിത ബുദ്ധി വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ എമി കോൾമാൻ ജീവനക്കാർക്ക് അയച്ച മെമ്മോയിൽ വ്യക്തമാക്കി. സാധാരണയായി ചെയ്യുന്ന പല ജോലികളും എ.ഐ വഴിയുള്ള ഓട്ടോമേഷൻ വഴി നടക്കുന്നുണ്ടെന്നും, ലഭ്യമായ വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നും അവർ വിശദീകരിച്ചു. എന്നാൽ, എ.ഐക്ക് വേണ്ടി ആളുകളെ പിരിച്ചുവിടുകയല്ല, മറിച്ച് ജോലികൾ ചെയ്യുന്ന രീതി മാറുകയാണ് ചെയ്തതെന്നും കോൾമാൻ കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യം ഏകദേശം 9,000 ജീവനക്കാർക്ക് (ഏകദേശം 7 ശതമാനം) കമ്പനി സന്നദ്ധ വിരമിക്കൽ വാഗ്ദാനം ചെയ്തിരുന്നു. ഓരോ സാമ്പത്തിക വർഷാവസാനത്തിലും (ജൂണിൽ) പുതിയ വർഷത്തേക്കുള്ള ചെലവ് പദ്ധതികൾ തയാറാക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ട്. ആമസോൺ, മെറ്റ തുടങ്ങിയ വമ്പൻ കമ്പനികളും ഈ വർഷം ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിട്ടിരുന്നു. എഐ മേഖലയിലെ കുതിച്ചുചാട്ടത്തിനിടയിൽ ഇതിനായി വമ്പൻ തുകയാണ് കമ്പനികൾ ചെലവഴിക്കുന്നത്. ഈ വർഷം ഇത് 700 ബില്യൺ ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.
എക്‌സ്‌ബോക്സ് വിഭാഗത്തിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്ന് സി.ഇ.ഒ ആശ ശർമ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ലാഭവിഹിതം 3 ശതമാനത്തിലേക്ക് താഴ്ന്ന സാഹചര്യത്തിൽ ബിസിനസ്സ് പുനഃക്രമീകരിക്കേണ്ടി വരുമെന്നും, അത് ലയനത്തിലേക്കോ ഏറ്റെടുക്കലുകളിലേക്കോ നയിക്കാമെന്നും അവർ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉള്ളടക്കം, പ്ലാറ്റ്‌ഫോം, ഹാർഡ്‌വെയർ സബ്‌സിഡി എന്നിവയ്ക്കായി 20 ബില്യൺ ഡോളറിലധികം ചെലവഴിച്ചിട്ടും വാർഷിക വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായതെന്ന് ആശ ശർമ മെമ്മോയിൽ വ്യക്തമാക്കിയിരുന്നു.


