പണം തട്ടിപ്പിന് തടയിടാൻ മ്യൂൾ ഹണ്ടർ
text_fieldsവെർച്വൽ, ഡിജിറ്റൽ തട്ടിപ്പിലൂടെ പണം ചോർത്തുന്ന സൈബർ വ്യാജന്മാരെ കുടുക്കാൻ ഒരു വേട്ടക്കാരനെ ഒരുക്കിയിരിക്കുകയാണ് റിസർവ് ബാങ്ക്. റിസർവ് ബാങ്കിന്റെ ‘ഇന്നവേഷൻ ഹബ്’ വികസിപ്പിച്ച ‘എ.ഐ’ അധിഷ്ഠിത പ്ലാറ്റ്ഫോമാണ് മ്യൂൾ ഹണ്ടർ. സൈബർ തട്ടിപ്പുകാരുടെ അക്കൗണ്ടുകൾ പൂട്ടാനാണ് മ്യൂൾ ഹണ്ടർ ഉപയോഗിക്കുന്നത്. ഇതിന്റെ പരീക്ഷണം 90 ശതമാനം വിജയകരമാണെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.
ഇതിനകം ചില ബാങ്കുകൾ ഈ ‘എ.ഐ’ സംവിധാനം ഉപയോഗിച്ചുതുടങ്ങി. കൂടുതൽ ബാങ്കുകൾ മ്യൂൾ ഹണ്ടർ ഉപയോഗിക്കാൻ ഒരുങ്ങുകയാണ്. കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവ നിലവിൽ മ്യൂൾ ഹണ്ടർ ഉപയോഗിക്കുന്നുണ്ട്. ഫെഡറൽ ബാങ്ക് ദിവസങ്ങൾക്കകം ഇത് നടപ്പാക്കും. രണ്ടുമാസത്തിനകം പൊതുമേഖലയിലെ ഉൾപ്പെടെ 15ഓളം ബാങ്കുകൾ ഈ പ്ലാറ്റ്ഫോം, തട്ടിപ്പ് തടയൽ സംവിധാനത്തിന്റെ ഭാഗമാക്കും. ഇത് വ്യാപകമാകുന്നതോടെ സൈബർ തട്ടിപ്പുകളിലൂടെ അക്കൗണ്ട് ഉടമകൾക്ക് പണം നഷ്ടപ്പെടുന്നതിന് വലിയൊരളവോളം തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സൈബർ കുറ്റകൃത്യ പരാതികളിൽ 70 ശതമാനത്തിലേറെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളാണെന്നാണ് നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഡേറ്റ വെളിപ്പെടുത്തുന്നത്. സാമ്പത്തിക തട്ടിപ്പ് തടയുന്നതിൽ ഒരു പ്രധാന വെല്ലുവിളി മണി മ്യൂൾ അക്കൗണ്ടുകളുടെ ഉപയോഗമാണ്. സൈബർ തട്ടിപ്പുകാർ അക്കൗണ്ട് ഉടമകളിൽനിന്ന് ചോർത്തുന്ന പണം താൽക്കാലികമായി നിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടാണ് ‘മ്യൂൾ അക്കൗണ്ട്’.
കള്ളപ്പണം വെളുപ്പിക്കാനും ഇത്തരം അക്കൗണ്ടുകൾ തുറക്കാറുണ്ട്. മറ്റൊരാളുടെ സമ്മതത്തോടെയോ അല്ലാതെയോ ഇത്തരം അക്കൗണ്ട് തുടങ്ങും. വളരെയധികം പരസ്പരബന്ധിതമായ ഈ അക്കൗണ്ടുകൾ വഴിയുള്ള ഫണ്ട് കൈമാറ്റം ഫണ്ടുകൾ കണ്ടെത്തുന്നതും വീണ്ടെടുക്കുന്നതും ബുദ്ധിമുട്ടാക്കുന്നു. മറ്റുള്ളവരുടെ കെ.വൈ.സിയോ വ്യാജ കെ.വൈ.സിയോ മ്യൂൾ അക്കൗണ്ട് തുടങ്ങാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് അഞ്ചു സംസ്ഥാനങ്ങളിലെ ബാങ്ക് ശാഖകളിൽ സി.ബി.ഐ നടത്തിയ പരിശോധനയിൽ എട്ടരലക്ഷം മ്യൂൾ അക്കൗണ്ട് കണ്ടെത്തിയിരുന്നു.
ഇത്തരം ഓരോ ഇടപാടും അറിയുകയും പരിശോധിക്കുകയുമാണ് മ്യൂൾ ഹണ്ടർ ചെയ്യുക. ഇടപാടിൽ ഏതെങ്കിലും സംശയം വന്നാലുടൻ ബാങ്കിനെ അലർട്ട് ചെയ്യും. ഇതോടെ ബാങ്കുകൾക്ക് ആ അക്കൗണ്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇടപാട് തത്സമയം പരിശോധിക്കാനാവും. ആർ.ബി.ഐ ഇന്നൊവേഷൻ ഹബ് സമയാസമയം മ്യൂൾ ഹണ്ടറിൽ പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർത്ത് പരിഷ്കരിക്കുന്നതിനാൽ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ രീതികൾ കണ്ടെത്താനും ജാഗ്രഡോനിർദേശം നൽകാനും സാധിക്കും.
.