മുനീർ അൽ വഫ: മാസ്റ്റർ ടെക്കി
text_fields1996ൽ കാസർകോട് ചെറുവത്തൂരിൽ, കമ്പ്യൂട്ടർ കേട്ട്കേൾവി മാത്രമുള്ള കാലഘട്ടത്തിൽ, സ്വന്തമായി ഒരു കമ്പ്യൂട്ടർ സെന്‍റർ സ്ഥാപിച്ചു കൊണ്ട് ബിസിനസ് പരമ്പരയിലേക്കുള്ള ചുവടുവെപ്പ്. ടെക്നോളജിയിലുള്ള അളവറ്റ ആവേശം; കാസര്‍കോടുകാരൻ മുനീറിന് ഇന്ന് ആളുകൾ മുനീർ അൽ വഫ എന്ന നാമം ചാർത്തിക്കൊടുത്തു. കടന്നുപോകുന്ന ഓരോ വഴികളിലും പരിഹരിക്കപ്പെടേണ്ടതായുള്ള എല്ലാ സമസ്യകൾക്കും നവയുഗത്തിന്‍റെ നാഡീമിടിപ്പായ ടെക്നോളജിയിലൂടെ പരിഹാരം കണ്ടെത്താനുള്ള അതി തീവ്ര പരിശ്രമം. അതുതന്നെയാണ് ഒരു ബിസിനസ് സാമ്രാജ്യം പടുത്തുയർത്താൻ പകർന്നു നൽകാൻ ഒരു യുവത്വത്തെ പര്യാപ്തമാക്കിയിരുന്നത്.
ദശകങ്ങൾക്കുമുന്നേ നിരന്തരം പത്താം തരത്തിൽ പരാജയപ്പെടുന്ന വിദ്യാർഥികൾ ഒസ്ഥിരം കാഴ്ചയായിരുന്നു. എന്നാൽ സ്കൂളുകളിൽ ചെന്ന് കുട്ടികളുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് വിദേശത്തുള്ള അവരുടെ രക്ഷിതാക്കളുമായി കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്തു. കുട്ടികളുടെ മേൽ അവരുടെ ശ്രദ്ധയും താൽപ്പര്യവും വർധിപ്പിക്കാൻ ഇത് വലിയ തോതിൽ ഇടയാക്കി. ഇതിനു വേണ്ടി 2001ൽ കേരള സ്റ്റുഡന്‍റ്സ് ഡോട് കോം എന്ന വെബ്‌സൈറ്റ് നിർമിച്ചത് വലിയൊരു നാഴികക്കല്ലായി. ഇതിനെ തുടർന്ന് യു.എ.ഇയിൽ റേഡിയോ ഇന്‍റർവ്യു ചെയ്തത് വഴി ഈ പദ്ധതി അനേകരിൽ എത്തുകയും സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു.
ഈ കാലഘട്ടത്തിൽ തന്നെയാണ് അൽ വഫ ഗ്രൂപ്പ് എന്ന സോഫ്റ്റ് വെയർ കമ്പനിക്ക് രൂപം നൽകുന്നതും. ഇടക്ക് കിട്ടുന്ന ഇടവേളകളിൽ റേഡിയോ ഇന്‍റർവ്യൂകളും ധാരാളമായി ചെയ്യാൻ തുടങ്ങി. ഐടി ഡോട് കോം എന്ന പേരിൽ 450ൽ പരം റേഡിയോ പ്രോഗ്രാമുകളും 100ൽ പരം ടിവി ഷോകളും ചെയ്ത് മുനീർ പ്രവാസി മലയാളികളുടെ ഹൃദയം കീഴടക്കി.
നാട്ടിലും വിദേശത്തും അൽ വഫയും അതിന്‍റെ പ്രവർത്തനവും ഒരുപോലെ വ്യാപിച്ചു. അൽ വഫക്കു കീഴിൽ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ മലയാളീകരിച്ച ഔദ്യോഗിക വെബ്സൈറ്റ് ‘എന്‍റെ ഡി.എസ്.എഫ്’ രൂപവത്കരിച്ചു. ദുബൈ സർക്കാർ അംഗീകാരം കൂടെ ലഭിച്ചപ്പോള്‍ കേരളത്തിൽ ദുബൈ ഫെസ്റ്റിവലിനു അപ്രതീക്ഷിതമായ സ്വീകാര്യത തന്നെ കിട്ടി. പതിയെ അൽ വഫ അതിന്‍റെ ഫോകസ് വിശാലമാക്കിയപ്പോള്‍ കോൾ ടെക്കീ, ഡായ്ഡൂ ഡോട് എ ഐ, എഡ്യു ഗ്ലൈഡ് എന്നീ വിഭിന്ന കമ്പനികളിലേക്ക് എളുപ്പം വളര്‍ന്നു.
ഇൻഫ്ലൂവെന്‍സർ, റേഡിയോ ഹോസ്റ്റിങ്, മോട്ടിവേറ്റർ, ടി.വി ഹോസ്റ്റ് തുടങ്ങി മള്‍ടി ടാസ്ക്കിങ് മുനീറിനെ വേണ്ട വിധം സമർഥനാക്കി മാറ്റിയെന്നത് വാസ്തവം. 500നടുത്തു ആളുകൾക്ക് തൊഴിൽ നൽകാനായത് കരിയറിലെ വലിയ അംഗീകാരങ്ങളിൽ ഒന്ന് മാത്രം. പ്രളയ സമയത്തു യ.എ.ഇ വിറങ്ങലിച്ചപ്പോള്‍ ‘റെയിൻ സപ്പോർട്ടീവ്’ ഗ്രൂപുകൾ നിർമിച്ച് ആയിരക്കണക്കിനു ആളുകളെ അതിലേക്ക് പങ്കാളികളാക്കി പതിനായിരക്കണക്കിനു ആളുകളിൽ നിന്ന് സഹായം ലഭ്യമാക്കുകയും ചെയ്ത ഒരു മഹാ സംവിധാനം സജ്ജമാക്കിയത് മുനീറിനു ഏറെ ജനപ്രീതി നേടിക്കൊടുത്തു. ഇക്കഴിഞ്ഞ വയനാട് ഉരുൾ പൊട്ടലിൽ ‘സപ്പോര്‍ട് വയനാട് ഡോട് കോം’ വെബ്സൈറ്റിനു പിറകിലെ അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണം നയിച്ചത് പ്രവാസികളുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ താൽക്കാലിക താമസത്തിന് വയനാട്ടുകാര്‍ക്കു വിട്ടുകൊടുക്കുന്നതിനായിരുന്നു.
പാഷനും പ്രൊഫഷനും മൂല്യബന്ധിതമായി നയിക്കാൻ തന്‍റെ ഉമ്മ പകര്‍ന്നു തന്ന പാഠങ്ങളാണ് ഇന്നും മുതൽക്കൂട്ടെന്നു മുനീർ അൽ വഫ പങ്കുവെക്കുന്നു. ആദ്യപുസ്തകമായ എ.ഐ ഫോർ ബിസിനസസ് പ്രകാശിതമാവാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് മുനീറിന്ന്. ഭാര്യ ഷാക്കിറ. സെല്ലു, സായിദ്, നാജി, ആദിൽ എന്നിവർ മക്കളാണ്. കൂട്ടത്തിൽ ഏഴോളം പൂച്ചക്കുട്ടികളും!