Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഐഫോണിനേക്കാൾ കനം...

ഐഫോണിനേക്കാൾ കനം കുറഞ്ഞ എഐ ഫോൺ നിർമിക്കാനൊരുങ്ങി മസ്കിന്‍റെ കമ്പനി; സ്മാർട്ട് ഫോൺ വിപണിയിയിലെ വമ്പൻമാരുമായി കൊമ്പുകോർക്കാൻ സ്പേസ് എക്സ് ഒരുങ്ങുകയാണോ?

text_fields
bookmark_border
https://www.madhyamam.com/tags/smart-phone
cancel

ഐഫോണിനേക്കാൾ കനം കുറഞ്ഞ എഐ ഫോൺ നിർമിക്കാനൊരുങ്ങുകയാണ് ഇലോൺ മസ്കിന്‍റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സ്. ഇത് സ്മാർട്ട് ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുക. ഒരു ഹാൻഡ്‌ഹെൽഡ് എഐ ഉപകരണം സ്പേസ് എക്സ് വികസിപ്പിക്കുന്നുവെന്ന വാർത്തയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പനക്ക് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട നിക്ഷേപകർക്കും സ്റ്റോക്ക് ഹോൾഡർമാർക്കും ഈ ഉപകരണം പ്രദർശിപ്പിച്ചതായി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ വാർത്ത പൂർണ്ണമായും തെറ്റാണെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മസ്ക് ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞത്. ഐഫോണിനേക്കാൾ കനം കുറഞ്ഞതും, ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്നതുമായ ഒരു ഉപകരണമാണ് സ്പേസ് എക്സ് വികസിപ്പിക്കുന്നതെന്നായിരുന്നു റിപ്പോർട്ടിലെ അവകാശവാദം. നേരത്തെ സ്പേസ് എക്സ് ഒരു സ്മാർട്ട്ഫോൺ നിർമ്മിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത്തരം വാർത്തകൾ മസ്ക് അപ്പോളും നിഷേധിച്ചിരുന്നു.

സ്റ്റാർലിങ്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ഉപകരണം ഭാവിയിൽ സാധ്യമാണെന്ന് സമ്മതിക്കുമ്പോളും നിലവിൽ അത്തരമൊരു ഫോൺ നിർമ്മിക്കുന്നില്ലെന്ന് അദ്ദേഹം ആവർത്തിക്കുകയാണ്. എന്നാൽ കഴിഞ്ഞകാലങ്ങളിൽ മസ്ക് നിഷേധിച്ച പല കാര്യങ്ങളും പിന്നീട് സത്യമായി മാറിയിട്ടുണ്ട്. അതിനാൽ പുതിയ എഐ ഉപകരണത്തെക്കുറിച്ചുള്ള മസ്കിന്റെ പ്രസ്താവനയിലും സംശയം ബാക്കിയാണെന്ന് നിരീക്ഷകർ കരുതുന്നു.

റിപ്പോർട്ടുകൾ അനുസരിച്ച് എഐ സാങ്കേതിക വിദ്യക്ക് മുൻതൂക്കം നൽകുന്ന ഒരു ഹാൻഡ്‌ഹെൽഡ് ഉപകരണമാണിത്. നിലവിലുള്ള ഐഫോണുകളേക്കാൾ കനംകുറഞ്ഞതായിരിക്കും ഇവ. ഒരു ടച്ച് ഫോണിന്‍റെയും എഐ അസിസ്റ്റന്‍റിന്‍റെയും മിശ്ര രൂപമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പേസ് എക്സ് സ്വന്തമായി വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവർത്തിക്കുക.

ഒരു ഹാൻഡ്‌ഹെൽഡ് ഉപകരണം സ്റ്റാർലിങ്ക് സാറ്റലൈറ്റുകളുമായും 5ജി നെറ്റ്‌വർക്കുകളുമായും ബന്ധിപ്പിക്കുന്നത് സാങ്കേതികമായി സാധ്യമാണ്. എന്നാൽ പെർഫോമൻസ്, പവർ ഉപഭോഗം, വിശ്വാസ്യത എന്നിവ ഒത്തുപോകുന്ന ഒരു മോഡം നിർമ്മിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ആപ്പിൾ, ഗൂഗിൾ, സാംസങ് തുടങ്ങിയ വമ്പൻമാരുമായി മത്സരിക്കാൻ സ്പേസ് എക്സ് തയ്യാറെടുക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.

Show Full Article
TAGS:Elon Musk iPhone Space X smart phone 
News Summary - Musk's company is preparing to build an AI phone that is thinner than the iPhone
Next Story