സിംകാർഡ് ഇല്ലെങ്കിൽ വാട്സ് ആപ്പ് ഇല്ല: മാർച്ച്1 മുതൽ ഇന്ത്യയിൽ സിം ബൈൻഡിങ് നിയമം നിലവിൽ വരും
text_fieldsമാർച്ച്1 മുതൽ ഇന്ത്യയിൽ മെസേജിങ് ആപ്പുകൾക്ക് പുതിയ സിം ബൈൻഡിങ് നിയമം നിലവിൽ വരുന്നു. സൈബർ തട്ടിപ്പുകൾ തടയുന്നതിന്‍റെ ഭാഗമായാണ് ടെലികോം വകുപ്പ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. വാട്സ് ആപ്പ്,ടെലിഗ്രം,സ്നാപ് ചാറ്റ് ,ഷെയർ ചാറ്റ്,ജോഷ് തുടങ്ങി ആപ്പുകളൊന്നും ആക്ടീവ് സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കില്ല.
സിംകാർഡ് ഉണ്ടെങ്കിൽ മാത്രമേ സേവനങ്ങൾ പ്രവർത്തിക്കുന്നുളളു എന്ന് ഉറപ്പാക്കാൻ നവംബർ 28ന് ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗികമായി നിർദേശിച്ചിരുന്നു. ഉത്തരവ് പാലിക്കാൻ 90 ദിവസത്തെ സമയം നൽകിയിരുന്നു. ഫെബ്രുവരി 28 ന് അവസാനിക്കുന്ന സമയപരിധി,120 ദിവസത്തിനുളളിൽ ഒരു കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച് 1 മുതൽ പ്രബല്യത്തിൽ വരും. ടെലി കമ്യൂണിക്കേഷൻ ഭേദഗതി നിയമപ്രകാരമാണ് കേന്ദ്രസർക്കാർ നടപടി.
ഡിജിറ്റൽ അറസ്റ്റ് പോലുളള സാമ്പത്തിക തട്ടിപ്പുകളും സിം സ്വാപ്പിംങ് വഴിയുളള ക്രമക്കേടുകളും ഇല്ലാതാക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. നിലവിൽ ഒരു തവണ ഒ.ടി.പി വഴി ലോഗിൻ ചെയ്താൽ സിം കാർഡ് മാറ്റിയാലും വാട്സ് ആപ്പ് പ്രവർത്തിക്കുമായിരുന്നു. എന്നാൽ ഇനി മുതൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോാണിൽ നിന്ന് മാറ്റുകയോ അക്കൗണ്ട് കാലാവധി കഴിയുകയോ ചെയ്താൽ വാട്സ് ആപ്പ് ഉടനെ പ്രവർത്തന രഹിതമാകും. നിങ്ങളുടെ പ്രൈമറി ഫോണിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡ് എപ്പോഴും ഉണ്ടായിരിക്കണം.
വെബ് ബ്രൗസറുകൾ വഴി ലോഗ് ഇൻ ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്. കംപ്യൂട്ടറിലോ മറ്റ് ഉപകരണങ്ങളിലോ ഉപയോഗിക്കുന്നവർ ഓരോ 6 മണിക്കൂർ കൂടുമ്പോഴും വീണ്ടും ലോഗിൻ ചെയ്യേണ്ടി വരും. ഉപയോക്താക്കൾ ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ആപ്പിൽ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനവും നിലവിൽ വരും. തുടർന്ന് ഉപയോഗിക്കാൻ വീണ്ടും ക്യൂ.ആർ കോഡ് വഴി വെരിഫിക്കേഷൻ നടത്തേണ്ടി വരും. +91 എന്ന കോഡിൽ നിന്നും തുടങ്ങുന്ന ഇന്ത്യൻ ഫോൺനമ്പറുകൾക്ക് മാത്രമാണ് നിലവിൽ നിയമം ബാധകമാകുന്നത്.


