കുടിയേറ്റം രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ, ലോകത്തിലെ പ്രഗത്ഭർ യു.എസിലേക്ക് വരണം; എച്ച്-1ബി വിസ ഫീസ് വർധനവിൽ ആൾട്ട്മാനും ഹുവാങ്ങും
text_fieldsഎച്ച്-1ബി വിസ ഫീസ് വർധനവിൽ ആൾട്ട്മാനും ഹുവാങ്ങും
എച്ച്-1ബി വിസ ഫീസ് വർധനവിൽ ശക്തമായി വിമർശിച്ച് എൻവിഡിയ സി.ഇ.ഒ ജെൻസെൻ ഹുവാങ്ങും ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാനും. എച്ച്-1ബി വിസ ഫീസ് ഓരോ അപേക്ഷക്കും 100,000 ഡോളറായി ഉയര്‍ത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനത്തിലാണ് ഇരുവരും അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. എല്ലാ പ്രഗത്ഭരായ വ്യക്തികളും യു.എസിലേക്ക് വരണമെന്നാണ് ആഗ്രഹമെന്ന് ഹുവാങ് പറഞ്ഞു. കുടിയേറ്റം അമേരിക്കൻ സ്വപ്നത്തിന്റെ അടിത്തറയാണെന്നത് ഓർമിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ അമേരിക്കൻ സ്വപ്നത്തെ പ്രതിനിധീകരിക്കുന്നു. കുടിയേറ്റം ഞങ്ങളുടെ കമ്പനിയുടെയും നമ്മുടെ രാജ്യത്തിന്റെ ഭാവിയുടെയും വളരെ പ്രധാനപ്പെട്ട ഘടകമാണെന്നും ഹുവാങ് അഭിപ്രായപ്പെട്ടു. ഓപൺ എ.ഐയിൽ എൻവിഡിയ 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹുവാങ്ങ് ഡോണാൾഡ് ട്രംപിന്‍റെ നയത്തിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചിപ്പ് നിർമാണം എന്നിവയിലെ മുൻനിര പ്രതിഭകൾക്കുള്ള ആവശ്യകതയുടെ തോത് ഇത് അടിവരയിടുന്നു.
സാം ആൾട്ട്മാനും സമാനമായ രീതിയിലാണ് വിഷയത്തിൽ പ്രതികരിച്ചത്. സംവിധാനം കാര്യക്ഷമമാക്കാനുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമായാണ് ഫീസ് വര്‍ധനയെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'രാജ്യത്തെ ഏറ്റവും മിടുക്കരായ ആളുകളെ നമുക്ക് ആവശ്യമുണ്ട്. ആ പ്രക്രിയ കാര്യക്ഷമമാക്കുന്നതും സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്‍കുന്നതും നല്ലതായി എനിക്ക് തോന്നുന്നു. ഫീസ് ഉയര്‍ന്നതാണെങ്കിലും ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന അടിസ്ഥാന ലക്ഷ്യം യു.എസ് ടെക് മേഖലയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഓപൺ എ. ഐയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. നൂതന ഡാറ്റാ സെന്റര്‍ ചിപ്പുകളുടെ കൈമാറ്റം സംബന്ധിച്ചും കമ്പനികൾ തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.
1990കളിലാണ് യു.എസ് എച്ച്-വൺ ബി വിസ സമ്പ്രദായം ആരംഭിച്ചത്. ലോകത്തുടനീളമുള്ള ഉയർന്ന വൈദഗ്ധ്യമുള്ള പ്രഫഷനലുകളെ അമേരിക്കയിലെ ടെക്നോളജി മേഖലയിലേക്ക് ആകർഷിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. അന്ന് എച്ച്-വൺ ബി വിസയിൽ യു.എസിലെത്തിയവരിൽ പലരും ടെക് മേഖലയിലെ പ്രമുഖരായി മാറിയിട്ടുണ്ട്. അതിലെ ഇലോൺ മസ്കും സുന്ദർ പിച്ചൈയും സത്യ നദല്ലയുമൊക്കെ അവരിൽ ചിലർ മാത്രമാണ്