നോക്കിയയിൽ വമ്പൻ നിക്ഷേപവുമായി എൻവിഡിയ; പതിറ്റാണ്ടിലെ ഉയർന്ന വിലയിൽ ഓഹരിയുടെ കുതിപ്പ്
text_fieldsപ്രതീകാത്മക ചിത്രം
സ്റ്റോക്ഹോം: ഫിന്നിഷ് ടെലികോം കമ്പനിയായ നോക്കിയയിൽ വമ്പൻ നിക്ഷേപവുമായി എൻവിഡിയ. ഒരുബില്യൺ യു.എസ് ഡോളർ ചിലവിൽ നോക്കിയയുടെ 2.9 ശതമാനം ഓഹരികൾ വാങ്ങാനാണ് കമ്പനിയുടെ നീക്കം.
വാർത്ത പുറത്തുവന്നതിന് പിന്നാലെ നോക്കിയയുടെ ഓഹരികൾ വിപണിയിൽ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. എ.ഐ, ഡാറ്റാ സെന്ററുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കരാറെന്ന് എൻവിഡിയ വെളിപ്പെടുത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നെറ്റ്‌വർക്കിംഗ് സൊല്യൂഷനുകളിൽ കമ്പനികൾ സഹകരിക്കുമെന്നും എൻവിഡിയയുടെ ഭാവിയിലെ എ.ഐ ഇൻഫ്രാസ്ട്രക്ചർ പ്ലാനുകളിൽ തങ്ങളുടെ ഡാറ്റ സെന്റർ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുമെന്നും നോക്കിയ പറഞ്ഞു.
എ.ഐ സാങ്കേതിക വിദ്യയുടെ വേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത് 2030 ആകുമ്പോഴേക്കും ഡാറ്റാ സെന്ററുകൾക്കായുള്ള ആകെ മൂലധന ചെലവ് 1.7 ട്രില്യൺ ഡോളർ കവിയുമെന്ന് കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി കണക്കാക്കുന്നു.
ഡാറ്റാ സെന്ററുകൾക്കുള്ള ചിപ്പുകൾ വിതരണം ചെയ്യുന്നതിൽ എൻവിഡിയക്ക് ഏതാണ്ട് അപ്രമാദിത്വമുണ്ട്. ചാറ്റ് ജി.പി.ടി നിർമാതാക്കളായ ഓപൺ എ.ഐ മുതൽ മൈക്രോസോഫ്റ്റ് വരെയുള്ള കമ്പനികളുമായി കമ്പനിക്ക് നിലവിൽ വ്യാപാര പങ്കാളിത്തമുണ്ട്. 6ജി സാങ്കേതിക വിപ്ളവത്തിന്റെ കേന്ദ്രമാക്കി യു.എസിനെ മാറ്റാൻ നോക്കിയയുമായുള്ള സഹകരണം വഴിവെക്കുമെന്ന് എൻവിഡിയ സി.ഇ.ഒ ജെൻസൺ ഹുവാങ് പറഞ്ഞു.
കരാർ പ്രഖ്യാപനത്തിന് ശേഷം നോക്കിയയുടെ ഓഹരികൾ 20.86 ശതമാനമാണ് കുതിച്ചത്. 2016 ജനുവരി അവസാനത്തിലാണ് അവസാനമായി നോക്കിയ ഈ വിലയിൽ എത്തിയത്.
നിക്ഷേപത്തോടെ നോക്കിയയിലെ രണ്ടാമത്തെ വലിയ ഓഹരി പങ്കാളിയായി എൻവിഡിയ മാറും. 6ജി സാങ്കേതികവിദ്യകൾക്കായി അടുത്ത വർഷം മുതൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് നോക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
എൻവിഡിയയ്‌ക്കായി 166,389,351 പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.


