Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപെന്റഗൺ കരാറിൽ...

പെന്റഗൺ കരാറിൽ വിയോജിപ്പ്; ഓപ്പൺ എ.ഐ റോബോട്ടിക്സ് മേധാവി കെയ്റ്റ്ലിൻ കാലിനോവ്സ്കി രാജിവെച്ചു

text_fields
bookmark_border
പെന്റഗൺ കരാറിൽ വിയോജിപ്പ്; ഓപ്പൺ എ.ഐ റോബോട്ടിക്സ് മേധാവി കെയ്റ്റ്ലിൻ കാലിനോവ്സ്കി രാജിവെച്ചു
cancel

ഓപ്പൺ എ.ഐയുടെ റോബോട്ടിക്സ് വിഭാഗം മേധാവി കെയ്റ്റ്ലിൻ കാലിനോവ്സ്കി കമ്പനിയിൽ നിന്ന് രാജിവെച്ചു. യു.എസ് പ്രതിരോധ വകുപ്പുമായി ഓപ്പൺ എ.ഐ ഒപ്പുവെച്ച കരാറിനെച്ചൊല്ലിയുള്ള ആശങ്കകളാണ് രാജിക്കുള്ള പ്രധാന കാരണം. മാർച്ച് ഏഴിന് എക്സിലൂടെയാണ് കെയ്റ്റ്ലിൻ രാജി പ്രഖ്യാപിച്ചത്. പെന്റഗണിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ക്ലൗഡ് നെറ്റ്‌വർക്കുകളിൽ തങ്ങളുടെ എ.ഐ മോഡലുകൾ വിന്യസിക്കാൻ തീരുമാനമെടുത്തപ്പോൾ മതിയായ ചർച്ചകൾ നടത്തിയില്ലെന്ന് കാലിനോവ്സ്കി വിമർശിച്ചു.

‘ദേശീയ സുരക്ഷയിൽ എ.ഐക്ക് വലിയ പങ്കുണ്ട്. എന്നാൽ, ജുഡീഷ്യൽ മേൽനോട്ടമില്ലാത്ത നിരീക്ഷണവും, മനുഷ്യന്റെ നിയന്ത്രണമില്ലാത്ത സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങളും ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. ഇത് വ്യക്തിപരമായ പ്രശ്നമല്ല, തത്വങ്ങളെക്കുറിച്ചുള്ള നിലപാടാണെന്നും കെയ്റ്റ്ലിൻ കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ സമാനമായ നിലപാട് നേരത്തെ അന്ത്രോപിക് എന്ന കമ്പനിയും സ്വീകരിച്ചിരുന്നു. ആഭ്യന്തര നിരീക്ഷണത്തിനും സ്വയം പ്രവർത്തിക്കുന്ന ഡ്രോണുകൾക്കും തങ്ങളുടെ എ.ഐ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതിനെത്തുടർന്ന് യു.എസ് പ്രതിരോധ വകുപ്പുമായുള്ള അവരുടെ കരാർ അവസാനിപ്പിച്ചിരുന്നു.

ആദ്യം ഈ കരാർ പ്രഖ്യാപിച്ച രീതിയിൽ പിഴവുണ്ടായെന്നും അത് അവസരവാദപരമായ നീക്കമായി തോന്നിയെന്നും ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ സമ്മതിച്ചിരുന്നു. തുടർന്ന്, തങ്ങളുടെ എ.ഐ ആയുധങ്ങൾക്കോ ആഭ്യന്തര നിരീക്ഷണത്തിനോ ഉപയോഗിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുകയും കരാറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.

2024 നവംബറിൽ ഓപ്പൺ എ.ഐയിൽ ചേരുന്നതിന് മുമ്പ് മെറ്റയിൽ ഹാർഡ്‌വെയർ എക്സിക്യൂട്ടീവായിരുന്നു കെയ്റ്റ്ലിൻ കാലിനോവ്സ്കി. മെറ്റയുടെ അത്യാധുനിക 'ഓറിയോൺ' എ.ആർ ഗ്ലാസുകളുടെയും, ഒക്കുലസ് വി.ആർ ഹെഡ്‌സെറ്റുകളുടെയും നിർമാണത്തിൽ നിർണ്ണായക പങ്ക് വഹിച്ച കെയ്റ്റ്ലിൻ അതിനുമുമ്പ് ആപ്പിളിൽ മാക്ബുക്ക് രൂപകല്പനയിലും പ്രവർത്തിച്ചിട്ടുണ്ട്. ജോണി ഐവുമായി ചേർന്ന് ഓപ്പൺ എ.ഐ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന എ.ഐ ഹാർഡ്‌വെയർ നിർമാണത്തിനിടയിലാണ് കെയ്റ്റ്ലിന്‍റെ രാജി. ഇത് കമ്പനിയുടെ ഭാവി പദ്ധതികൾക്ക് ഒരു തിരിച്ചടിയായേക്കാം.

Show Full Article
TAGS:Open AI robotics Artificial Intelligence National Security 
News Summary - OpenAI's robotics chief resigns over Pentagon AI contract
Next Story