
ബി.ജി.എം.ഐ-ക്ക് ഇന്ത്യയിൽ വീണ്ടും പൂട്ട് വീണേക്കാം...; ഇതാണ് കാരണം !
text_fieldsപ്ലെയർ അൺനൗൺ ബാറ്റിൽ ഗ്രൗണ്ട് അഥവാ ‘പബ്ജി മൊബൈൽ’ ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ അവതരിപ്പിച്ച ഗെയിമായിരുന്നു ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (BGMI). ചൈനീസ് കമ്പനിയായ ടെൻസെൻ്റ് വികസിപ്പിച്ച പബ്ജി മൊബൈലിൻ്റെ ഒരു വകഭേദമാണ് ബിജിഎംഐ. എന്നാൽ, പബ്ജിയുടെ ചൈനീസ് വേരുകൾ പിഴുതെറിഞ്ഞ് ഇന്ത്യക്കാർക്ക് വേണ്ടി മാത്രമായി പ്രത്യേകം നിർമിച്ച ഗെയിം എന്നായിരുന്നു അവകാശവാദം. അതേസമയം, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൊബൈൽ ഗെയിമായ ബിജിഎംഐ-യും നിലവിൽ നിരോധന ഭീഷണിയിലാണ്.
ന്യൂസ് 18 പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഉപയോക്തൃ ഡാറ്റ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ ബിജിഎംഐ കേന്ദ്ര സർക്കാരിന്റെ പരിശോധനയിലാണ്. കേന്ദ്ര സർക്കാരിൻ്റെ സൈബർ സെക്യൂരിറ്റി ഡിവിഷനിലെ (നിയമ നിർവ്വഹണ വകുപ്പ്) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആപ്പിന്റെ പ്രവർത്തനം നിർത്തിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
ബിജിഎംഐ വഴി പരിചയപ്പെട്ട ഇന്ത്യക്കാരൻ കാമുകനെ കാണാൻ പാകിസ്ഥാൻ സ്വദേശിനിയായ സീമ ഹൈദർ ഇന്ത്യയിലേക്ക് വന്ന സംഭവവും സർക്കാരിന് വലിയ ആശങ്കയുണ്ടാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. യു.പി സ്വദേശിയായ സച്ചിൻ മീണയുമൊത്ത് ജീവിക്കാൻ തന്റെ നാല് കുട്ടികൾക്കൊപ്പമായിരുന്നു സീമ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയത്.
മറ്റ് സ്ഥാപനങ്ങൾക്ക് ലൊക്കേഷനും ഉപയോക്തൃ ഡാറ്റയും ചൂഷണം ചെയ്യാൻ കഴിയുമെന്ന അഭിപ്രായമുയരുന്നതിനാൽ ഇത് സർക്കാരിൽ ആശങ്ക ഉയർത്തുന്നുണ്ട്. രാജ്യത്തുടനീളം കോടിക്കണക്കിന് ആളുകൾ ഗെയിം കളിക്കുന്നതിനാൽ ഈ ചൂഷണങ്ങൾ ഒരു വലിയ സൈബർ ആക്രമണത്തിനും കാരണമായേക്കാം. അതേസമയം, റിപ്പോർട്ടുകൾ പ്രകാരം, ഈ വിഷയം ചർച്ച ചെയ്യാനായി കേന്ദ്ര സംഘം ഒരു യോഗം വിളിച്ചിട്ടുണ്ട്, ഇന്ത്യയിലെ ബിജിഎംഐയുടെ ഭാവി ആ യോഗത്തിലാകും നിർണ്ണയിക്കുക.