വെറും 6 മണിക്കൂർ റെയിൽവേ സ്റ്റേഷൻ റെഡി!
text_fieldsഒരു റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ എത്ര വർഷമെടുക്കും? ചോദ്യം ജപ്പാൻകാരോടാണെങ്കിൽ അവർ പറയും വെറും ആറു മണിക്കൂർ എന്ന്. പറയുക മാത്രമല്ല, ആറു മണിക്കൂറുകൊണ്ട് റെയിൽവേ സ്റ്റേഷൻ നിർമിച്ച് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ജപ്പാൻകാർ. ജപ്പാനിലെ പ്രമുഖ റെയിൽവേ ഓപറേറ്ററായ വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയാണ് 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറുകൾകൊണ്ട് റെയിൽവേ സ്റ്റേഷൻ നിർമിച്ചത്. ലോകത്തിലെ ഈ ആദ്യ ത്രീഡി പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ വന്നിരിക്കുന്നത് ഹറ്റ്സുഷിമയിലാണ്.
1948ൽ നിർമിച്ച പഴയ റെയിൽവേ സ്റ്റേഷനാണ് പുതിയ മുഖം കൈവരിച്ചിരിക്കുന്നത്. ശരാശരി 530 യാത്രക്കാർ ഉപയോഗിക്കുന്ന ഈ സ്റ്റേഷനിലെ ഒരു ദിവസത്തെ അവസാന ട്രെയിൻ പോയശേഷം ആരംഭിച്ച നിർമാണം പിറ്റേന്ന് ആദ്യ ട്രെയിൻ ഓടിത്തുടങ്ങും മുമ്പ് പൂർത്തിയാക്കാനായി. ഹറ്റ്സുഷിമയിൽനിന്ന് ഏകദേശം 500 മൈൽ തെക്കു പടിഞ്ഞാറ് മാറി കുമാമോട്ടോ പ്രിഫെക്ചറിലെ ഒരു അത്യാധുനിക ഫാക്ടറിയിലാണ് റെയിൽവേ സ്റ്റേഷന്റെ ഭാഗങ്ങൾ നിർമിച്ചത്. പിന്നീട് ഇവ ഹറ്റ്സുഷിമയിലെത്തിച്ച് കൂട്ടിച്ചേർക്കുകയായിരുന്നു.
സ്റ്റേഷന്റെ പ്രധാന ഘടന പൂർത്തിയായെങ്കിലും ഇന്റീരിയർ ജോലികളും ടിക്കറ്റ് മെഷീനുകൾ, സ്മാർട്ട് കാർഡ് റീഡറുകൾ, യാത്രക്കാർക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും തുടരുകയാണ്. 2025 ജൂലൈയിൽ സ്റ്റേഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഇനി ഇത് എങ്ങനെയാണ് സാധ്യമാക്കിയതെന്ന് നോക്കാം. ഒരു ഡിജിറ്റൽ ഡിസൈൻ അടിസ്ഥാനമാക്കി മെറ്റീരിയലുകളെ പാളികളായി അടുക്കി ത്രീ ഡൈെമൻഷനൽ വസ്തുക്കൾ നിർമിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ത്രീഡി പ്രിന്റിങ് അഥവാ അഡിറ്റീവ് മാനുഫാക്ചറിങ്. പരമ്പരാഗത നിർമാണ രീതികളിൽ നിന്ന് വ്യത്യസ്തമായി, ത്രീഡി പ്രിന്റിങ്ങിൽ സങ്കീർണമായ ഡിസൈനുകൾ വേഗത്തിൽ നിർമിച്ചെടുക്കാനാകും. ഈ സ്റ്റേഷന്റെ നിർമാണത്തിന്, കോൺക്രീറ്റിന് സമാനമായ പ്രത്യേക മെറ്റീരിയലുകൾ ഉപയോഗിച്ച് ഘടനാപരമായ ഭാഗങ്ങൾ വലിയ തോതിലുള്ള ത്രീഡി പ്രിന്ററുകൾ വഴി രൂപപ്പെടുത്തിയിട്ടുണ്ട്.
പരമ്പരാഗത രീതികളെ അപേക്ഷിച്ച് നിർമാണ സമയവും ചെലവും ഗണ്യമായി കുറക്കാൻ കഴിയമെന്നത് ത്രീഡി പ്രിന്റിങ്ങിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. നിർമാണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഈ സാങ്കേതികവിദ്യയുടെ വേഗത, കൃത്യത, പരിസ്ഥിതി സൗഹൃദ സ്വഭാവം എന്നിവമൂലം ഭാവിയിൽ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾ കുറഞ്ഞ സമയംകൊണ്ട് പൂർത്തിയാക്കാൻ ഇത് ഉപയോഗിക്കപ്പെടുമെന്നുറപ്പാണ്.