Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right25 ലക്ഷം മുടക്കി...

25 ലക്ഷം മുടക്കി യുവാക്കൾ നിർമിച്ചെടുത്ത സ്മാർട്ട് ജിം; ആഗോള ശ്രദ്ധ നേടി അറോലീപ് എക്സ്

text_fields
bookmark_border
25 ലക്ഷം മുടക്കി യുവാക്കൾ നിർമിച്ചെടുത്ത സ്മാർട്ട് ജിം; ആഗോള ശ്രദ്ധ നേടി അറോലീപ് എക്സ്
cancel

ചെറിയ ഫ്ലാറ്റുകളിലും വീടുകളിലും ജിം ഒരുക്കാൻ ആവശ്യമായ സ്ഥലമില്ലെന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഈ പ്രതിസന്ധിക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് നാല് ഐ.ഐ.ടി ബിരുദധാരികൾ. ചുമരിൽ ഘടിപ്പിക്കാവുന്ന സ്മാർട്ട് ഹോം ജിം ഉപകരണമായ 'അറോലീപ് എക്സ്' ആണ് ഇവർ വികസിപ്പിച്ചത്. വ്യവസായി ആനന്ദ് മഹീന്ദ്രയുടെ പ്രശംസ നേടിയ ഈ സംരംഭത്തിന് ആഗോള വിപണിയിൽ വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അമൻ റായ്, അനുരാഗ് ദാനി, രോഹിത് പട്ടേൽ, അമൽ ജോർജ് എന്നിവരാണ് ഈ നൂതന കണ്ടുപിടിത്തത്തിന് പിന്നിൽ. ജോലിത്തിരക്കിനിടയിൽ പതിവായി ജിമ്മിൽ പോകാൻ കഴിയാത്ത പ്രതിസന്ധിയും താമസിക്കുന്ന സ്ഥലത്തെ പരിമിതികളും ഇവർ നേരിട്ടിരുന്നു. വാടകവീട്ടിൽ താമസിച്ചിരുന്ന ഇവർക്ക് ഉപകരണങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ കഴിയാതെ വന്നപ്പോഴാണ് ഈ ആശയം നാല് പേരും മുന്നോട്ടുവെച്ചത്. റോബോട്ടിക്സ് രംഗത്ത് പരിചയമുള്ള രോഹിത് പട്ടേലും അമൽ ജോർജും ഈ പ്രശ്നത്തിന് സാങ്കേതിക പരിഹാരം കണ്ടെത്തുകയും ചെയ്തു.

ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ഭാരങ്ങൾക്ക് പകരം മോട്ടോറുകൾ ഉപയോഗിക്കാമെന്ന ആശയമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. സാധാരണ ഡംബെല്ലുകളും വെയ്റ്റ് പ്ലേറ്റുകളും ഉപയോഗിക്കുന്നതിന് പകരം ഡിജിറ്റൽ വെയ്റ്റ് സംവിധാനം വികസിപ്പിച്ചെടുക്കുക. ഏകദേശം 15 പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിനായി ഏകദേശം 25 ലക്ഷം രൂപയാണ് ഇവർ നിക്ഷേപിച്ചത്. പിന്നാലെ 2020ൽ 'അറോലീപ് ഫിറ്റ്നസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ കമ്പനി രൂപീകരിച്ചു.

കോവിഡ് കാലത്തും ഇവർ ഗവേഷണങ്ങൾ തുടർന്നു. ആദ്യം വികസിപ്പിച്ചെടുത്ത ഉപകരണം സുഹൃത്തുക്കളിലും സാധ്യതയുള്ള ഉപഭോക്താക്കളിലും പരീക്ഷിച്ചു. ഇവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് രൂപകൽപനയിൽ മാറ്റങ്ങൾ വരുത്തിയത്.

നിക്ഷേപകരെ കണ്ടെത്തുകയായിരുന്നു അടുത്ത വെല്ലുവിളി. ഇതിനായി രോഹിത് പട്ടേൽ സെറോധ സഹസ്ഥാപകൻ നിതിൻ കാമത്തിനെ സമീപിച്ചു. ബെംഗളൂരുവിലെ ഇവരുടെ അപ്പാർട്ട്മെന്റിലെത്തി ഉപകരണം പരീക്ഷിച്ച കാമത്ത് ആശയത്തിൽ താൽപര്യം പ്രകടിപ്പിച്ചത് ഏറെ പ്രതീക്ഷ നൽകി.

2022 മേയിലാണ് അറോലീപ് എക്സ് വിപണിയിലെത്തിയത്. ഏകദേശം നാലടി നീളവും രണ്ടടി വീതിയുമുള്ള ഈ ഉപകരണം ലംബമായി ചുമരിൽ ഘടിപ്പിക്കാം. സാധാരണ ജിമ്മുകളിൽ കാണുന്ന ഭാരമുള്ള ഉപകരണങ്ങൾ വാങ്ങുകയോ അവ സൂക്ഷിക്കാൻ പ്രത്യേക മുറി മാറ്റിവെക്കുകയോ വേണ്ടതില്ലെന്നാണ് അറോലീപിന്റെ പ്രത്യേകത.

150ലേറെ വ്യായാമങ്ങൾ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. വ്യായാമത്തിനിടെ ചലനങ്ങളും മറ്റും നിരീക്ഷിച്ച് പരിശീലനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുന്ന സംവിധാനവും ഇതിലുണ്ട്. തുടക്കക്കാർക്കും അല്ലാത്തവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഉപകരണം രൂപകൽപന ചെയ്തിരിക്കുന്നത്.

2024 ഒക്ടോബറിലാണ് ആനന്ദ് മഹീന്ദ്ര അറോലീപ് എക്സിന്റെ വിഡിയോ എക്സിൽ പങ്കുവെച്ച ശേഷം നാല് പേരെയും അഭിനന്ദിച്ചത്. ആഗോള സാധ്യതയുള്ള ഉൽപന്നമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറിയ അപ്പാർട്ട്മെന്റുകൾക്കു പുറമെ ബിസിനസ് യാത്രക്കാർ താമസിക്കുന്ന ഹോട്ടൽ മുറികളിലും ഈ ഉപകരണം പ്രയോജനപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gym life` TECH 
News Summary - Aroleap X Digital Fitness Tech
Next Story