മാറ്റത്തിനൊരുങ്ങി സ്നാപ്ചാറ്റ്; ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ ഇനി മുതൽ പണം നൽകണം
text_fieldsപ്രമുഖ വീഡിയോ ഫോട്ടോ ഷെയറിങ്ങ് ആപ്പായ സ്നാപ്ചാറ്റ് ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ ഇനി മുതൽ പണം ഈടാക്കും. 2016ൽ സ്നാപ്ചാറ്റ് അവതരിപ്പിച്ചതു മുതൽ ഇതുവരെയും ഉപയോക്താക്കൾ പോസ്റ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സ്നാപ്ചാറ്റ് ഉപയോക്താക്കൾ അവരുടെ സ്നാപ്പ് സ്റ്റോറേജ് അഞ്ച് ജിഗാബൈറ്റിനേക്കാൾ കൂടുതലാണെങ്കിൽ അത് സൂക്ഷിക്കുന്നതിനു നിശ്ചിത തുക നൽകേണ്ടി വരും.
സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ ഉപയോക്താക്കളിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേദമാണ് ഈ മാറ്റത്തിനെതിരെ ഉണ്ടാവുന്നത്. 24 മണിക്കൂർ നേരത്തേക്ക് കാണാൻ കഴിയുന്ന ഉപയോക്താക്കൾ ഷെയർ ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എല്ലാ കാലത്തേക്കും സേവ് ചെയ്ത് സൂക്ഷിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് മെമ്മറീസ്. ഒരു ട്രില്യണിലധികം മെമ്മറികൾ സാനാപ്ചാറ്റ് ഇങ്ങനെ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അഞ്ച് ജിബിക്ക് മുകളിൽ സ്നാപ് സ്റ്റോറേജ് സൂക്ഷിക്കുന്നവർ ഇനി മുതൽ ഗൂഗിൾ ക്ലൗഡിനോ ഐക്ലൗഡിനോ പണം നൽകുന്നതു പോലെ സ്നാപ്ചാറ്റിനും പണം നൽകേണ്ടി വരും. അഞ്ച് ജിബിയിൽ കൂടുതൽ മെമ്മറിയുള്ള ഉപയോക്താക്കൾക്കായി പുതിയ മെമ്മറി സ്റ്റോറേജ് പ്ലാനുകൾ പ്രഖ്യാപിക്കുന്ന ഒരു ബ്ലോഗ് പോസ്റ്റ് സ്നാപ്ചാറ്റ് പങ്കിട്ടിട്ടുണ്ട്. മെമ്മറി സ്റ്റോറേജ് പ്ലാനുകളിൽ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണ് ഉള്ളത്. 100 GB, 256 GB, 5TB സ്റ്റോറേജ് എന്നിവയാണ് പുതിയ സ്റ്റോറേജ് ഓപ്ഷനുകൾ.
നിരക്കുകളെ കുറിച്ച് കമ്പനി വ്യക്തമായ മറുപടി നൽകിയിട്ടില്ലെങ്കിലും നിലവിലെ റിപ്പോർട്ടുകളനുസരിച്ച് 100 GBയുടെ വില പ്രതിമാസം 1.99 യു.എസ് ഡോളർ, ഏകദേശം 165 രൂപ. അതേസമയം 256 GBയുടെ വില പ്രതിമാസം 330 രൂപ എന്നിങ്ങനെയാകും. നിലവിൽ സ്നാപ്ചാറ്റ് 12 മാസത്തെ താൽക്കാലിക മെമ്മറി സ്റ്റോറേജ് നൽകുന്നുണ്ട്. ഇതിനു ശേഷം ഉപയോക്താക്കൾ അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ മെമ്മറി ടാബിൽ നിന്ന് ഡാറ്റ മായ്ക്കപ്പെടും. 900 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള മെസ്സേജിങ്ങ് പ്ലാറ്റ്ഫോമാണ് സ്നാപ്ചാറ്റ്.