ഗൂഗ്ൾ എന്ന പേര് എങ്ങനെ കിട്ടി? കൗതുകമുള്ള ആ കഥ ഇതാണ്
text_fieldsവാഷിങ്ടൺ: യു.എസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഒരു കൊച്ചു ഡോർമെറ്ററിയിലാണ് ഗൂഗ്ൾ ജനിച്ചത്. പഠനം, ജോലി, ഷോപ്പിങ്, യാത്ര, വിനോദം തുടങ്ങിയ ലോക ജനതയുടെ നിത്യജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന ടെക്നോളജി കമ്പനിയായി ഇന്ന് ഗൂഗ്ൾ വളർന്നു. 27ാം ജന്മദിനം ആഘോഷിക്കുമ്പോൾ എല്ലാവരുടെയും മനസിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. എങ്ങനെയാണ് ഗൂഗ്ൾ എന്ന പേര് കമ്പനിക്ക് കിട്ടിയത്? അതിന്റെ പിന്നിൽ കൗതുകമുള്ള ഒരു കഥയുണ്ട്.
കഥ തുടങ്ങുന്നത് 1995ൽ സ്റ്റാൻഫോർഡിൽ പഠിക്കാൻ വന്ന ലാറി പേജുമായി അവിടുത്തെ വിദ്യാർഥിയായ സെർജി ബ്രിൻ നടത്തിയ കൂടിക്കാഴ്ചയോടെയാണ്. അഭിപ്രായ ഭിന്നതകൾ നിറഞ്ഞതായിരുന്നു അവരുടെ കൂടിക്കാഴ്ച. എങ്കിലും തൊട്ടടുത്ത വർഷത്തോടെ, പുതിയ തരം സെർച്ച് എൻജിൻ നിർമിക്കാനുള്ള ദൗത്യത്തിൽ അവർ ഒരുമിച്ചു.
സ്വന്തം ഡോർമെറ്ററി തന്നെയായിരുന്നു അവരുടെ പരീക്ഷണ കേന്ദ്രം. തുടർന്ന് വെബ് പേജുകൾ റാങ്ക് ചെയ്യാൻ ലിങ്കുകൾ ഉപയോഗിക്കുന്ന ഒരു സിസ്റ്റം അവർ രൂപകൽപന ചെയ്തു. ബാക്ക്റബ് എന്നായിരുന്നു ഈ പ്രൊജക്ടിന് നൽകിയ പേര്. ഇന്റർനെറ്റിലെ ബാക്ക് ലിങ്കുകൾ എങ്ങനെ വിശകലനം ചെയ്തു എന്ന് സൂചിപ്പിക്കുന്ന വിചിത്രമായ പേരായിരുന്നു ബാക്ക്റബ്.
പക്ഷെ, ഒരു ബ്രാൻഡിന്റെ പേര് എന്ന നിലക്ക് ബാക്ക്റബ് വിജയിക്കില്ലെന്ന് വൈകാതെ ഇരുവരും മനസ്സിലാക്കി. തങ്ങളുടെ ദൗത്യം വ്യക്തമാക്കുന്ന, ലോകത്തെ വിവരങ്ങൾ ഓർഗനൈസ് ചെയ്യുകയും എല്ലാവർക്കും ഉപയോഗിക്കാനും കഴിയുന്ന ഒരു പേര് വേണം. അങ്ങനെയാണ് അവർ ‘ഗൂഗോൾ’ എന്ന ഒരു ഗണിതശാസ്ത്ര പദം കണ്ടെത്തിയത്. 1 എന്ന സംഖ്യക്ക് ശേഷം 100 പൂജ്യങ്ങൾ വരുന്ന ഗണിത പദമാണത്. അനന്തമായ വിവരങ്ങൾ ഓൺലൈനിൽ കൈകാര്യം ചെയ്യാനുള്ള ഇരുവരുടെയും ആഗ്രഹത്തെ കൃത്യമായി പ്രതിഫലിക്കുന്നതായി ആ പേര് മാറി.