സുൽത്താൻ അൽ നിയാദി ഇന്ന് ബഹിരാകാശത്തേക്ക്: ചരിത്രനിമിഷത്തിന് കണ്ണുനട്ട് അറബ്ലോകം
text_fieldsദീർഘകാല ബഹിരാകാശ യാത്രക്ക് പുറപ്പെടുന്ന സുൽത്താൻ അൽ നിയാദി ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽ മകനൊപ്പം സന്തോഷം പങ്കുവെക്കുന്നു. പിറകിൽ കുതിപ്പിന് സജ്ജമായ ഫാൽക്കൺ-9 റോക്കറ്റും
ദുബൈ: നോക്കെത്താ ദൂരത്തോളം വിശാലമായ വിഹായസ്സിലേക്ക് അറബ് ജനത തിങ്കളാഴ്ച കണ്ണുനട്ടിരിക്കും. സുൽത്താൻ അൽ നിയാദി എന്ന തങ്ങളുടെ പുത്രൻ ആധുനിക അറബ് ശാസ്ത്രചരിത്രത്തിൽ ഐതിഹാസികമായ ഒരേട് ചേർക്കുകയാണ്. ദീർഘകാല ബഹിരാകാശ യാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യത്തെയാൾ എന്ന പദവിയിലേക്കാണ് യു.എ.ഇയുടെ അൽ നിയാദി ഉയർത്തപ്പെടുന്നത്.
ആറുമാസം നീളുന്ന ദൗത്യത്തിന് എല്ലാ സന്നാഹങ്ങളും ഒരുങ്ങിയതായും അന്തരീക്ഷം അനുകൂലമാണെന്നും യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററും ‘നാസ’യും അവസാന അറിയിപ്പ് പുറത്തുവിട്ടു.അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്.
അൽ നിയാദിയെയും മൂന്ന് സഹയാത്രികരെയും വഹിക്കുന്ന ഫാൽക്കൺ 9 റോക്കറ്റിന്റെ പരിശോധനകളും പരിശീലനവും പൂർത്തിയായിട്ടുണ്ട്. യു.എ.ഇ സമയം രാവിലെ 10.45ന് കുതിച്ചുയരുമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 7.15മുതൽ വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം അധികൃതർ ഒരുക്കിയിട്ടുണ്ട്.
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് ഒപ്പമുള്ളത്. എൻഡീവർ എന്ന സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് സഞ്ചാരം. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ആറുമാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും.
ഇവയിൽ 20 പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയാറെടുക്കാൻ സഹായിക്കാനുള്ളതാണ്.