‘നിർഭാഗ്യവശാൽ നിങ്ങളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നു’; അർദ്ധരാത്രിയിൽ ജീവനക്കാർക്ക് സന്ദേശമയച്ച് മെറ്റ ലീഡർഷിപ്പ്
text_fieldsടെക് ലോകത്തെ പിടിച്ചുലച്ചുകൊണ്ട് മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള ഐ.ടി മേഖലയിലാകെ തൊഴിൽ നഷ്ട ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആയിരക്കണക്കിന് ജീവനക്കാരുടെ ഉറക്കം കെടുത്തിക്കൊണ്ട് മെറ്റയുടെ പുതിയ തീരുമാനം പുറത്തുവരുന്നത്. തങ്ങളുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ വെട്ടിക്കുറക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. പുതിയ പരിഷ്കരണത്തിലൂടെ ലോകമെമ്പാടുമുള്ള 8,000ത്തോളം ജീവനക്കാരുടെ ജോലിയെ നേരിട്ട് ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സിംഗപ്പൂരിലെ മെറ്റ ഹബിലുള്ള ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ജോലി നഷ്ടമായത്. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 4 മണിക്ക് ജീവനക്കാരുടെ ഇൻബോക്സുകളിൽ എത്തിയ ഇമെയിലുകൾ വഴിയാണ് പിരിച്ചുവിടൽ വിവരം കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ബ്രിട്ടൻ, യു.എസ് എന്നിവിടങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും ജീവനക്കാർക്കും പിരിച്ചുവിട്ടതായുള്ള വിവരം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
"മുമ്പ് നിങ്ങളുമായി പങ്കുവെച്ചതുപോലെ, കമ്പനിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും മറ്റ് മേഖലകളിലെ നിക്ഷേപങ്ങൾ സന്തുലിതമാക്കുന്നതിനുമായി ജീവനക്കാരുടെ എണ്ണം കുറക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. നിർഭാഗ്യവശാൽ, ഇന്നത്തെ പുനഃസംഘടനയുടെ ഭാഗമായി നിങ്ങളുടെ തസ്തിക ഒഴിവാക്കപ്പെട്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പങ്കുവെക്കുന്നതിന് മുമ്പായി, മെറ്റക്ക് വേണ്ടി നിങ്ങൾ നൽകിയ സംഭാവനകൾക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു. കമ്പനിയുടെ വളർച്ചയിൽ നിങ്ങൾ വഹിച്ച സുപ്രധാന പങ്കിനെ ഞങ്ങൾ ഏറെ വിലമതിക്കുന്നു’’ എന്ന് പറഞ്ഞുകൊണ്ടുള്ള മെയിലുകളാണ് ലഭിച്ചത്.
ചെറിയ ടീമുകളായി തിരിഞ്ഞ് കൂടുതൽ കാര്യക്ഷമമായും വേഗത്തിലും പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പുനഃസംഘടനയെന്ന് മെറ്റയുടെ 'ഹെഡ് ഓഫ് പീപ്പിൾ' ജനീൽ ഗെയ്ൽ കമ്പനി മെമ്മോയിൽ വ്യക്തമാക്കി. അതേസമയം, ഉൽപ്പന്നങ്ങളും ഏജന്റുകളും ഉൾപ്പെടെയുള്ള എ.ഐ പദ്ധതികളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 7,000ത്തോളം ജീവനക്കാരെ പുതുതായി രൂപീകരിച്ച എ.ഐ ടീമുകളിലേക്ക് പുനർവിന്യസിച്ചതായും മെറ്റ അറിയിച്ചിട്ടുണ്ട്.
മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ഈ വർഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. മനുഷ്യർ ചെയ്യുന്ന ജോലികൾ നിർവഹിക്കാൻ കഴിയുന്ന എ.ഐ ഏജന്റുകളെ വികസിപ്പിക്കുകയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
ഈ ആഴ്ച വർക്ക് ഫ്രം ഹോം ചെയ്യാൻ കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് വിഭാഗം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. എ.ഐ പരിശീലനത്തിനായി തങ്ങളുടെ ഡാറ്റ ട്രാക്ക് ചെയ്യാനുള്ള മെറ്റയുടെ പുതിയ പ്രോഗ്രാം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി തയാറാക്കിയിരുന്നതായി ജീവനക്കാരും വ്യക്തമാക്കുന്നു. എൻജിനീയറിങ്, പ്രോഡക്ട് ടീമുകളെയാണ് ഈ പിരിച്ചുവിടൽ കൂടുതലായി ബാധിക്കുക. ഈ വർഷം അവസാനത്തോടെ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്ന സൂചനയും റിപ്പോർട്ടുകളിലുണ്ട്.
പല ജീവനക്കാരും ജോലി നഷ്ടപ്പട്ട വിവരമറിഞ്ഞ് മാനസിക പ്രയാസത്തിലാണ്. ജീവിതം തന്നെ താളംതെറ്റിയ അവസ്ഥയിലാണെന്ന് പലരും പറയുന്നു. ശമ്പളം ലഭിക്കുമോ എന്ന് അറിയാത്തതിനാൽ ഭാവികാര്യം പോലും ആസൂത്രണം ചെയ്യാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു. ആഴ്ചാവസാനത്തോടെ ജോലി നഷ്ടപ്പെട്ടേക്കാം എന്ന ആശങ്കയിൽ, ചില ജീവനക്കാർ ഓഫീസുകളിൽ നിന്ന് സൗജന്യ ഭക്ഷണങ്ങളും ലാപ്ടോപ്പ് ചാർജറുകളും മറ്റും ശേഖരിച്ചുവെച്ചു എന്നും ജീവനക്കാർ പറയുന്നു.


