മണിക്കൂറിൽ 32 കിലോമീറ്റർ വേഗത; ആദ്യത്തെ ഓട്ടോണമസ് ഡെലിവറി റോബോട്ട് പുറത്തിറക്കി ഡോർഡാഷ്
text_fieldsയുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ ഡോർഡാഷ് ഓട്ടോണമസ് ഡെലിവറി റോബോട്ടായ ഡോട്ട് പുറത്തിറക്കി. ഡോർഡാഷിന്‍റെ സഹസ്ഥാപകനായ സ്റ്റാൻലി ടാങ് ആണ് ചുവന്ന, നാല് ചക്ര വാഹനത്തിന്‍റെ രൂപത്തിലുള്ള റോബോട്ടിനെ അവതരിപ്പിച്ചത്. ഡോർഡാഷ് ലാബിലെ വർഷങ്ങളുടെ പ്രയത്നത്തിന്‍റെ ഫലമാണ് ഡെലിവറി റോബോട്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാദേശിക ഡെലിവറിയിൽ നേരിടുന്ന വെല്ലുവിളികളെ മറുകടക്കുന്നതിനായി ഡോർഡാഷ് ലാബ്സ് ഡോട്ട് രൂപകൽപന ചെയ്യുന്നുവെന്നാണ് സ്റ്റാൻലി എക്സിൽ കുറിച്ചത്. 14 കിലോഗ്രാം വരെ ഭാരം വഹിക്കാനും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനുമാണ് ഡോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. സൈക്കിൾ പാതകളിലും റോഡുകളിലും നടപ്പാതകളിലും സഞ്ചരിക്കുന്ന ആദ്യത്തെ വാണിജ്യ ഓട്ടോണമസ് ഡെലിവറി റോബോട്ടാണ് ഡോട്ട്. പ്രാദേശിക വാണിജ്യത്തിനായി പ്രത്യേകം നിർമ്മിച്ചതാണിത്.
നാല് ചക്രങ്ങളുള്ള ഓട്ടോണമസ് റോബോട്ടാണ് ഡോട്ട്. നാല് അടിയും ആറ് ഇഞ്ച് ഉയരമാണിതിനുള്ളത്. ചുറ്റുപാടുകൾ മനസ്സിലാക്കാനും നാവിഗേറ്റ് ചെയ്യാനും അതിന്റെ സ്റ്റോറേജ് കമ്പാർട്ടുമെന്റിന് മുകളിലും താഴെയുമായി ബാഹ്യ ക്യാമറകൾ, റഡാറുകൾ, ലിഡാർ സെൻസറുകൾ എന്നിവയുണ്ട്. ആറ് വലിയ പിസ്സ ബോക്സുകൾ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ആറ് മണിക്കൂർ വരെ ചാർജ് നിലനിൽക്കും. പരസ്പരം മാറ്റാവുന്ന ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് റോബോട്ടാണ് ഡോട്ട്. മറ്റ് റോബോട്ടുകളെ അപേക്ഷിച്ച് ഇതിന് വൃത്താകൃതി കൂടുതലാണ്. കൂടാതെ കമ്പനിയുടെ ഡി ആകൃതിയിലുള്ള ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഒരു കുഞ്ഞു സ്‌ട്രോളർ പോലെ മുന്നിൽ നിന്ന് തുറക്കുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. നിലവിൽ എത്ര ഡോട്ടുകൾ ഉണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വ്യാപിപ്പിക്കാൻ കമ്പനി ആസൂത്രണം ചെയ്യുന്നതായും റിപ്പോർട്ടുകൾ പറയുന്നു