ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കും -ഇലോൺ മസ്ക്
text_fieldsന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്ന് ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനൊടുവിലാണ് മസ്കിന്റെ പ്രഖ്യാപനം. നരേന്ദ്ര മോദിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമാനമുള്ള കാര്യമാണെന്നും മസ്ക് പറഞ്ഞു.
വെള്ളിയാഴ്ച മസ്കും മോദിയും തമ്മിൽ ടെലികോൺഫറൻസ് നടത്തിയിരുന്നു. ടെക്നോളജി, ഇന്നോവേഷൻ, സ്പേസ്, മൊബിലിറ്റി എന്നിവ സംബന്ധിച്ച് ചർച്ച നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എക്സിലൂടെയായിരുന്നു നരേന്ദ്ര മോദി ഇക്കാര്യങ്ങൾ അറിയിച്ചത്. ഈ ഫെബ്രുവരിയിൽ യു.എസ് സന്ദർശനം നടത്തിയപ്പോൾ മോദി മസ്കിനെ കണ്ടിരുന്നു.
മസ്ക് മക്കളോടൊപ്പമാണ് മോദിയെ കാണാനെത്തിയത്. അന്നും ബഹിരാകാശരംഗം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സുസ്ഥിരവികസനം എന്നിവയെ സംബന്ധിച്ചെല്ലാം ചർച്ചകൾ നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‍ലക്ക് ഇന്ത്യയിലേക്ക് കടന്നുവരാൻ ഉദ്ദേശമുണ്ട്.
ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിൽ ഇറക്കുകയാണ് മസ്കിന്റെ ലക്ഷ്യം. ഇതിനൊപ്പം മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് ഇന്റർനെറ്റും ഇന്ത്യയിലേക്കുള്ള വരവ് കാത്തിരിക്കുകയാണ്. ഈയാഴ്ച കമ്പനിയുടെ സീനിയർ ഉദ്യോഗസ്ഥർ വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.