കംപ്യൂട്ടറിൽ വിൻഡോസ് 10 ആണോ? ഒക്ടോബറിൽ പിന്തുണ അവസാനിക്കും, അറിയേണ്ടതെല്ലാം
text_fieldsകൊച്ചി: ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ കംപ്യൂട്ടറുകളിൽ ആ മുന്നറിയിപ്പ് കാണാം. വിൻഡോസ് 10നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു. എന്താണ് സോഫ്റ്റ്‌വെയർ പിന്തുണ? തുടർന്ന് വിൻഡോസ് 10 കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? ചോദ്യങ്ങൾ നിരവധിയാണ്. വിശദമായി പരിശോധിക്കാം.
നിലവിലെ പ്രഖ്യാപനമനുസരിച്ച് 2025 ഒക്ടോബർ 14നാണ് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഔദ്യോഗികമായി അവസാനിപ്പിക്കുക. ഇതോടെ വിൻഡോസിന്റെ ഈ പതിപ്പിനുള്ള സാങ്കേതിക സഹായം, പുതിയ ഫീച്ചർ അപ്‌ഡേറ്റുകൾ, നിർണായക സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ അവസാനിക്കും. സുരക്ഷാ അപ്ഡേറ്റുകൾ അവസാനിക്കുന്നതോടെ പുതിയ സൈബർ ഭീഷണികളെ പ്രതിരോധിക്കാനുള്ള കംപ്യൂട്ടറിന്റെ ശേഷി കുറക്കും. ഇതുകൊണ്ടുതന്നെ കംപ്യൂട്ടറുകൾ സുരക്ഷിതവും പ്രവർത്തനക്ഷമവുമാണെന്ന് ഉറപ്പുവരുത്താൻ ഉപഭോക്താക്കൾ പുതിയ വിൻഡോസ് പതിപ്പിലേക്ക് മാറണമെന്നാണ് മൈക്രോസോഫ്റ്റ് നിർദേശിക്കുന്നത്.
പിന്തുണ അവസാനിപ്പിക്കുക എന്നാൽ
2025 ഒക്ടോബർ 14ന് ശേഷവും വിൻഡോസ് 10 പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ പ്രവർത്തിക്കും, എന്നാൽ മൈക്രോസോഫ്റ്റ് ഇനി ഇനിപ്പറയുന്നവ നൽകില്ല:
- സാങ്കേതിക പിന്തുണ
- സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ
- സുരക്ഷാ അപ്‌ഡേറ്റുകൾ അല്ലെങ്കിൽ പരിഹാരങ്ങൾ
പിന്തുണ കാലാവധി കഴിഞ്ഞാൽ മൂന്നുമാർഗങ്ങൾ
മൈക്രോസോഫ്റ്റ് സപ്പോർട്ട് ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, സോഫ്റ്റ്‌വെയർ പിന്തുണ കാലാവധി കഴിഞ്ഞാൽ പി.സി സുരക്ഷിതമായി ഉപയോഗിക്കാൻ മൂന്ന് മാർഗങ്ങളാണ് ഉള്ളത്:
- നിലവിലുള്ള പിസിയിൽ വിൻഡോസ് 11 ഇൻസ്റ്റാൾ ചെയ്യുക:  വിൻഡോസ് 11ന് ആവശ്യമുള്ള കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ നിറവേറ്റുകയും നേരിട്ട് വിൻഡോസ് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ യോഗ്യത നേടുകയും ചെയ്ത പി.സികൾക്ക് ഇതിനകം അപ്ഗ്രേഡ് ചെയ്യാനുള്ള അറിയിപ്പ് ലഭിച്ചിരിക്കണം. 
 അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിൽ, പി.സി സൗജന്യ അപ്‌ഗ്രേഡിന് യോഗ്യമാണോ എന്ന് സ്വയം പരിശോധിക്കാനാവും. ഇതിനായി പി.സിയിലെ സ്റ്റാർട്ട് മെനുവിൽ നിന്ന് സെറ്റിംഗ്സ് തിരഞ്ഞെടുക്കണം. തുടർന്ന് അപ്ഡേറ്റ് ആന്റ് സെക്യൂരിറ്റി ടാബിൽ നിന്ന് വിൻഡോസ് അപ്ഡേറ്റ് ഒപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്ന് അപ്ഡേറ്റുകൾക്കായി പരിശോധിക്കാം. (Start > Setting > Update & Security > Windows update > Check for update)
- പുതിയ വിൻഡോസ് 11 പി.സി:  പി.സി അപ്ഗ്രേഡിന് യോഗ്യമല്ലെങ്കിൽ,  വിൻഡോസ് 11 മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ഒരു പുതിയ പി.സി വാങ്ങുന്നത് ആലോചിക്കാം. പുതിയ സോഫ്റ്റ്‌വെയർ സജ്ജീകരണങ്ങളുളള പി.സികൾ വൈവിധ്യമാർന്ന വിലകളിൽ ലഭ്യമാണ്. സാങ്കേതിക വശങ്ങൾ പരിശോധിച്ച് വ്യക്തിപരമായ ആവശ്യത്തിനനുസരിച്ച് ഇത് തെരഞ്ഞെടുക്കാനാവും.   
- എക്സ്റ്റെൻഡഡ് സെക്യൂരിറ്റി അപ്ഡേറ്റുകൾ (ഇ.എസ്.യു) പ്രോഗ്രാം: ഒരു കോപൈലറ്റ്+പി.സി അല്ലെങ്കിൽ മറ്റ് പുതിയ വിൻഡോസ് 11 ഉള്ള  ഉപകരണത്തിലേക്ക് മാറുന്നതിന് കൂടുതൽ സമയം ആവശ്യമുള്ളവർക്ക് കൺസ്യൂമർ എക്സ്റ്റെൻഡഡ് സെക്യൂരിറ്റി അപ്ഡേറ്റ് പ്രോഗ്രാം പ്രയോജനപ്പെടുത്താം. ഇതുവഴി പിന്തുണ അവസാനിക്കുന്ന ഒക്ടോബർ 14 മുതൽ ഒരു വർഷം വിൻഡോസ് 10 ഉപകരണത്തിന് സുരക്ഷ അപ്ഡേറ്റുകൾ ലഭ്യമാവും.   
തുടർച്ചയായ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ ഇല്ലാതെ തന്നെ വിൻഡോസ് 10ൽ പ്രവർത്തിക്കുന്ന ഒരു പി.സി ഉപയോഗിക്കുന്നത് തുടരാമെങ്കിലും, ഇത് കംപ്യൂട്ടറുകളിൽ വൈറസുകൾക്കും മാൽവെയറുകൾക്കും കടന്നുകയറുന്നത് എളുപ്പമാക്കുമെന്നും മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകുന്നു.


