Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവ്യാജ യുദ്ധദൃശ്യങ്ങൾ...

വ്യാജ യുദ്ധദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ പണി കിട്ടും, എ.ഐ വിഡിയോകൾക്ക് കർശന നിയന്ത്രണവുമായി എക്സ്; ലംഘിക്കുന്നവർക്ക് വരുമാനം നഷ്ടമാകും

text_fields
bookmark_border
വ്യാജ യുദ്ധദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ പണി കിട്ടും, എ.ഐ വിഡിയോകൾക്ക് കർശന നിയന്ത്രണവുമായി എക്സ്; ലംഘിക്കുന്നവർക്ക് വരുമാനം നഷ്ടമാകും
cancel

ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ യുദ്ധദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ പശ്ചാത്തലത്തിൽ എ.ഐ ഉപയോഗിച്ച് നിർമിച്ച യുദ്ധ ദൃശ്യങ്ങൾ കൃത്യമായ വെളിപ്പെടുത്തലില്ലാതെ പങ്കുവെക്കുന്ന ക്രിയേറ്റർമാർക്കെതിരെ കർശന നടപടിയുമായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്‌ഫോം. യുദ്ധസമയത്ത് വ്യാജവിവരങ്ങൾ പ്രചരിക്കുന്നത് തടയാനും പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിർത്താനുമാണ് ഈ നീക്കമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

എ.ഐ ഉപയോഗിച്ച് നിർമിച്ച സായുധ പോരാട്ടങ്ങളുടെ വിഡിയോകൾ വിവരം നൽകാതെ പോസ്റ്റ് ചെയ്താൽ, ക്രിയേറ്റർമാരെ 90 ദിവസത്തേക്ക് വരുമാന വിഹിത പദ്ധതിയിൽ നിന്ന് സസ്പെൻഡ് ചെയ്യും. ആദ്യ സസ്പെൻഷന് ശേഷവും നിയമം ലംഘിച്ചാൽ വരുമാന പദ്ധതിയിൽ നിന്ന് സ്ഥിരമായി പുറത്താക്കും. കമ്മ്യൂണിറ്റി നോട്ട്സ് വഴിയോ, മെറ്റാഡേറ്റ വഴിയോ ഇത്തരം ഉള്ളടക്കങ്ങൾ കണ്ടെത്തുമെന്ന് എക്സ് പ്രോഡക്റ്റ് ഹെഡ് നികിത ബിയർ അറിയിച്ചു. പ്ലാറ്റ്‌ഫോമിൽ ഇതിനോടകം തന്നെ 'Made with AI' എന്ന ലേബൽ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ആളുകൾ കണ്ട പല വിഡിയോകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറാനിയൻ റോക്കറ്റുകൾ അമേരിക്കൻ വിമാനം വെടിവെച്ചിടുന്നത് പോലെ തോന്നിപ്പിക്കുന്ന ഒരു വിഡിയോ ഏഴ് കോടിയിലധികം പേരാണ് കണ്ടത്. മിസൈൽ ആക്രമണത്തിന് ശേഷമുള്ള പുകയുടെ ദൃശ്യങ്ങളിൽ എ.ഐ ഉപയോഗിച്ച് വലിയ തീഗോളങ്ങൾ കൂട്ടിച്ചേർത്തതായും കണ്ടെത്തി. റിയാദിലെ യു.എസ് എയർബേസ് തകർത്തുവെന്ന പേരിൽ പ്രചരിച്ച വിഡിയോ യഥാർത്ഥത്തിൽ 18 മാസം മുമ്പ് യമനിലെ ഓയിൽ റിഫൈനറിയിൽ നടന്ന ആക്രമണത്തിന്റേതായിരുന്നു.

ബ്രിട്ടീഷ് വസ്തുതാ പരിശോധനാ സംഘടനയായ ഫുൾ ഫാക്റ്റ് ഇതിനെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനവാഹിനിക്കപ്പൽ കത്തുന്നതായും ബുർജ് ഖലീഫക്ക് തീപിടിച്ചതായും ഇറാന് നേരെ നടത്തിയ ആക്രമണത്തില്‍ രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മൃതദേഹമെന്ന രീതിയിലുമുള്ള വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എ.ഐ ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് വിഡിയോകൾ വ്യാജമാണോ എന്ന് പരിശോധിക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ടെങ്കിലും, തത്സമയ സംഭവങ്ങൾ വിലയിരുത്തുന്നതിൽ ചാറ്റ്ബോട്ടുകൾ അത്ര കൃത്യത പുലർത്താറില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ആളുകൾ ചാറ്റ്ബോട്ടുകളെ സ്വാധീനിച്ച് തങ്ങളുടെ വാദങ്ങൾക്ക് അനുകൂലമായ മറുപടികൾ ഉണ്ടാക്കിയെടുക്കാനും ശ്രമിക്കുന്നുണ്ട്. കൂടുതൽ ഫോളോവേഴ്‌സ് ഉള്ളവർക്ക് എക്സിൽ നിന്ന് വലിയ തുക സമ്പാദിക്കാൻ കഴിയുന്നത് പലരെയും ഇത്തരം വൈറൽ വിഡിയോകൾ നിർമിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന് തടയിടാനാണ് കമ്പനിയുടെ പുതിയ നീക്കം.

Show Full Article
TAGS:Ban X Account artificial rain cloud War videos Iran Israel Tensions 
News Summary - X to ban users from unlabelled AI-generated war videos
Next Story