ആപ്പുകളിലൂടെ വൈബ് ആവാം
text_fieldsപ്രായം അക്കം മാത്രമാണെന്നാണ് പറയാറ്. ഒരാളുടെ മനസ്സ് ചെറുപ്പമായിരുന്നാൽ പ്രായം ജീവിതത്തിന്റെ ഒരു ഘടകമേ ആവില്ല. എങ്കിലും ചില യാഥാർഥ്യങ്ങൾ അംഗീകരിക്കുകയും വേണം. ഈ ജെൻ സീ കാലത്ത് പ്രായമായവരുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പമുള്ളതും സന്തോഷം നിറഞ്ഞതുമാക്കാൻ സാങ്കേതികവിദ്യയും സഹായത്തിനെത്തും. റിലാക്സ് ചെയ്യാനും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സഹായിക്കുന്ന നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ന് ലഭ്യമാണ്.
ആരോഗ്യം പ്രധാനം
പ്രായമായവരുടെ ആരോഗ്യപരമായ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധതന്നെ വേണം. അതിനായി ഈ വിഭാഗത്തിൽ നിരവധി ആപ്പുകളും ലഭ്യമാണ്.
- Medisafe, MyTherapy: മരുന്ന് കഴിക്കേണ്ട സമയം ഓർമിപ്പിക്കുന്ന ആപ്പുകളാണിവ. ഡോക്ടർ നിർദേശിച്ച മരുന്നുകളുടെ പേരും സമയവും ഡോസും ഇതിൽ ചേർക്കാൻ സാധിക്കും. മരുന്ന് കഴിക്കാൻ സമയമാകുമ്പോൾ അലാറം നൽകുകയും, ഏതെങ്കിലും ഡോസ് മുടങ്ങിയാൽ പരിചരിക്കുന്നവർക്ക് അറിയിപ്പ് നൽകുകയും ചെയ്യും.
- Google Fit: നടത്തം, വ്യായാമം എന്നിവ ട്രാക്ക് ചെയ്യാൻ ഈ ആപ് സഹായിക്കുന്നു. ദിവസവും എത്ര ദൂരം നടന്നു, എത്ര കലോറി കത്തിച്ചു തുടങ്ങിയ വിവരങ്ങൾ അറിയാൻ സാധിക്കും. ഇത് പ്രായമായവരെ കൂടുതൽ ഊർജസ്വലരാക്കുകയും ചെയ്യും.
- Blood Pressure Monitors: രക്തസമ്മർദം, രക്തത്തിലെ ഗ്ലൂക്കോസ് അളവ് തുടങ്ങിയവ രേഖപ്പെടുത്താനും നിരീക്ഷിക്കാനും നിരവധി ആപ്പുകൾ നിലവിലുണ്ട്. ആരോഗ്യ വിവരങ്ങൾ ഡോക്ടറുമായി എളുപ്പത്തിൽ പങ്കുവെക്കാനും ഇത് സഹായിക്കും.
- Practo, Netmeds: ഈ ആപ്പുകൾ ഉപയോഗിച്ച് ഡോക്ടറുമായി ഓൺലൈനായി സംസാരിക്കാനും അപ്പോയിന്റ്‌മെന്റ് എടുക്കാനും മരുന്നുകൾ ഓൺലൈനായി ഓർഡർ ചെയ്യാനും സാധിക്കും. ഇത് ആശുപത്രി യാത്രയുടെ ബുദ്ധിമുട്ട് കുറക്കും.
- Senior Fit: ലഘുവായ വ്യായാമങ്ങൾ, യോഗ എന്നിവയുടെ വിഡിയോകളും നിർദേശങ്ങളും ഈ ആപ്പുകളിൽ ലഭ്യമാണ്. ഇത് ശരീരത്തിന് വഴക്കവും ഉന്മേഷവും നിലനിർത്താൻ സഹായിക്കും.
മാനസികോല്ലാസം നെറ്റ്‍ വഴി
മനസ്സിനെ ഉന്മേഷമുള്ളതാക്കാനും ചിന്താശേഷി നിലനിർത്താനും സഹായിക്കുന്ന നിരവധി ആപ്പുകളും നിലവിലുണ്ട്.
- Lumosity, Elevate: ഓർമശക്തി, ശ്രദ്ധ, പ്രശ്നപരിഹാര ശേഷി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബ്രെയിൻ ഗെയിമുകൾ ഈ ആപ്പുകളിൽ ലഭ്യമാണ്. തലച്ചോറിന് നല്ല വ്യായാമം നൽകാനും ഇത് സഹായിക്കും.
- Audible, Kindle: വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പുസ്തകങ്ങൾ കേൾക്കാൻ Audible ആപ് സഹായിക്കും. Kindle ആപ്പിൽ ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാം.
- Spotify: ഇഷ്ടപ്പെട്ട പഴയ പാട്ടുകൾ, ഭക്തിഗാനങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവക്കായി Spotify ഉപയോഗിക്കാം.
- Words with Friends: വാക്കുകളുണ്ടാക്കി കളിക്കുന്ന ഗെയിമാണിത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഓൺലൈനായി ഇത് കളിക്കാൻ സാധിക്കും.
ആശയ വിനിമയം
ആശയ വിനിമയവും പ്രായമായവർക്ക് പ്രധാനമാണ്. അടുത്തില്ലെങ്കിലും ചുറ്റുമുള്ളവരുമായുള്ള ആശയ വിനിമയം നിലനിർത്താൻ സഹായിക്കുന്ന നിരവധി ആപ്പുകളുണ്ട്. WhatsApp, Facebook Messenger, Zoom, FaceTime തുടങ്ങി നിരവധി ആപ്പുകളിലൂടെ വിഡിയോ കാളുകൾ ചെയ്യാനും മെസേജുകൾ അയക്കാനും സാധിക്കും.
സുരക്ഷയും സൗകര്യവും
പ്രായമായവരുടെ സുരക്ഷ ഉറപ്പാക്കാനും ദൈനംദിന കാര്യങ്ങൾ എളുപ്പമാക്കാനുമുള്ള നിരവധി ആപ്പുകൾ നിലവിലുണ്ട്.
- Magnifying Glass + Flashlight: ചെറിയ അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഉപകാരപ്രദമാകുന്ന ആപ്പാണിത്. മൊബൈൽ കാമറ ഉപയോഗിച്ച് ചിത്രങ്ങൾ വലുതാക്കി കാണിക്കാനും ഒപ്പം ഫ്ലാഷ്‌ലൈറ്റ് ഓൺ ചെയ്യാനും ഈ ആപ് വഴി സാധിക്കും.
- Uber, Ola: യാത്രകൾക്ക് സ്വന്തമായി വാഹനം ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് ടാക്സി ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾ
- Life360: ഈ ആപ് വഴി കുടുംബാംഗങ്ങൾക്ക് പ്രിയപ്പെട്ടവരുടെ ലൊക്കേഷൻ തത്സമയം അറിയാൻ സാധിക്കും.
- Google Maps: വഴി കണ്ടുപിടിക്കാനും ഒരു സ്ഥലത്തേക്ക് എത്താനുള്ള എളുപ്പവഴികൾ അറിയാനും ഗൂഗ്ൾ മാപ് ഉപയോഗിക്കാം.
സന്നദ്ധസേവനം
ഇഷ്ടമുള്ള മേഖലകളിൽ സന്നദ്ധസേവനം നടത്തുന്നതിന് ശ്രമിക്കാം. മാനസിക സന്തോഷം നൽകുന്ന ഒന്നാകും അത്. ലൈബ്രറി, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ അവർക്ക് താൽപര്യമുള്ള കാര്യങ്ങളിൽ സഹായിക്കാൻ കഴിയും. പ്രായമായവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വലിയ ഐക്കണുകളും വ്യക്തമായ അക്ഷരങ്ങളുമുള്ള ആപ്പുകളാണ് കൂടുതൽ ഉചിതമാവുക.
ആപ്പുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് അവർക്ക് വ്യക്തമായി പറഞ്ഞുകൊടുക്കണം. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കാനും അതിന് ഉത്തരം നൽകാനും സാവകാശം കാണിക്കണം. അതേസമയം ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും വേണം. അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും, ബാങ്ക് വിവരങ്ങൾ പങ്കുവെക്കാതിരിക്കാനും നിർദേശം നൽകണം.
കുടുംബബന്ധം ശക്തമാക്കാം
കുട്ടിക്കാലത്തെയും ചെറുപ്പത്തിലെയും ചിത്രങ്ങൾ ഡിജിറ്റൽ ഫോമിലേക്ക് മാറ്റുകയും കുടുംബ ഗ്രൂപ്പുകളിൽ പങ്കിടുകയും ചെയ്യുന്നത് രസകരമായ അനുഭവമായിരിക്കും. ഇത് പഴയ ഓർമകൾ പുതുക്കാനും പുതിയ തലമുറക്ക് കുടുംബകഥകൾ മനസ്സിലാക്കാനും സഹായിക്കും. നിങ്ങൾക്ക് മാത്രമറിയുന്ന രഹസ്യ പാചകക്കുറിപ്പ് അനുസരിച്ച് ഭക്ഷണം എങ്ങനെ ഉണ്ടാക്കണമെന്ന് മക്കളെയും പേരക്കുട്ടികളെയും പഠിപ്പിക്കാം. ഇത് രസകരവും ആനന്ദമുണ്ടാക്കുന്നതുമായി മാറും.
കഴിവ് വികസിപ്പിക്കാം
വെറുതെയിരിക്കാൻ താൽപര്യമില്ലാത്തവരാകും ഏറെയും. അങ്ങനെയുള്ളവർക്ക് താൽപര്യമുള്ള വിഷയങ്ങളിൽ ഓൺലൈൻ കോഴ്സുകൾ തിരഞ്ഞെടുക്കാം. യൂട്യൂബ്, Coursera, Udemy തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പാചകം, ഫോട്ടോഗ്രാഫി, അല്ലെങ്കിൽ മറ്റ് പുതിയ ഹോബികൾ പഠിപ്പിക്കുന്ന കോഴ്സുകൾ ലഭ്യമാണ്. വിനോദവും വിജ്ഞാനവും നൽകുന്ന പോഡ്കാസ്റ്റുകൾ കേൾക്കുന്നത് മനസ്സിന് ഉല്ലാസം നൽകും. ഇഷ്ടപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനും ലോകകാര്യങ്ങളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാനും ഇത് സഹായിക്കുകയും ചെയ്യും.