30 രാജ്യങ്ങളിൽ നിരക്ക് കുറച്ച് നെറ്റ്ഫ്ലിക്സ്
text_fieldsന്യൂയോർക്: വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് 30 രാജ്യങ്ങളിലെ വരിസംഖ്യ നിരക്ക് കുറക്കുന്നു. പട്ടികയിൽ ഇന്ത്യ, ബ്രിട്ടൻ, അമേരിക്ക, കാനഡ തുടങ്ങിയവ ഉൾപ്പെടുന്നില്ല. മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, ഫിലിപ്പീൻസ്, ക്രൊയേഷ്യ, വെനിസ്വേല, കെനിയ, ഇറാൻ, ഈജിപ്ത്, യമൻ, ജോർഡൻ, ലിബിയ, സ്ലൊവീനിയ, ബൾഗേറിയ, നികരാഗ്വ, എക്വഡോർ, വിയറ്റ്നാം, ബോസ്നിയ-ഹെർസഗോവിന, സെർബിയ, അൽബേനിയ, നോർത്ത് മാസിഡോണിയ, സ്ലോവാക്യ, സുഡാൻ, ഫലസ്തീൻ, അൽജീരിയ, തുനീഷ്യ, ലബനാൻ, സൗദി, മൊറോക്കോ, യു.എ.ഇ എന്നിവ പട്ടികയിൽ ഇടംപിടിച്ചു. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത തോതിലാണ് നിരക്ക് കുറച്ചത്. 20 ശതമാനം മുതൽ 60 ശതമാനം വരെ കുറച്ചിട്ടുണ്ട്.
കടുത്ത മത്സരവും സാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള ഭയത്താല്‍ ഉപഭോക്താക്കള്‍ ചെലവുചുരുക്കുന്നതുമാണ് നിരക്ക് കുറക്കാൻ നെറ്റ്ഫ്ലിക്സിനെ നിർബന്ധിതരാക്കിയത്. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെ നെറ്റ്ഫ്ലിക്സിന്റെ ഓഹരിയില്‍ ഇടിവാണ് സംഭവിച്ചത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക ലക്ഷ്യമിട്ടാണ് നെറ്റ്ഫ്ലിക്സിന്റെ നിരക്ക് കുറക്കൽ. വ്യത്യസ്ത സ്ഥലങ്ങളിലുള്ളവർ പാസ്വേഡ് പങ്കുവെച്ച് വിഡിയോ കാണുന്നത് അടുത്തിടെ നെറ്റ്ഫ്ലിക്സ് നിയന്ത്രിച്ചിരുന്നു.