കോവിഡ് മുന്നറിയിപ്പെന്ന വ്യാജേന വൻ സൈബർ ആക്രമണത്തിന് സാധ്യത
text_fieldsന്യൂഡൽഹി: കോവിഡ് മുന്നറിയിപ്പെന്ന വ്യാജേന ഇന്ത്യയിൽ വൻ സൈബർ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രസർക്കാറിൻെറ മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോർത്തുന്ന ഫിഷിങ് ആക്രമണമാണ് ഉണ്ടാവുകയെന്നും സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്-ഐ.എൻ പറയുന്നു.
ഉത്തരകൊറിയൻ ഹാക്കർമാരാണ് സൈബർ ആക്രമണത്തിന് തയാറെടുക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ടതെന്ന വ്യാജേന ഇ-മെയിലുകൾ എത്തുമെന്നാണ് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇമെയിലിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു വെബ്സൈറ്റിലേക്ക് പോവുകയും സൈറ്റിലെ ഫയൽ ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നതോടെ കമ്പ്യൂട്ടറിലെ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിക്കുന്നു. വ്യക്തിഗത വിവരങ്ങളും സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളുമാണ് ഹാക്കർമാർ ചോർത്തുക.
20 ലക്ഷം ഇമെയിൽ ഐ.ഡികളിലേക്ക് ഫിഷിങ് മെയിൽ എത്താമെന്നാണ് മുന്നറിയിപ്പ്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ സൗജന്യ കോവിഡ് ടെസ്റ്റ് നടത്തി നൽകാമെന്ന് പറഞ്ഞാവും മെയിലുകൾ എത്തുക. മെയിലിനൊപ്പമുള്ള അറ്റാച്ച്മെൻറുകൾ തുറക്കുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് മാത്രമാണ് സൈബർ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏകപോംവഴിയെന്നും വിദഗ്ധർ അറിയിക്കുന്നു.