ബി.ജെ.പി വോട്ടുചോർച്ച: കോട്ടയത്തടക്കം ജില്ല കമ്മിറ്റികൾക്കെതിരെ നടപടി വരുന്നു
text_fieldsകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുചോർച്ചയുണ്ടായ കോട്ടയത്ത് അടിമുടി അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാൻ ചേർന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഇതുസംബന്ധിച്ച സൂചന നൽകി. പാളയത്തിലെ പട ജില്ല പ്രസിഡൻറ് നോബിൾ മാത്യുവിനും സഹഭാരവാഹികൾക്കും തിരിച്ചടിയാകും. എറണാകുളം, മലപ്പുറം ഉൾെപ്പടെ അരഡസേനാളം ജില്ല കമ്മിറ്റികൾക്കെതിരെയും ശക്തമായ നടപടി ഉണ്ടായേക്കാം.
പാർട്ടിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലും പാലായിലും ഉണ്ടായ വൻ വോട്ടുചോർച്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർഥികളായ അൽഫോൻസ് കണ്ണന്താനവും െജ. പ്രമീളദേവിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കോട്ടയത്ത് നടപടി വരുന്നത്. എന്നാൽ, സംസ്ഥാന നേതാക്കൾ നേരിട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ച കാഞ്ഞിരപ്പള്ളിയിലുണ്ടായ വോട്ടുചോർച്ചയിൽ സംസ്ഥാന നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു. കണ്ണന്താനത്തിന് വ്യക്തിപരമായി പതിനായിരത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ, 3000 മുതൽ 5000 വരെ പാർട്ടിവോട്ടുകൾ ചോർന്നു. പാലായിൽ പതിനയ്യായിരത്തോളം വോട്ടുകൾ ബി.ജെ.പിക്ക് നഷ്ടമായി. ബി.ജെ.പി വോട്ടുകൾ വ്യാപകമായി യു.ഡി.എഫിന് മറിച്ചെന്നാണ് ആരോപണം. മാണി സി. കാപ്പന് വോട്ടുമറിച്ചെന്ന് അവലോകന യോഗത്തിലും വിമർശനമുയർന്നിരുന്നു. ഇടതുമുന്നണി സ്ഥാനാർഥി ജോസ് കെ. മാണിയും ഇൗ ആരോപണം ഉന്നയിച്ചിരുന്നു. ബി.ജെ.പി ജില്ല, സംസ്ഥാന നേതാക്കളും ഇത് ശരിവെക്കുകയാണ്.
അമിത് ഷായും രാജ്നാഥ് സിങ്ങും ദേശീയ അധ്യക്ഷനുമെല്ലാം പ്രചാരണത്തിന് എത്തിയിട്ടും മുൻ തെരഞ്ഞെടുപ്പിെനക്കാൾ 86,000 വോട്ട് ബി.ജെ.പിക്ക് ജില്ലയിൽ മാത്രം നഷ്ടമായത് നാണക്കേടായെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. കണ്ണന്താനം ദേശീയ നേതൃത്വത്തിനും പരാതി നൽകിയതായാണ് വിവരം. പൂഞ്ഞാറിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിക്ക് 12,000 വോട്ടാണ് നഷ്ടമായത്. അവിടെ ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിച്ചെന്ന് പി.സി. ജോർജ് ആരോപിച്ചതും ബി.ജെ.പിക്ക് നാണക്കേടായി. സംസ്ഥാനതലത്തിൽ ബി.ജെ.പിയുടെ പരാജയത്തിൽ വലിയ പങ്കുവഹിച്ചത് കോട്ടയം, എറണാകുളം ജില്ലകളാണെന്നും സംസ്ഥാന നേതാക്കൾ പറയുന്നു.