ലോകചെസ്സിന് ഇനി ഇന്ത്യയുടെ ‘ദിവ്യ’ പ്രഭ
text_fieldsബറ്റുമി (ജോർജിയ): ലോകചെസ്സ് കിരീടത്തിൽ വീണ്ടും ഇന്ത്യയുടെ പൊൻ മുത്തം. ഇന്ത്യക്കാരുടെ പോരാട്ടമായി മാറിയ വനിതാ ചെസ് ലോകകപ്പിൽ സൂപ്പർതാരം കൊനേരു ഹംപിയെ വീഴ്ത്തി, 19 കാരി ദിവ്യ ദേശ്മുഖ് കിരീടമണിഞ്ഞു. നാടകീയതകളേറെ നിറഞ്ഞ മത്സരത്തിന്റെ ട്രൈബ്രേക്കറിലെ മിന്നും നീക്കവുമായാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള കൗമാരക്കാരി ലോകചെസ്സിന്റെ പുതു ചാമ്പ്യനായി മാറിയത്.
ശനി, ഞായർ ദിവസങ്ങളിൽ നടന്ന മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞതോടെയാണ് വിധി നിർണയം ടൈബ്രേക്കറിന്റെ ഭാഗ്യ പരീക്ഷണത്തിലേക്ക് നീങ്ങിയത്.
ലോകചെസ് കിരീടത്തിനൊപ്പം, ഗ്രാൻഡ്മാസ്റ്റർ പദവിയും ഇന്ത്യൻ താരത്തെ തേടിയെത്തി. ഇന്ത്യയുടെ 88ാമത്തെ ഗ്രാൻഡ്മാസ്റ്ററും, നാലാമത്തെ വനിത ഗ്രാൻഡ്മാസ്റ്ററുമായി കൗമാരക്കാരി. ഹംപി, ആർ. വൈശാലി, ഹരിക ഡി എന്നിവരാണ് നേരത്തെ ഗ്രാൻഡ്മാസ്റ്റർ പട്ടത്തിലെത്തിയത്. ഇതിനു പുറമെ അടുത്ത വനിതാ കാൻഡിഡേറ്റ്സിനും ദിവ്യ യോഗ്യത നേടി.

ജോർജിയ വേദിയായ ആവേശകരമായ ഫൈനലിലെ ടൈബ്രേക്കറിൽ പരിചയ സമ്പന്നയായ കൊനേരു ഹംപിയുടെ നീക്കങ്ങളിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചത് മുതലെടുത്തായിരുന്നു ദിവ്യയുടെ നീക്കങ്ങൾ.
ഇതാദ്യമായി രണ്ട് ഇന്ത്യൻ വനിതകൾ ചെസ് ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്ന സവിശേഷതയുമുണ്ടായിരുന്നു. മുൻ ലോക വനിത ചാമ്പ്യൻ ചൈനയുടെ ടാൻ സോംഗിയെ 101 നീക്കങ്ങൾ നീണ്ട മാരത്തൺ കളിയിൽ തോൽപിച്ചാണ് ദിവ്യ ദേശ്മുഖ് ഫൈനലിലെത്തിയത്.
ടൈബ്രേക്കറിെൻർ ആദ്യ ഘട്ടത്തിലെ ഒന്നാം റാപ്പിഡ് ഗെയിമിൽ ഇരുവരും തുല്യത പാലിച്ചപ്പോൾ, രണ്ടാം റാപ്പിഡ് ദിവ്യക്ക് അനുകൂലമായി കിരീടത്തിലെത്തിച്ചു. ഇരുവർക്കും 15 മിനിറ്റും, ഓരോ നീക്കത്തിനും പത്ത് സെക്കൻഡ് അധികവും അനുവദിക്കുന്നതാണ് റാപ്പിഡ് റൗണ്ട്.