പ്രിയ മകനേ... ഉള്ളുരുകി ആമിനയുമ്മ; കോവിഡ് കവർന്ന ഏകമകന്‍റെ ഖബറിടത്തിൽ മാതാവ്
text_fieldsമബേലയിലുള്ള റഷീദിന്റെ ഖബറിടത്തിൽ മാതാവ് ആമിന
,
മസ്കത്ത്: കോവിഡ് മഹാമാരി ജീവിതം കവർന്ന ഏകമകന്‍റെ ഖബറിടം കാണാൻ ഉള്ളുരുകി ആ ഉമ്മയെത്തി. മഹാമാരിയുടെ തുടക്കത്തിൽ മസ്കത്തിൽ മരിച്ച കണ്ണൂർ കരുവഞ്ചാൽ സ്വദേശി റഷീദിന്റെ ഖബറിടം കാണാനാണ് നെടുവീർപ്പോടെ മാതാവ് ആമിന മബേലയിലുള്ള ഖബർസ്ഥാനിലെത്തിയത്. പ്രിയപ്പെട്ട മകന്‍റെ ചാരത്ത് എത്തിയ ആമിനുമ്മ വികാരഭരിതയായി. സമച്ചിത്തത വീണ്ടെടുത്ത് ഉള്ളുരുകി പ്രാർഥിച്ചുള്ള അവരുടെ മടക്കം ഒപ്പമുണ്ടായിരുന്നവർക്കും നൊമ്പരക്കണ്ണീരായി.
കോവിഡ് കാലത്ത് വിമാന സർവിസില്ലാത്തതിനാൽ മൃതദേഹം ബന്ധുക്കളുടെ അപേക്ഷ പ്രകാരം ഇവിടെതന്നെ മറവുചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇവർ ഖബറിടത്തിലെത്തിയത്. റൂവി കെ.എം.സി.സിയുടെ തണലിൽ നാട്ടിൽനിന്ന് വ്യാഴാഴ്ച മസ്കത്തിൽ എത്തിയ ഇവർ നേരെ ഖബർ സന്ദർശിക്കാനായിരുന്നു പോയത്.
ഏക സന്തതിയായ മകന്‍റെ ഖബറിടം കാണണമെന്ന് ആഗ്രഹത്തിന് മസ്കത്ത് റുവി കെ.എം.സി.സി കൈ കോർത്തതോടെയാണ് ആമിനയുമ്മയുടെ ഒമാനിലേക്കുള്ള വരവ് സാധ്യമായത്.
2021 മാർച്ച് മാസം കോവിഡ് മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷീദിന്റെ ചികിത്സാ സമയത്തും ഒടുവിൽ മരണത്തിന് കീഴടങ്ങിയപ്പോൾ അന്ത്യകർമങ്ങളും ഏറ്റെടുത്തത് നടത്തിയിരുന്നതും റൂവി കെ.എം.സി.സി പ്രവർത്തകരായിരുന്നു.
സന്ദർശനം പൂർത്തിയാക്കി ആമിന ഉമ്മ ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും.