
Representational Image
അവിട്ടത്തിന് രുചിയൂറും നെയ് പായസം
text_fieldsമൂന്നാം ഒാണ ദിവസമായ അവിട്ടത്തിന് രുചികൾ ഇഷ്ടപ്പെടുന്നവർക്കായി പത്മ സുബ്രഹ്മണ്യം അവതരിപ്പിക്കുന്നതാണ് നെയ് പായസം. ഈ കിടിലൻ പായസം നമ്മുക്ക് എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ:
1. ഉണക്കലരി - അര കിലോ
2. ശർക്കര - ഒന്നേകാൽ കിലോ
3. നെയ്യ് - മുക്കാൽ കിലോ
4. ചില്ലു കൽക്കണ്ടം - 25 ഗ്രാം
5. ഉണക്കമുന്തിരി - 25 ഗ്രാം
6. നാളികേരം നുറുക്കി നെയ്യിൽ വറുത്തത് - 50 ഗ്രാം
7. കശുവണ്ടി നെയ്യിൽ മൂപ്പിച്ചത് - 75 ഗ്രാം.
തയാറാക്കുന്ന വിധം:
ഉണക്കലരി കഴുകി രണ്ടു ലിറ്റർ വെള്ളം ഒഴിച്ചു വേവിക്കുക (മുക്കാൽ വേവ് മതി). ശർക്കര ഇട്ട് അലിയുമ്പോൾ മുതൽ കുറച്ചു കുറച്ച് നെയ്യ് ഒഴിച്ചു നന്നായി വരട്ടിയെടുക്കുക. ഉരുളിയിൽ നിന്ന് വിട്ടുവരുന്നതു വരെ വരട്ടണം. ഇതിലേക്ക് 4, 5, 6, 7 ചേരുവകൾ ചേർത്ത് ഇളക്കുക. രുചികരമായ നെയ്പായസം തയാർ.
പായസം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കാൻ
ഓട്ടുരുളിയിൽ പായസം തയാറാക്കുക.ഗുണനിലവാരം കൂടുതലുള്ള മറയൂർ ശർക്കര ശുദ്ധി ചെയ്തത് കിട്ടും. കറുത്ത ശർക്കര നോക്കി വാങ്ങുക. പായസത്തിന് നല്ല നിറവും ഗുണവും കിട്ടും.
വെണ്ണ വാങ്ങി ഉരുക്കി നെയ്യ് ഉണ്ടാക്കിയാൽ മണവും രുചിയും വർധിക്കും.
പായസത്തിന് വറുക്കുന്നത് കൊട്ടത്തേങ്ങ ആണെങ്കിൽ നന്ന്.
പായസം ഇല കൊണ്ട് അടച്ചുവെക്കുക.
ഉണക്കലരി ഉപയോഗിക്കുക.
പായസം പാകമായോ എന്നറിയാൻ ഒരു പ്ലേറ്റിൽ ഒരു സ്പൂൺ പായസം ഒഴിച്ച് ചൂണ്ടുവിരൽ കൊണ്ട് മധ്യഭാഗത്ത് ഒന്ന് വരക്കുക. അപ്പോൾ രണ്ടു ഭാഗത്തുമായി നിന്നാൽ ജലാംശമെല്ലാം വറ്റി പായസം പാകമായി എന്നു മനസ്സിലാക്കാം.