രാജമാണിക്യം റിപ്പോർട്ട്; പകരം ഭൂമി നൽകാതെ ആദിവാസികളെ ഒഴിപ്പിക്കരുത്
text_fieldsപാലക്കാട്: അന്യാധീനപ്പെട്ട ഭൂമികേസുകളിൽപ്പെട്ട (ടി.എൽ.എ) ആദിവാസികളെ കൈവശഭൂമിയിൽ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുതെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ട്. റവന്യൂ- പൊലീസ് അധികൃതരുടെ സഹായത്തോടെ കുടിയിറക്കാൻ വൻ സംഘമെത്തി നിരന്തരം ഭീഷണിപ്പെടുത്തുന്നെന്നും ഭൂമി കൈയേറുന്നെന്നും നിരവധി ആദിവാസികളാണ് പരാതിപ്പെടുന്നത്. ഗായിക നഞ്ചിയമ്മയുടേതുൾപ്പെടെയുള്ള പരാതികൾ ഇത്തരത്തിലുള്ളതായിരുന്നു. റവന്യൂ സെക്രട്ടറി ആഗസ്റ്റിൽ അട്ടപ്പാടിയിലെത്തിയപ്പോഴും പരാതിയുമായി ആദിവാസികളെത്തിയിരുന്നു.
കഴിഞ്ഞ മേയിലാണ് ഷോളയൂർ വില്ലേജിൽ 1784/1, 1780, 1783 സർവേ നമ്പരുകളിൽ ഭൂമിയുള്ള വേലു മൂപ്പൻ കുടിയിറക്കാൻ വൻ സംഘമെത്തി ഭീഷണിപ്പെടുത്തുന്നെന്ന് കാണിച്ച് ഡി.ജി.പിക്ക് പരാതി നൽകിയത്. ഇത്തരത്തിൽ നിരവധി പരാതികൾ പതിവാണെന്ന് പൊതുപ്രവർത്തകർ പറയുന്നു. 1960 ജനുവരി ഒന്ന് മുതൽ 1986 വരെ തുച്ഛമായ പ്രതിഫലത്തിനും മറ്റും ആദിവാസികളിൽ നിന്ന് കൈമാറ്റം ചെയ്ത ഭൂമി ലഭിച്ച ആദിവാസികളല്ലാത്തവർക്കും അവരുടെ പിന്തുടർച്ചക്കാർക്കും രണ്ട് ഹെക്ടർ വരെയുള്ള ഭൂമി തുടർന്നും കൈവശം വെക്കാൻ 1999 ലെ ‘ദ കേരള റിസ്ട്രിക്ഷൻ ഓൺ ട്രാൻസ്ഫർ ബൈ ആൻഡ് റീസ്റ്റോറേഷൻ ഓഫ് ലാൻഡ് ടു ഷെഡ്യൂൾഡ് ട്രൈബ്സ് ആക്ട്’ അനുമതി നൽകുന്നുണ്ട്.
അതേസമയം, ആദിവാസികൾ കൈവശം വെച്ചും താമസിച്ചും വരുന്ന ഭൂമിയല്ലാതെ മറ്റ് ഭൂമി അവർക്കില്ലാത്ത സാഹചര്യത്തിൽ പകരം തത്തുല്യഭൂമി കണ്ടെത്തി നൽകണമെന്നും നിയമം നിഷ്കർഷിച്ചിട്ടുണ്ട്. അത്തരം കേസുകളിൽപ്പെട്ട ആദിവാസികൾക്ക് പകരം തത്തുല്യഭൂമി കണ്ടെത്തി നൽകും വരെ ടി.എൽ.എ കേസുകളിലെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ആദിവാസികളെ കൈവശ ഭൂമിയിൽ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ട എന്ന നിർദേശം ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകണമെന്നാണ് റവന്യൂ സെക്രട്ടറി സെപ്തംബർ 10 ന് സർക്കാരിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.


