മരണം വിതച്ച റെയിൽപാത
text_fieldsമേയ് ഒന്ന് തൊഴിലാളി ദിനം. അധ്വാനിക്കുന്നവന്റെ രക്തത്തിൽനിന്ന് ഉയിർകൊണ്ടതാണ് ഇന്ന് സഞ്ചാരികളെ ആകർഷിക്കുന്ന പല സ്മാരകങ്ങളും. തായ്ലൻഡിലെ ഡെത്ത് റെയിൽവേ സന്ദർശനം ഉയർത്തുന്ന വർഗചിന്തകളാണ് ഈ കുറിപ്പിൽ
‘രാവിലെ നാലു മണിക്ക് ജോലി ആരംഭിക്കണം. രോഗികളെ പരിചരിക്കുകയല്ല മറിച്ച് രോഗംകൊണ്ട് വലയുന്നവരിൽ പണിയെടുക്കാൻ പറ്റുന്ന ആളുകളെ തെരഞ്ഞെടുക്കണം. ഞാനത് ചെയ്തില്ലെങ്കിൽ മരണത്തോട് മല്ലിടുന്നവരെ പോലും സൈനികർ പണിയെടുക്കാൻ കൊണ്ടുപോകും.
കഠിനപ്രയത്നം വേണ്ട ജോലിയിൽനിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണേയെന്ന അപേക്ഷ വയറിളകി മൃതപ്രായനായവരുടെയും കാലിൽ ഉണങ്ങാത്ത വലിയ വ്രണങ്ങളുള്ളവരുടെയുമെല്ലാം കണ്ണുകളിൽ ഞാൻ കണ്ടു. മരണം വരെ അവരുടെ ദയനീയമായ നോട്ടങ്ങൾ എന്നെ പിന്തുടരും.’ ഡോക്ടർ ലോയ്ഡ് കാഹിലിന്റെ ഈ വാക്കുകൾ പതിറ്റാണ്ടുകൾക്കു മുമ്പ് തായ്ലൻഡിലെ കാഞ്ചനബുരിയിൽ ജാപ്പനീസ് സൈന്യം നടത്തിയ ഹീനമായ നരനായാട്ടിന്റെ നേർസാക്ഷ്യമാണ്.
മുമ്പും പല യുദ്ധസ്മാരകങ്ങളും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഹെൽ ഫയർ പാസ് മ്യൂസിയത്തിൽനിന്ന് കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ മനസ്സിനെയാകെ ഇളക്കിമറിച്ചു. ഒരു സാധാരണ മനുഷ്യന് സങ്കൽപിക്കാവുന്ന ക്രൂരതക്ക് പരിധിയുണ്ട്. എന്നാൽ, യുദ്ധത്തിൽ അരങ്ങേറുന്ന പീഡനങ്ങൾ അതിലുമെത്രയോ മടങ്ങാണെന്ന് ഈ മ്യൂസിയം സന്ദർശിച്ചു കഴിയുമ്പോൾ ബോധ്യമാവും.
‘ഇന്ത്യ’യിലേക്കുള്ള വഴി
1942ലാണ് തായ്ലൻഡിനെയും ബർമയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിക്ക് ജപ്പാൻ തുടക്കം കുറിച്ചത്. ഇന്ത്യയിൽനിന്ന് ബ്രിട്ടീഷുകാരെ തുരത്തുന്നതിനായി സൈനികരെയും ആയുധങ്ങളും എത്തിക്കുക ലക്ഷ്യമാക്കിയായിരുന്നു റെയിൽ പണിയാൻ തുടങ്ങിയത്. ബർമ വഴിയായിരുന്നു ഇന്ത്യയെ ആക്രമിക്കാൻ ഏറ്റവും എളുപ്പം. പക്ഷേ, 400 കിലോമീറ്റർ റെയിൽ പാളം നിർമിക്കുക ദുഷ്കരമായ ജോലിയായിരുന്നു.
പ്രതികൂലമായ ഭൂപ്രകൃതിയായിരുന്നു പ്രധാന കാരണം. നദികളും മുളങ്കാടുകൾ നിറഞ്ഞ മലകളും കരിങ്കൽ കുന്നുകളും നിറഞ്ഞ സ്ഥലങ്ങളിൽകൂടി വേണം പാളം പണിയാൻ. തെക്കുകിഴക്കൻ രാജ്യങ്ങളിലെ പാവപ്പെട്ടവരെയായിരുന്നു ജപ്പാൻകാർ ഇതിനായി ആദ്യമെത്തിച്ചത്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് രണ്ടുലക്ഷത്തിൽപരം ആളുകളെ ക്യാമ്പുകളിൽ എത്തിച്ചു.
രണ്ടാം ലോക യുദ്ധത്തിൽ ജപ്പാൻ തടവിലാക്കിയവരായിരുന്നു മറ്റൊരു വിഭാഗം ജോലിക്കാർ. അതിൽ ബ്രിട്ടീഷ്, ഡച്ച്, ആസ്ട്രേലിയൻ സൈന്യത്തിലെ അറുപതിനായിരം പേർ ഉൾപ്പെട്ടിരുന്നു. ഒരു വർഷം നീണ്ടുനിന്ന റെയിൽ നിർമാണത്തിനിടെ 70,000 പേർ മരിച്ചു വീണു. അതുകൊണ്ടുതന്നെ ഡെത്ത് റെയിൽവേ എന്ന പേരിലാണ് പിൽക്കാലത്ത് ഈ പാത അറിയപ്പെട്ടത്.
ഡെത്ത് റെയിൽവേ
ബാങ്കോക്കിൽനിന്ന് 70 കിലോ മീറ്റർ ദൂരെ കാഞ്ചനബുരി എന്ന ചെറിയ പട്ടണത്തിൽ ഡെത്ത് റെയിൽവേയുടെ ഭാഗമായിരുന്ന റെയിൽപാളം ഇന്നുമുണ്ട്. പണ്ട് നിർമിച്ച 415 കിലോമീറ്റർ പാളത്തിൽ 130 കിലോമീറ്റർ ഇന്നും ഉപയോഗപ്രദമാണ്. കോൺയു കട്ടിങ് ആയിരുന്നു റെയിൽ നിർമാണത്തിന്റെ ഏറ്റവും ദുഷ്കരമായ ഘട്ടം. അവിടെ പാളംപണി തീർക്കാൻ 12 ആഴ്ചയെടുത്തു. 69 സൈനികരും ഇതിനിടയിൽ മരിച്ചു. പിന്നീട് ആസ്ട്രേലിയൻ സർക്കാർ മുൻകൈയെടുത്താണ് അവിടെ സ്മാരകവും മ്യൂസിയവും പണിതത്.
മ്യൂസിയം കണ്ട ശേഷം നൂറിലധികം കുത്തനെയുള്ള പടികൾ ഇറങ്ങി വലിയൊരു മുളങ്കാടിനടുത്തെത്തി. ചെറിയൊരു നടപ്പാത. അതിലെയായിരുന്നു റെയിൽപാളം കടന്നുപോയിരുന്നത്. മ്യൂസിയത്തിൽനിന്ന് ലഭിച്ച ഓഡിയോ െഗെഡിന്റെ ഹെഡ്ഫോണിൽ റോബർട്ട് ക്രിസ്ടി എന്ന സൈനികന്റെ സ്വരം. ‘സിംഗപ്പൂർനിന്ന് ഗുഡ്സ് ട്രെയിനിൽ അഞ്ചുദിവസം സഞ്ചരിച്ചാണ് ഞങ്ങൾ എത്തിയത്. ഒരു വാഗണിൽ കുത്തിനിറച്ചാണ് ഞങ്ങളെ കൊണ്ടുവന്നത്.
പുളിച്ചു പോയ ചോറും അരികൊണ്ടുണ്ടാക്കിയ മറ്റൊരു ഭക്ഷണവുമായിരുന്നു തിന്നാൻ കിട്ടിയത്. യാത്ര കഴിയുമ്പോൾ ദുരിതമവസാനിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാൽ വലിയ പരീക്ഷണങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ദിവസങ്ങളിൽ പത്തും പന്ത്രണ്ടും മണിക്കൂർ വരെ കഠിനാധ്വാനം ചെയ്തു. എട്ടാം ദിവസം വിശ്രമ ദിവസമായിരുന്നു. എന്നാൽ, പാളത്തിന്റെ പണി എത്രയും പെട്ടെന്ന് തീർക്കാൻ മുകളിൽനിന്ന് സമ്മർദം ഏറിയപ്പോൾ തടവുകാരെക്കൊണ്ട് 16 മണിക്കൂർ വരെ പണിയെടുപ്പിച്ചു.’
മരണത്തിനുമപ്പുറം
പത്തും പന്ത്രണ്ടും ദിവസം കൂടുമ്പോഴായിരുന്നു അവർക്ക് വിശ്രമിക്കാൻ അവസരം കിട്ടിയത്. മൂന്നു തവി ചോറായിരുന്നു ഒരു ദിവസത്തെ ഭക്ഷണം. അതിലാണെങ്കിൽ നിറയെ കീടങ്ങളും. പട്ടിണി കിടന്ന് ജോലിക്കാരും തടവുകാരും എല്ലും തോലുമായി. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞു.
നാണം മറയ്ക്കാൻ തുണ്ടു തുണി മാത്രമായിരുന്നു ജപ്പാൻ സൈനികർ നൽകിയത്. ചെരിപ്പുകൾ തേഞ്ഞുപോയതിനാൽ അവർ നഗ്നപാദരായി ചുട്ടുപൊള്ളുന്ന മണ്ണിലൂടെ കൂർത്ത കല്ലുകൾക്ക് മുകളിൽ നടന്നു. ആ ദിവസങ്ങളിൽ അവിടെ മുഴങ്ങിക്കേട്ടത്. ‘സ്പീഡോ സ്പീഡോ സ്പീഡോ’ എന്ന ആജ്ഞകൾ മാത്രമായിരുന്നു.
അവിടെ യഥേഷ്ടം വളർന്നിരുന്ന മുളങ്കൂട്ടങ്ങളെ ആശ്രയിച്ചായിരുന്നു അവർ ജീവിച്ചത്. മുളക്കമ്പുകളിൽ വെള്ളം നിറച്ച് പണിസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു. മുളന്തണ്ടുകൾ വെട്ടി താൽക്കാലിക കൂടാരമുണ്ടാക്കി അന്തിയുറങ്ങി. മുളകൊണ്ട് കട്ടിലും സ്ട്രെച്ചറും മറ്റുമെല്ലാം നിർമിച്ചു.
എന്നാൽ, ഇതേ മുള മറ്റൊരുരീതിയിൽ ഒഴിയാദുരിതങ്ങളും സമ്മാനിച്ചു. പാളം നിർമിക്കുന്നതിനായി കാട് വെട്ടിനീക്കണമായിരുന്നു. മുളച്ചീളുകൾ കൈയിലും കാലിലുമൊക്കെ തറച്ചു വലിയ വ്രണങ്ങൾ ഉണ്ടായി. ആ വ്രങ്ങൾവെച്ച് പണിയെടുക്കാൻ അവർ നിർബന്ധിതരായി. തേനീച്ചകളും മറ്റു പലതരം പ്രാണികളുടെ കടികൊണ്ടുണ്ടായ മുറിവുകൾ ദുരിതത്തിന്റെ ആഴം കൂട്ടി.
തൊഴിലാളി പീഡനങ്ങൾ
സർ ആർതർ വെയറി ഡൺലോപ് എന്ന ഡോക്ടർക്കും പറയാനുണ്ടായിരുന്നത് ഭിന്നമായ കാര്യങ്ങളല്ല. ആളുകളെ മരണത്തിൽനിന്ന് രക്ഷപ്പെടുത്താൻ അദ്ദേഹം രാപ്പകലില്ലാതെ പരിശ്രമിച്ചു. വയറിളക്കം പിടിച്ചർക്ക് ഡ്രിപ് നൽകാൻ സൗകര്യമില്ലായിരുന്നു. അടുക്കളയിൽനിന്ന് ഉപ്പ് മോഷ്ടിച്ചു വെള്ളത്തിൽ കലക്കി മുളകൊണ്ട് സൂചിയുണ്ടാക്കി ഡ്രിപ് കൊടുത്തു.
അടിസ്ഥാന സൗകര്യം പോലുമില്ലാത്തിടത്ത് വലിയ സർജറികൾ ചെയ്യേണ്ടിവന്നു. പരമാവധി ജീവനുകൾ രക്ഷിക്കണം എന്നുമാത്രമേ ചിന്തിച്ചുള്ളു. രോഗികളെ പരിചരിക്കാൻ പലരും സ്വമേഥയാ മുന്നോട്ടുവന്നു. എങ്കിലും മലേറിയയും കോളറയും പടർന്നപ്പോൾ മരുന്നുകളുടെ അഭാവത്തിൽ ഒരുപാട് പേർ മരിച്ചു. മലദ്വാരത്തിൽ മുളന്തണ്ട് കയറ്റി രക്തത്തിന്റെ അംശമുണ്ടോ എന്ന് നോക്കിയായിരുന്നു കോളറ തിരിച്ചറിഞ്ഞത്. ജാപ്പനീസ് സൈനികരായിരുന്നു അതിനു നേതൃത്വം നൽകിയത്.
ഞങ്ങൾ നടന്ന് വലിയ ഒരു മലയെ രണ്ടായി പകുത്ത ഭാഗത്തെത്തി. അതായിരുന്നു കോൺയൂ കട്ടിങ്. പഴയ റെയിൽപാളത്തിൽ അവശിഷ്ടങ്ങൾ കാണുന്നുണ്ട്. പാറയുടെ പുറംഭാഗം പുഷ്പചക്രങ്ങൾകൊണ്ടലങ്കരിച്ചിരുന്നു. റെയിൽവേയുടെ ജോലി നടക്കുമ്പോൾ കോൺയൂ കട്ടിങ് നിർമിക്കേണ്ട ഭാഗത്ത് കരിങ്കൽ മലയായിരുന്നുവത്രെ. അവരുടെ കൈയിൽ കാര്യമായ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഒരാൾ കല്ലിൽ ഡ്രിൽ കുത്തിപ്പിടിക്കും. മറ്റെയാൾ എട്ടു പത്തു പൗണ്ട് ഭാരമുള്ള ചുറ്റികകൊണ്ട് ഡ്രില്ലിൽ ആഞ്ഞടിക്കും. ചെറിയൊരു അശ്രദ്ധയുണ്ടായാൽ ഡ്രിൽ പിടിച്ചയാളുടെ കൈ ചതഞ്ഞരഞ്ഞു പോകും. ഡ്രിൽ ചെയ്ത ഭാഗത്തു ചെറിയ ഡയനാമിറ്റ് വെച്ച് തകർക്കും.
ഷൂ ഇടാതെ കരിങ്കൽ കഷണങ്ങൾ മാറ്റുക എളുപ്പമായിരുന്നില്ല. ഒരു സെക്കൻഡ് താമസിച്ചാൽ പുറത്തു ചാട്ടയടി കൊള്ളും. ഈ ഭാഗത്ത് പണി വളരെ പതുക്കെയാണ് പുരോഗമിച്ചത്. സമയത്തിന് പണി തീർക്കാനായി രാത്രിയിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ അവരെക്കൊണ്ട് ജോലി ചെയ്യിച്ചു. അസ്ഥിപഞ്ജരങ്ങളായി മാറിയിരുന്ന തടവുകാർ മണ്ണെണ്ണ വിളക്കിന്റെയും പന്തത്തിന്റെയും വെളിച്ചത്തിൽ പണിയെടുത്തിരുന്നതുകൊണ്ടാണ് കോൺയൂ കട്ടിങ്ങിന് ഹെൽഫയർ പാസ് (നരകാഗ്നി ചുരം) എന്ന പേര് ലഭിച്ചത്.
14 കിലോമീറ്റർ, 688 പാലങ്ങൾ
1943 ഒക്ടോബറിലാണ് പാളത്തിന്റെ പണി പൂർത്തിയായത്. 14 കിലോമീറ്റർ നീളം വരുന്ന 688 പാലങ്ങളാണ് ഒരു വർഷംകൊണ്ട് പണിതത്. ജപ്പാൻകാർക്ക് മുമ്പ് ബ്രിട്ടീഷുകാരുടെ മനസ്സിലും ഇതേ ആശയം ഉദിച്ചിരുന്നു. എന്നാൽ, കുറഞ്ഞത് ഏഴുവർഷമെങ്കിലും എടുക്കുമെന്ന് പറഞ്ഞാണ് അവർ പദ്ധതി ഉപേക്ഷിച്ചത്.
പട്ടിണി, പോഷകാഹാരക്കുറവ്, കോളറ, ബെറിബെറി തുടങ്ങിയ അസുഖങ്ങൾക്കു പുറമെ സൈനിക പീഡനമുറയും കൂടിയായപ്പോൾ മരണസംഖ്യ ഏറിവന്നു. 60,000 സാധാരണക്കാരും പൗരന്മാരും 12,000 സൈനിക തടവുകാരുമാണ് ആ ഒരു വർഷംകൊണ്ട് മരിച്ചുവീണത്. രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോൾ 111 ജാപ്പനീസ് സൈനിക ഉദ്യോഗസ്ഥരെ റെയിൽവേയുടെ നിർമാണ സമയത്ത് കാണിച്ച ക്രൂരതയുടെ പേരിൽ യുദ്ധക്കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്തു. ഇവരിൽ 32 പേർക്ക് വധശിക്ഷ ലഭിച്ചു.
ഡെത്ത് റെയിൽവേ കണ്ട് മടങ്ങുമ്പോൾ പാവപ്പെട്ടവരുടെ ജീവനുകൾ ബലികഴിച്ച് നിർമിച്ച സ്മാരകങ്ങൾ ഓർത്തുപോയി. നമ്മൾ പ്രകീർത്തിക്കുന്ന ആഗ്രയിലെ താജ്മഹലിനും ഈജിപ്തിലെ പിരിമിഡുകൾക്കുമൊക്കെ ഇത്തരം ഒരുപാടു സങ്കടകഥകൾ പറയാനുണ്ട്. മനുഷ്യരുടെ, അധികാരവർഗത്തിന്റെ ദുരാഗ്രഹത്തിന്റെകൂടി സ്മാരകങ്ങൾ!
.