കാഞ്ഞിരപ്പള്ളിയിൽനിന്ന് കശ്മീരിലേക്ക് ഒരു ബുള്ളറ്റ് യാത്ര
text_fieldsറസലി കെ. റഷീദ് ബുള്ളറ്റിൽ കശ്മീരിൽ എത്തിയപ്പോൾ
കാഞ്ഞിരപ്പള്ളി: ഇന്ത്യയുടെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ഒരു ബുള്ളറ്റ് യാത്ര. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി റസലി കെ. റഷീദ്. 13 ദിവസം കൊണ്ട് കാഞ്ഞിരപ്പള്ളിയിൽനിന്ന് ബുള്ളറ്റിൽ കശ്മീരിൽ എത്തിയ സന്തോഷത്തിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ. തിടനാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ കാഞ്ഞിരപ്പള്ളി കണ്ടത്തിൽ വീട്ടിൽ റസലി കെ. റഷീദ് ആഗസ്റ്റ് മൂന്നിനാണ് കാഞ്ഞിരപ്പള്ളിയിൽനിന്ന് ബുള്ളറ്റ് യാത്ര ആരംഭിച്ചത്.
വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 13 ദിവസം കൊണ്ട് കശ്മീരിലെ ലഡാക്കിലെത്തി. 10 ദിവസം അവിടെ ചെലവഴിച്ച് ചൈന, പാകിസ്താൻ അതിർത്തികൾ സന്ദർശിച്ചു. ഹിമാചൽ പ്രദേശ്- കശ്മീർ അതിർത്തിയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നു മൂന്നു ദിവസം കശ്മീരിൽ തങ്ങേണ്ടി വന്നു. കാർഗിൽ വഴിയാണ് മണാലിയിൽ എത്തിയത്. അമൃത്സറിൽ സുഹൃത്തും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒയുമായ പി.സി. ജയേഷും ഒപ്പം ചേർന്നു.
രാജസ്ഥാനിൽനിന്ന് പഞ്ചാബിലേക്ക് പോകും വഴി അമൃത്സർ ജംനഗർ എക്സ്പ്രസ് ഹൈവേയിൽ തന്റെ ബുള്ളറ്റിന് പിന്നാലെ വന്ന കാർ കൊള്ളയടിക്കപ്പെട്ടതായി റസലി പറഞ്ഞു. കർതുംഗലയിൽനിന്ന് പാങ്ങോങ് പോകും വഴി ബുള്ളറ്റ് മണലിൽ സ്കിഡ് ആയി മറിഞ്ഞു. ഏറെ നേരം വഴിയിൽ ആരുമില്ലാതെ കിടന്നു. പിന്നെ എങ്ങനെയൊക്കെയോ ബുള്ളറ്റ് പൊക്കി എടുത്തുമാറ്റുകയായിരുന്നു. മണാലി റൂട്ടിൽ പാങ്ങ് എന്ന സ്ഥലത്ത് എത്തിയപ്പോൾ മല ഇടിഞ്ഞു വീണ് റോഡ് തടസ്സപ്പെട്ടു. തുടർന്ന് മൂന്ന് ദിവസം ഒരു അമ്മച്ചി യുടെ കടയിൽ അവർ ഉണ്ടാക്കികൊടുത്ത ഭക്ഷണവും കഴിച്ചു താമസിച്ചു.
18000 അടി മുകളിലുള്ള കശ്മീരിലെ പ്രദേശങ്ങളിൽ പലപ്പോഴും സാധാരണയിൽനിന്ന് വ്യത്യസ്തമായി 40 ശതമാനം ഓക്സിജൻ മാത്രമാണുള്ളത്. ഇത് കാരണം പലപ്പോഴും ശ്വാസ തടസ്സമുണ്ടായി. മൂക്കിൽനിന്നു രക്തം വന്നു. ഇതു കാരണം നാലു രാത്രി ഉറങ്ങാൻ സാധിച്ചില്ല. ക്ലൈമ്പ് ക്രൂ എന്ന ബൈക്ക് യാത്രികരുടെ കൂട്ടായ്മ പലപ്പോഴും സഹായത്തിനുണ്ടായിരുന്നു. 42,000 രൂപയാണ് യാത്രക്കു ചെലവായത്. പലപ്പോഴും പെട്രോൾ പമ്പുകളിൽ ടെന്റ് അടിച്ച് താമസിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചു.
തിരിച്ച് ചണ്ഡിഗഡിൽനിന്ന് ബുള്ളറ്റിൽ ഡൽഹിയിലെത്തിയ ശേഷം ട്രെയിൻ മാർഗം തൃശൂരിലെത്തി. അവിടെനിന്ന് ബുള്ളറ്റിൽ കാഞ്ഞിരപ്പള്ളിയിലേക്ക് മടക്കം. ആകെ യാത്രക്ക് 23 ദിവസം. കാഞ്ഞിരപ്പള്ളി കണ്ടത്തിൽ അബ്ദുൾ റഷീദിന്റെയും പരേതയായ റഷീദയുടെയും മകനാണ് റസലി. ഷെമിനയാണ് ഭാര്യ. വിദ്യാർഥികളായ റയാൻ, റയീഫ എന്നിവരാണ് മക്കൾ. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ബുള്ളറ്റ് യാത്രക്ക് പ്രചോദനമെന്ന് റസലി പറഞ്ഞു.