Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightഒരിക്കൽ പോലും വിമാനം...

ഒരിക്കൽ പോലും വിമാനം കയറാതെ ലോകം മുഴുവൻ ചുറ്റിക്കറങ്ങിയ ഒരു സഞ്ചാരിയുടെ അസാധാരണ കഥ

text_fields
bookmark_border
Thor Pedersen
cancel
camera_alt

തോർ പെഡേഴ്സൺ

വിമാനത്തിൽ കയറാതെ ലോകം ചുറ്റിക്കറങ്ങുന്നതിനെ കുറിച്ച് ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ? അ​തൊരിക്കലും സാധിക്കില്ല എന്നല്ലേ വിചാരിക്കുന്നത്. എന്നാൽ വിമാനത്തിൽ കയറാതെ ലോകം മുഴുവൻ സഞ്ചരിച്ച ഒരാളുണ്ട്. ഡാനിഷ് പൗരനായ തോർ പെഡേഴ്സൺ. ആരെയും ത്രില്ലടിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ യാത്ര. ​

യാത്രകളോട് എന്നും അഭിനിവേശമായിരുന്നു പെഡേഴ്സണ്. എപ്പോഴും യാത്ര ചെയ്തുകൊണ്ടേയിരിക്കുക...അതായിരുന്നു അദ്ദേഹം സ്വപ്നം കണ്ട ​ജീവിതം.

ഡെൻമാർക്കിലെ മികച്ച ശമ്പളമുള്ള ജോലി കളഞ്ഞാണ് ആ സ്വപ്നം പെഡേഴ്സൺ ​സാക്ഷാത്കരിച്ചത്. ഒരിക്കൽ പോലും വിമാനത്തിൽ കയറാതെ ലോകത്തെ എല്ലായിട​ത്തേക്കും യാത്ര ചെയ്യുക എന്നതായിരുന്നു പെഡേഴ്സന്റെ വന്യമായ സ്വപ്നം. എവിടെ പോകുമ്പോഴും ആ നിയമം കർശനമായി പിന്തുടരാൻ പെഡേഴ്സൻ ശ്രദ്ധചെലുത്തി. ചുരുങ്ങിയത് 24 മണിക്കൂർ മാത്രം ഒരിടത്ത് ചെലവഴിച്ച് മ​റ്റിടങ്ങളിലേക്ക് അദ്ദേഹം യാത്ര തുടർന്നുകൊണ്ടേയിരുന്നു. ദൗത്യം പൂർത്തീകരിക്കുമ്പോൾ മാത്രം വീട്ടിൽ തിരിച്ചെത്തും. നാലു വർഷം കൊണ്ട് എല്ലാ രാജ്യങ്ങളും കറങ്ങാൻ കഴിയുമെന്നായിരുന്നു തുടക്കത്തിൽ പെഡേഴ്സന്റെ കണക്കുകൂട്ടൽ. അത് മാത്രം തെറ്റി. 10 വർഷമെടുത്തു അത് സാക്ഷാത്കരിക്കാൻ.

ട്രെയിനുകളും ബസുകളുമാണ് യാത്രക്കായി പെഡേഴ്സൺ തെരഞ്ഞെടുക്കുന്നത്. ഇതുവരെയായി 351 ബസുകളിലും 158 ട്രെയിനുകളിലും 37കണ്ടെയ്നർ ഷിപ്പുകളിലും 43 ​ട്രക്കുകളിലും കയറിയിറങ്ങിയിട്ടുണ്ട് ഈ സഞ്ചാരി. ഒരിക്കൽ കുതിരപ്പുറത്തും മറ്റൊരിക്കൽ പൊലീസ് കാറിലും യാത്ര ചെയ്തിട്ടുണ്ട്.

ബ്രസീലിലേക്കുള്ള 54 മണിക്കൂർ യാത്രയാണ് ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും ദൈർഘ്യമേറിയ ബസ് യാത്ര. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര റഷ്യയിലേക്കായിരുന്നു. അഞ്ചുദിവസം ട്രെയിനിലിരുന്നാണ് പെഡേഴ്സൺ റഷ്യ മുഴുവൻ കണ്ടത്. ഈ യാത്രകൾക്ക് ചെലവും കുറവാണ്. ഒരു ദിവസം ഭക്ഷണവും താമസവും വിസയും ഗതാഗതസൗകര്യവുമടക്കം ചെലവഴിച്ചത് 1600 രൂപയാണ്. യാത്രകൾ തുടരുന്നതിനിടയിലും ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടപ്പോൾ പ്രൊപ്പോസ് ചെയ്യാനും വിവാഹം കഴിക്കാനും പെഡേഴ്സൺ മറന്നില്ല.

ഇത്രയും വായിച്ചപ്പോഴേക്കും ആഹാ മനോഹരം...എന്ന് ചിന്തിക്കാൻ വരട്ടെ. യാത്രകളിലുടനീളം പെഡേഴ്സന്റെ മുന്നിലുണ്ടായിരുന്നത് കല്ലും മുള്ളും നിറഞ്ഞ റോഡുകളായിരുന്നു. യുദ്ധങ്ങളും അധികാര കേന്ദ്രങ്ങളിൽ നിന്നുള്ളവരുടെ ഇടപെടൽ നൽകുന്ന തലവേദനകളും ആഭ്യന്തര കലാപങ്ങൾ, പടിഞ്ഞാറൻ ആഫ്രിക്കയിലെ എബോള ദുരന്തം എന്നിവയും പെഡേഴ്സൺ നേരിട്ടു. കോവിഡ് മഹാമാരിയുടെ കാലത്ത് രണ്ടുവർഷം അതിർത്തികൾ അടച്ചുപൂട്ടിയതിനാൽ പെഡേഴ്സൺ അത്രയും കാലം ഹോങ്കോങ്ങിൽ കുടുങ്ങിപ്പോയി. യാത്രയിലുടനീളം അപരിചിതരുടെ സഹായഹസ്തം തനിക്കു നേരെ നീണ്ടതും അദ്ദേഹം ഓർമിക്കുന്നത്. അപരിചിതരായ മനുഷ്യർ ഭക്ഷണം നൽകി. അതിർത്തികൾ കടക്കാൻ പ്രദേശവാസികൾ വഴികാട്ടി. ഓരോ നാടുകളിലെയും ജനങ്ങ​ളെ അറിയാനായിരുന്നു പെഡേഴ്സൺ ഇക്കണ്ട കാലമത്രയും ഇത്രയും ബുദ്ധിമുട്ടി യാത്ര ചെയ്തതും.

അല്ലാതെ ഓരോ രാജ്യത്തെയും പ്രത്യേക ഇടങ്ങൾ തേടിയായിരുന്നില്ല.

2023 മേയിലാണ് തന്റെ ബക്കറ്റ് ലിസ്റ്റിലുള്ള അവസാനത്തെ രാജ്യത്തേക്കുള്ള യാത്ര പെഡേഴ്സൺ പൂർത്തിയാക്കിയത്. മാലദ്വീപിലേക്കായിരുന്നു അത്. ഒരു കണ്ടയ്നർ ഷിപ്പിലായിരുന്നു യാത്ര. അതോടെ വിമാനത്തിൽ യാത്രചെയ്യാതെ ഭൂമിയിലെ എല്ലാ രാജ്യവും സന്ദർശിച്ച ആദ്യത്തെ മനുഷ്യൻ എന്ന റെക്കോഡും സ്വന്തം പേരിൽ എഴുതിച്ചേർത്തു പെഡേഴ്സൺ. എല്ലാം കഴിഞ്ഞ് ജൻമനാടായ ഡെൻമാർക്കിലേക്ക് തിരിച്ചെത്തിയപ്പോൾ ഒരു ഹീറോയുടെ പരിവേഷമായിരുന്നു പെഡേഴ്സന്. പെഡേഴ്സന് സ്വീകരണം നൽകിയപ്പോൾ ചിലർ കരഘോഷം മുഴക്കി. ചിലർ പാട്ടുപാടി. മറ്റു ചിലർ കണ്ണീരണിയുക പോലും ചെയ്തു.

ഇന്ത്യയിലുള്ള ഒരാൾക്ക് പെഡേഴ്സന്റെ യാത്രകളെ കുറിച്ച് കേൾക്കുമ്പോൾ ചിലപ്പോൾ അവിശ്വസനീയമായി തോന്നാം. കാരണം ഡൽഹി, ദുബൈ എന്തിന് ലണ്ടനിൽ പോകണമെങ്കിലും വിമാന യാത്ര മതിയെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. മറ്റൊരു ഓപ്ഷനെ കുറിച്ച് ആലോചിക്കാൻ പോലുമാകില്ല. പണച്ചെലവ് കൂടുതലാണെങ്കിലും യാത്രാദൈർഘ്യം കുറക്കാം എന്നത് തന്നെയാണ് അതിന്റെ കാരണം. എന്നാൽ റോഡ് വഴിയും ട്രെയിനിൽ കയറിയും കടൽ മാർഗവും ലോകം കാണാമെന്ന് ഈ മനുഷ്യൻ നമുക്ക് തെളിയിച്ചു തന്നിരിക്കുകയാണ്.

ആഡംബരയാത്രകൾ നടത്താതെ, ബിസിനസ് ക്ലാസ് ടിക്കറ്റുകൾ തിരഞ്ഞെടുക്കാതെ നിശ്ചയദാർഢ്യവും ക്ഷമയും കൈമുതലാക്കിയാണ് പെഡെഴ്സൺ സാഹസികതയിലേക്കുള്ള പ്രയാസം തുടങ്ങിയത്. ലോകം വിശാലമാണ്, മനോഹരവും. ചിലപ്പോൾ കഠിനമായ പാതകളിലൂടെയുള്ള യാത്രകളാണ് ഏറ്റവും മികച്ചതാകുന്നത്...ഇതാണ് പെഡേഴ്സന്റെ കഥ നമ്മളെ പഠിപ്പിക്കുന്നതും.

Show Full Article
TAGS:travel news Latest News World News 
News Summary - Meet the man who travelled the world without taking a flight
Next Story