Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightമഞ്ഞുമലയിലെ മരണപാത

മഞ്ഞുമലയിലെ മരണപാത

text_fields
bookmark_border
Death Road,Iceberg,Frozen path,Treacherous journey,Icy cliffs, റോത്തങ് പാസ്, മണാലി, താജ്മഹൽ, സ്പിതി വാലി, പഹൽഗാം
cancel
camera_alt

റോത്തങ്പാസിലെ നാഴികക്കല്ല്

കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം വർഷത്തിൽ നാലോ അഞ്ചോ മാസം മാത്രം തുറക്കുകയും ബാക്കി സമയമൊക്കെയും മഞ്ഞ് പുതഞ്ഞ് കിടക്കുകയും ചെയ്യുന്ന പർവത പാതയാണ് ഹിമാചലിലെ റോഹ്ത്തങ് പാസ്. ലോകത്തിലെ തന്നെ ദുർഘട പാതകളിൽ ഒന്നാണിത്. ഇന്ത്യ-പാക് യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടേക്ക് നടത്തിയ യാത്രാനുഭവം.

മണാലിയിൽ വീണ്ടും മഞ്ഞ് വീണുതുടങ്ങി. മറ്റൊരു കൊടും ശൈത്യത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആ നാട്. നവംബറോടെ മണാലി നഗരം ഉൾപ്പെടെ പൂർണമായി മഞ്ഞിലമരും. ബിയാസ് നദിയിലെ വെള്ളം മഞ്ഞുപാളികൾക്ക് വഴിമാറും. ഹഡിംബ ദേവി ക്ഷേത്രവും പരിസരവും പ്രകൃതിയുടെ ഹിമവസ്ത്രമണിയും. അത് ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾ അവിടേക്ക് ഒഴുകിയെത്തും. പക്ഷേ, അപ്പോഴേക്കും റോഹ്താങ് പാസിലേക്കുള്ള വഴികൾ പൂർണമായി അടക്കും. ആ പർവത പാത മഞ്ഞുമലയിൽ അലിഞ്ഞുചേരും.

മഞ്ഞ് വാരിക്കളിക്കാൻ മണാലിയിലേക്ക്

ഇത്തിരി നേരം മഞ്ഞ് വാരിക്കളിക്കണം. കോരിയെടുത്ത് എറിയണം. അത് മാത്രമായിരുന്നു ആ യാത്രയുടെ ലക്ഷ്യം. കശ്മീരോ മണാലിയോ എന്നതായിരുന്നു പ്രധാന ചോദ്യം. കശ്മീരിലെ അതിശൈത്യവും മകൻ കൂടെയുള്ളതും കണക്കിലെടുത്ത് മണാലി എന്ന ഉത്തരം ഉറപ്പിച്ചു. മണാലിയിൽ ശൈത്യകാലം അല്ലാത്തതിനാൽ അതിസാഹസികത ആവശ്യമില്ല. എവിടെയാണോ മഞ്ഞ് ഉള്ളത് അവിടെയെത്തി അത് ആസ്വദിക്കാനുമാകും.

യുദ്ധവും യാത്രയും

യാത്ര തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് 2025 ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരവാദികളുടെ ആക്രമണമുണ്ടായത്. യാത്രക്കായി കശ്മീർ ഒഴിവാക്കി മണാലി തിരഞ്ഞെടുത്തതിൽ ആശ്വസിച്ചിരിക്കുമ്പോഴാണ് തുടർസംഭവവികാസങ്ങൾ അരങ്ങേറിയത്. ആക്രമണ പ്രത്യാക്രമണങ്ങൾ ഇന്ത്യയും പാകിസ്താനും തമ്മിൽ കടുത്ത യുദ്ധമുഖം തുറന്നതോടെ യാത്ര സംബന്ധിച്ച് അനിശ്ചിതത്വമായി. മണാലിയുടെ സമീപ പ്രദേശങ്ങളിൽ പോലും പാക് ഷെല്ലുകൾ പതിച്ചു. അതിർത്തി റോഡുകൾ അടച്ചു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വരെ യുദ്ധഭീഷണിയെത്തി.

ഈ സാഹചര്യത്തിൽ യാത്ര ഒഴിവാക്കാനായിരുന്നു ബന്ധുമിത്രാദികളുടെ സ്നേഹോപദേശം. യാത്ര പാക്കേജ് മുൻകൂട്ടി ബുക്ക് ചെയ്ത ‘യെല്ലാഗോ’ ട്രാവൽ ഏജൻസിയിൽനിന്ന് വരെ ‘യാത്ര മാറ്റിവെക്കണോ’ എന്ന ചോദ്യമെത്തി. മറ്റ് സമയങ്ങളിലേക്ക് സൗകര്യാനുസരണം മാറ്റാമെന്ന ഓഫറും അവർ നൽകി. പക്ഷെ, മുൻനിശ്ചയ പ്രകാരം യാത്ര തുടങ്ങാൻ തന്നെയായിരുന്നു തീരുമാനം. യുദ്ധം കാരണം യാത്രക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ തന്നെ, വീട്ടിലെ കട്ടിലിൽ കിടന്നോ നാട്ടിൽ പട്ടി കടിച്ചോ മരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണെന്ന് സുഹൃത്തുക്കളോട് തമാശ പറഞ്ഞു.

അടഞ്ഞ വഴികൾ തുറക്കുന്നു

എപ്പോൾ എവിടെ വെച്ച് വേണമെങ്കിലും യാത്ര അവസാനിപ്പിക്കേണ്ടിവരുമെന്ന് വീട്ടിൽനിന്നിറങ്ങുമ്പോൾ തന്നെ മകനെ ബോധ്യപ്പെടുത്തി. യുദ്ധം കാരണം ഡൽഹിയിലും മണാലിയിലും വിനോദസഞ്ചാരകേന്ദ്രങ്ങൾ ഏത് നിമിഷവും അടക്കാവുന്ന സാഹചര്യമായിരുന്നു. ഏറ്റവും ചുരുങ്ങിയത് ആഗ്രയിലെത്തി താജ്മഹൽ കണ്ട് മടങ്ങാം എന്നും പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. രണ്ട് ദിവസം നീണ്ട ട്രെയിൻ യാത്രക്കിടെ യുദ്ധവാർത്തകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഓപറേഷൻ സിന്ദൂർ ഉൾപ്പെടെ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന വാർത്തകളായിരുന്നു എങ്ങും. പക്ഷെ, ആഗ്രയിൽ ട്രെയിനിറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അത്ഭുതം കണക്കെ അത് സംഭവിച്ചു.

വെടിനിർത്തൽ കരാർ യാഥാർഥ്യമായി. ഇന്ത്യയും പാകിസ്താനും സമാധാന പാതയിലേക്ക് തിരികെയെത്തി. എനിക്കും സമാധാനമായി. പിന്നീട് ഞങ്ങളെ കാത്തിരുന്നത് ഏറ്റവും സമാധാനവും എന്നാൽ കനത്ത സുരക്ഷയുമുള്ള ആഗ്രയും ഡൽഹിയും മണാലിയുമാണ്. മൂന്ന് ദിവസമെടുത്ത് താജ്മഹലും ചെങ്കോട്ടയും ഖുതുബ്മീനാറും ഇന്ത്യ ഗേറ്റും ഡൽഹി ജമാമസ്ജിദുമൊക്കെ സന്ദർശിച്ച ശേഷമാണ് മണാലിയിലേക്ക് പുറപ്പെട്ടത്. സെമി സ്ലീപ്പർ ബസിൽ ഒരു രാത്രി മുഴുവൻ നീളുന്ന യാത്രക്കിടയിലാണ് ടൂർ ഓപറേറ്ററുടെ മറ്റൊരു സന്ദേശമെത്തുന്നത്. എട്ട് മാസത്തിനുശേഷം റോത്തങ് പാസ് തുറന്നുവെന്നും ആവശ്യമെങ്കിൽ മഞ്ഞ് ആസ്വദിക്കാൻ അവിടേക്ക് യാത്ര ഒരുക്കാം എന്നതുമായിരുന്നു ആ സന്ദേശം. യുദ്ധത്തിന്റെ പൂട്ടിക്കെട്ടലുകളെ ഭയന്ന് യാത്ര തുടങ്ങിയ ഞങ്ങൾക്ക് മുന്നിൽ പ്രകൃതിയുടെ വാതായനങ്ങൾ തുറക്കുന്നതായി പിന്നീടുള്ള കാഴ്ച.

റോഹ്ത്തങ് പാസ്: മഞ്ഞുമലയുടെ അറ്റം

റോഹ്ത്തങ് എന്ന വാക്കിന്റെ അർഥം ‘ശവങ്ങളുടെ കൂമ്പാരം’ എന്നാണ്. റോഹ്ത്തങ് പാസ് എന്നാൽ മരണ പാതയും. പഴയ കാലത്ത് വ്യാപാരികളും സൈനികരും ഈ പാത കടക്കുന്നതിനിടെ മഞ്ഞിലും ഹിമപാതത്തിലും കാറ്റിലും അകപ്പെട്ട് മരണപ്പെടുന്നത് പതിവായിരുന്നു. പുരാതന കാലം മുതൽ തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്ന ഒരു നിർണായക വ്യാപാര പാതയായിരുന്നു ഈ ചുരം. മണാലിയെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന പരമ്പരാഗത പാത. ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി താഴ്‌വരകളെ കുളു താഴ്‌വരയുമായി കൂട്ടിയോജിപ്പിക്കുന്നു.

ഹിമാലയത്തിലെ കിഴക്കൻ പിർ പഞ്ചൽ നിരയിലുള്ള ഈ പാത സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ്. മണാലിയിൽനിന്ന് ഏകദേശം 50 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഹിമാലയത്തിലെ ഉയർന്ന കൊടുമുടികൾക്കിടയിൽ, മഞ്ഞുമൂടിയ പർവതനിരകളാൽ ചുറ്റപ്പെട്ട വഴി. മഞ്ഞുപുതഞ്ഞ മലനിരകളുടെ വശ്യസൗന്ദര്യമാണ് ഇവിടത്തെ ആകർഷണം. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പ്രവചനാതീതവും വെല്ലുവിളി നിറഞ്ഞതുമാണ്. അതിനാൽ തന്നെ ശൈത്യകാലം ഉച്ചസ്ഥായിയിലെത്തിയാൽ ഈ പാത പൂർണമായി അടച്ചിടും. പിന്നെ മാസങ്ങളോളം അവിടെ റോഡ് ഉണ്ടെന്നതിന്റെ ഒരു അടയാളവും ശേഷിക്കാത്ത വിധം മഞ്ഞുമലയോട് ഉൾച്ചേരും. ഒക്ടോബർ-നവംബർ മാസങ്ങളിലായി അടക്കുകയും മേയ്-ജൂൺ മാസങ്ങളിലായി തുറക്കുകയുമാണ് സാധാരണ രീതി. കാലാവസ്ഥക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ സംഭവിക്കാം. മുൻകൂട്ടി പണമടച്ച് അപേക്ഷിക്കുന്നത് പ്രകാരം പെർമിറ്റ് നൽകിയാണ് റോഹ്താങ്പാസിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത്. വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ച് മലിനീകരണം കുറക്കാനാണിത്.

മഞ്ഞിലലിഞ്ഞ്...

മണാലിയിലെത്തിയതിന്റെ രണ്ടാം ദിനമായിരുന്നു മഞ്ഞ് തേടിയുള്ള ആ യാത്ര. ആദ്യ ദിവസം മണാലിയിലെയും മൂന്നാം ദിവസം കുളുവിലെയും വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് സന്ദർശിച്ചത്.മണാലിയിൽനിന്ന് ഞങ്ങളെയും കൊണ്ട് കാർ റോഹ്താങ് പാസിലേക്ക് കുതിച്ചു. ഓരോ സീസണിലും നൂറിലേറെ തവണ ഇവിടേക്ക് വാഹനമോടിച്ച പരിചയമുള്ള ഡ്രൈവർക്ക് വഴിയിലെ ഹെയർപിൻ വളവുകളും കുഴികളുമെല്ലാം നിസ്സാരമായിരുന്നു. കുട്ടികൾ കാർ റേസിങ് ഗെയിം കളിക്കുന്നതുപോലെ ആസ്വദിച്ചുള്ള ഡ്രൈവിങ്. വഴിയിലുടനീളം റോഡ് നിർമാണം നടക്കുന്നുണ്ടായിരുന്നു.

വിദൂര ദിക്കുകളിൽ മായക്കാഴ്ച പോലെ തോന്നിയിരുന്ന കൂറ്റൻ മഞ്ഞുമലകളുടെ ചാരത്തേക്ക് ഞങ്ങൾ അതിവേഗം അടുത്തു. പാത തുറന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ എങ്കിലും വാഹനത്തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല. റോഹ്താങ് പാസ് അടുത്തതോടെ പിന്നെ ചുറ്റും മഞ്ഞ് മാത്രമാണ് കാണാനുണ്ടായിരുന്നത്. ഘനീഭവിച്ച മഞ്ഞുപാളികൾ യന്ത്രവാഹനമുപയോഗിച്ച് മുറിച്ചുമാറ്റി ഒരുക്കിയ പാതയിലൂടെയാണ് യാത്ര. മഞ്ഞ് നീക്കം ചെയ്യുന്ന പ്രക്രിയ അവിടെ തുടർന്നുകൊണ്ടേയിരുന്നു. ജെ.സി.ബിക്ക് സമാനമായ പ്രത്യേക വാഹനമാണ് അതിനായി ഉപയോഗിക്കുന്നത്. മഞ്ഞ് നീക്കൽ പൂർത്തിയായി പാത പൂർണമായി തുറന്നാലേ ലേയിലേക്കും തിരികെ കുളുവിലേക്കുമുള്ള വാഹന ഗതാഗതം സാധ്യമാകൂ. ഇപ്പോൾ റോഹ്താങ് പാസ് വരെ മാത്രമാണ് എത്താനാവുക.പാതയോരത്ത് ചെറിയ ഇടം ലഭിച്ചപ്പോൾ ഡ്രൈവർ വാഹനം നിർത്തിയതോടെ ഞങ്ങൾ പുറത്തിറങ്ങി. നേരെത്തെ തന്നെ വാടകക്കെടുത്ത മഞ്ഞ് പ്രതിരോധ വസ്ത്രങ്ങളും ഷൂവും കൈയുറയുമെല്ലാം ധരിച്ചിട്ടും തണുപ്പ് അകത്തേക്ക് അരിച്ചുകയറുന്നുണ്ടായിരുന്നു. തുടക്കത്തിൽ തന്നെ ഞങ്ങളെ വരവേറ്റത് മഞ്ഞുമഴയാണ്. പെരുമഴ പോലെ മഞ്ഞുതുള്ളികൾ പെയ്തുകൊണ്ടിരുന്നു.

ശരീരത്തിലും മനസ്സിലും കുളിർമ കോരിയിട്ടാണ് ആ തുള്ളികൾ നിലത്തുവീണത്. പിന്നെ, അത് പതിയെ ഇളം വെയിലിന് വഴിമാറി. വെയിലടിച്ചപ്പോൾ മഞ്ഞുമലകൾ കൂടുതൽ സുന്ദരിയായി. കൺനിറക്കുന്ന കാഴ്ച. വെയിൽ വന്നത് തണുപ്പിന് തെല്ല് ആശ്വാസവുമായി. പിന്നെ ആനന്ദവേളയായിരുന്നു. മതിവരുവോളം മഞ്ഞ് വാരിക്കളിച്ചു. നിലത്ത് കിടന്ന് ഉരുണ്ട് മറിഞ്ഞു. ഫോട്ടോഗ്രോഫർ പറഞ്ഞത് പോലെയൊക്കെ ഫോട്ടോക്ക് പോസ് ചെയ്തു. ഏറെ സാഹസപ്പെട്ട് മഞ്ഞിലൂടെ നടന്ന് കുത്തനെയുള്ള മലയുടെ അൽപം മുകളിലെത്താൻ പലതവണ ശ്രമിച്ചു. പക്ഷെ, അതിനിടയിൽ ഒരടിയങ്ങ് തെറ്റും. അല്ലെങ്കിൽ മഞ്ഞിൽ കാൽ തെന്നും. പിന്നെയൊരു മഞ്ഞുകണം പോലെ ആ തണുപ്പിലൂടെ ഉരുണ്ട് മറിഞ്ഞ് വീണ്ടും തുടങ്ങിയിടത്ത് തന്നെയെത്തും. ഇത് എത്ര തവണ ആവർത്തിച്ചു എന്നതിന് കണക്കില്ല. മണിക്കൂറുകൾ നിമിഷങ്ങൾ പോലെ തോന്നിച്ച അനുഭൂതി. ഒടുവിൽ മടക്ക യാത്രക്കായി വാഹനത്തിൽ കയറിയപ്പോഴും ആ മഞ്ഞിൽ വീണ്ടും വീണ്ടും അലിയാൻ മനസ്സിൽ കൊതി ബാക്കിയായിരുന്നു.

Show Full Article
TAGS:travelougue rohtang pass Kullu Manali Himachal 
News Summary - Death road on the iceberg
Next Story