കരിനീല കണ്ണുള്ള ഉപ്പ് തടാകം
text_fieldsഅബൂദബിയിൽ നിന്ന് അൽഐനിലേക്ക് പോകുന്ന ട്രക്ക് റോഡിൽ നിന്ന് അധികദൂരത്തല്ലാതെ ഒരു ഉപ്പ് തടാകമുണ്ട്. അൽ വത്വ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉപ്പ് തടാകം മരുഭൂമിക്കിടയിൽ പ്രകൃതി ഒളിപ്പിച്ചുവെച്ച ഒരു ജൈവ വിസ്മയമാണ്. നീലകണ്ണുള്ള ഈ തടാകത്തെ വലയം ചെയ്ത് ഒരു ആവാസ വ്യവസ്ഥ തന്നെ രൂപപ്പെട്ടിട്ടുണ്ട്. പരന്നുകിടക്കുന്ന ഈ മരു ഭൂപ്രദേശത്ത് വൃത്താകൃതിയിൽ എങ്ങനെ ഒരു തടാകം രൂപ്പപ്പെട്ടു എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങളില്ല. ബദുക്കളുടെ പൗരാണിക ആവാസ മേഖലയായിരുന്നു ഇതെന്നതിന് ധാരാളം തെളിവുകൾ മേഖലയിൽ മറഞ്ഞുകിടക്കുന്നുണ്ട്. മരുഭൂമിയുടെ ലീലാവിലാസങ്ങളുടെ മാന്ത്രികത, അതിന്‍റെ ആഴങ്ങളിലേക്ക് പോകുമ്പോൾ മാത്രമാണ് വ്യക്തമാകുകയുള്ളു. മനസ്സുനിറയെ വിസ്മയങ്ങൾ കാത്ത് വെക്കുന്ന പ്രകൃതിയുടെ വാക്കുകളിൽ ഒതുങ്ങാത്ത സൗന്ദര്യമാണ് മരുഭൂമി. വത്വ തടാകത്തിന്‍റെ പാർശ്വങ്ങളെ സംരക്ഷിക്കുന്ന ഉപ്പ് മതിലുകളാണ്. സഞ്ചാരികൾ മണൽവാരി അന്തരീക്ഷത്തിലേക്ക് വിതറുമ്പോൾ ലവണജലത്തിൽ ശ്രവണമാധുരി ഉണരുന്നത് കേൾക്കാൻ നല്ലരസമാണ്. അന്തരീക്ഷത്തിലേക്ക് ഉയരുന്ന ഉപ്പിനിടയിലൂടെ സൂര്യരശ്മികൾ പാഞ്ഞ്പോയി മഴവില്ലുകൾ വിരിയിക്കുന്നത് കാണാൻ നല്ലരസമാണ്. തടാകത്തിന്‍റെ മധ്യത്തിൽ രൂപപ്പെട്ടുകിടക്കുന്ന ഉപ്പ് വൃത്തങ്ങളിൽ പക്ഷികൾ പറന്നിറങ്ങി നൃത്തമാടുന്നത് കാണാം. നീലജലാശയത്തിനിടയിൽ മഞ്ഞുപുതച്ചുകിടക്കുന്നതുപ്പോലെ ഉപ്പിന്‍റെ കുഞ്ഞു ദ്വീപുകൾ. വെള്ളം ഒഴിഞ്ഞുപ്പോയ ഭാഗത്ത് കൂന്ന് കൂടി കിടക്കുന്ന ഉപ്പ് കൂമ്പാരങ്ങൾ. നടവഴികളിലെല്ലാം ഉറച്ച് കിടക്കുന്ന ഉപ്പിന്‍റെ വെള്ളാരപരപ്പുകൾ.
തടാകത്തിന്‍റെ ആഴം പലഭാഗത്തും പതതരത്തിലാണ്. അതുകൊണ്ട് തന്നെ നീലമിഴികളിലെ കൃഷ്ണമണികളുടെ തെളിച്ചം കണ്ട് ആരും അതിന്‍റെ വെളിച്ചത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കരുത്. ഒന്നാമതായി നിയമ വിരുദ്ധമാണ്, അപകടവുമാണ്. ചില സന്ദർഭങ്ങളിൽ, ഉപ്പ് തടാകത്തിൽ കടൽ വെള്ളത്തേക്കാൾ സാന്ദ്രത കൂടുതലാണ്. ഉപ്പ് തടാകത്തിലൂടെ നടക്കുമ്പോൾ ചിലഭാഗങ്ങൾ വരൾച്ച ബാധിച്ചപ്പോലെ തെളിഞ്ഞുവരും. തടാകത്തിലേക്ക് ഒഴുകുന്ന ജലത്തിന്‍റെ അളവ് ബാഷ്പീകരിക്കപ്പെടുന്ന അളവിനേക്കാൾ കുറവായതാണ് ഇതിന് കാരണം. ഉപ്പ് കുന്നുകളുള്ള ഇറാനിലെ സോൾട്ടാൻ തടാകത്തിന്‍റെ ഒരുമിനിയേച്ചർ നമുക്കിവിടെ കാണാം. അധികദൂരത്തല്ലാതെ കടലുള്ളത് കൊണ്ടും അധികൃതരുടെ ജാഗ്രതയുമാണ് ഉപ്പ് തടാകത്തിന്‍റെ നിത്യയൗവനത്തിന് കാരണം. തടാകത്തിലേക്ക് വരുന്ന, എത്തിക്കുന്ന വെള്ളത്തിന്‍റെ അളവൊന്ന് കുറഞ്ഞാൽ മതി തടാകം ഉപ്പ് ഭൂമിയായി രൂപപ്പെടാൻ. ഉയർന്ന ലവണാംശം തടാകത്തിലും പരിസരത്തും ഹാലോഫിലിക് സസ്യജന്തുജാലങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
വെറും കാഴ്ച്ചകൾ മാത്രമല്ല ഈ തടാകം പകരുന്നത് ബാഷ്പീകരണം പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളുടെ വലിയൊരു പട്ടിക തന്നെയാണ്. വരൾച്ചയിലേക്ക് ഭൂമി പോകുന്നതിന്‍റെ കാരണങ്ങൾ ഇവിടെ വായിച്ച് പഠിച്ചാൽ ഭൂമിയുടെ അകാല മരണം ഒഴിവാക്കാം. അന്‍റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഉപ്പുവെള്ള തടാകങ്ങൾ കുറയുന്നു. കാലാവസ്ഥ വ്യതിയാനം, അണക്കെട്ടുകളുടെ വ്യാപനം തുടങ്ങിയ ഈ കുറയലിന് കാരണമാണ്.
വറ്റിപ്പോയ കടൽ
മധ്യേഷ്യയിലെ ഒരു തടാകമാണ് ആരാൽ കടൽ. ഈ തടാകത്തിന്‍റെ വടക്ക് ഭാഗം കസാഖിസ്ഥാനിലും തെക്ക് ഭാഗം ഉസ്ബെക്കിസ്ഥാനിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. ഏകദേശം 1534 ചെറു ദ്വീപുകൾ ഒരിക്കൽ ഇതിലുണ്ടായിരുന്നു. മുൻപ് 68,000 ചതുരശ്രകിലോമീറ്റർ (26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് അന്ന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം സോവിയറ്റ് യൂണിയൻ കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്‍റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്‍റെ വലിപ്പം മുൻപുണ്ടായിരുന്നതിന്‍റെ 10 ശതമാനംപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങി. ഈ തടാകത്തിലേക്ക് ജലം എത്തിയിരുന്നത് അമു ദര്യ, സിർ ദര്യ എന്നീ നദികളിലൂടെയായിരുന്നു.
1960കളിൽ സോവിയറ്റ് യൂണിയൻ സർക്കാർ, ഈ നദികളെ വലിയകനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തിരിച്ചു വിട്ടു. കൃഷി അഭിവൃദ്ധിപ്പെട്ടെങ്കിലും തടാകം ക്ഷയിക്കുകയായിരുന്നു. അബൂദബിയിലെ ഉപ്പ് തടാകം കാണാൻ ഫോർവീൽ വാഹനത്തിലും അല്ലാതെയും വരാം. ശ്രദ്ധിച്ച് വേണം വാഹനം ഓടിക്കണം. അബൂദബ- സൗദി റൂട്ടിൽ നിന്നാണ് ഇവിടേക്കുള്ള വഴി. ഗുഗ്ൾ കൃത്യമായി വഴി പറഞ്ഞുതരുന്നുണ്ട്. മാലിന്യങ്ങൾ വലിച്ചറിയുന്നത് പൂർണമായും ഒഴിവാക്കണം. തടാകത്തിലേക്ക് പാഴ്വസ്തുക്കൾ വലിച്ചെറിയുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ സന്ദർശകർക്ക് മുമ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.