അനന്തഗിരി കുന്നുകളിലേക്ക് ഒരു യാത്ര പോയാലോ...
text_fieldsഒരിക്കലും അവസാനിക്കാത്ത ജോലിത്തിരക്കും നഗരജീവിതത്തിലെ മടുപ്പും ശ്വാസംമുട്ടിക്കാൻ തുടങ്ങിയാൽ പിന്നെ ഒരു യാത്രപോവാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ...? എല്ലാം മറന്ന് പ്രകൃതിയുടെ പച്ചപ്പ് തേടിയുള്ള യാത്രയായാലോ... എങ്കിൽ നേരെ വണ്ടി വിടാം അനന്തഗിരി കുന്നുകളിലേക്ക്.
തെലുങ്കാനയിലെ വികാറാബാദിനടുത്ത് രംഗ റെഡ്ഡി ജില്ലയിലാണ് അനന്തഗിരി ഹിൽസ് എന്നറിയപ്പെടുന്ന അനന്തഗിരി കുന്നുകൾ. മനോഹരമായ വെള്ളച്ചാട്ടങ്ങൾ, ട്രക്കിങ് റൂട്ടുകൾ, ചെറു അരുവികൾ, കാപ്പിത്തോട്ടങ്ങൾ പുരാതന ഗുഹകകളും ക്ഷേത്രവും അങ്ങനെ നീളുന്നു അനന്തഗിരിയിലെ കാഴ്്ചകളത്രയും. ഹൈദരാബാദിൽ നിന്നും 90 കിലോ മീറ്റർ ദൂരം മാത്രമാണ് പ്രകൃതി സ്നേഹികളുടെ പറുദീസയിലേക്കുള്ളത്.
ട്രക്കിങ്ങുകാരുടെ ഇഷ്ടയിടം
സാഹസികതയും അൽപം ട്രക്കിങ് സ്പിരിറ്റും ഉള്ളവർക്ക് വേണ്ടുവോളമുള്ളത് ഈ കുന്നുകളിലുണ്ട്. നിബിഡ വനങ്ങളിലൂടെ വളഞ്ഞുപുളഞ്ഞ് കടന്നുപോകുന്ന പാതകൾ സഞ്ചാരികളുടെ മനംകവരും.
പുരാതന ക്ഷേത്രങ്ങൾ
കുന്നുകളിൽ ചിതറിക്കിടക്കുന്ന പുരാതന ക്ഷേത്രങ്ങൾ സഞ്ചാരികളുടെ ഇഷ്ടയിടം കൂടിയാണ്. ഇവിടത്തെ അനന്തഗിരി ക്ഷേത്രം ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. ശ്രീ കൃഷ്ണന്റെ കാലം മുതല്‍ വിഷ്ണുവിനെ ഇവിടെ ആരാധിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഹൈദരാബാദിലെ നിസാം ഇവിടുത്തെ ആളുകള്‍ക്ക് നിർമിച്ചു നല്‍കിയതാണ് ഈ വിഷ്ണു ക്ഷേത്രം എന്നൊരു കഥയുമുണ്ട്. അനന്തഗിരി കുന്നുകളുടെ സംരക്ഷകനായാണ് ഇവിടുത്തെ ആളുകള്‍ വിഷ്ണുവിനെ കാണുന്നത്.
ക്യാമ്പ് ചെയ്യാം..ബോട്ട് സവാരിയുമാകാം
സുരക്ഷിതമായ ക്യാമ്പ് ചെയ്യാൻ പറ്റിയ നിരവധി സ്ഥലങ്ങൾ ഈ കുന്നുകളിൽ കാണാം. ഒപ്പം മുസി നദിയിലെ ബോട്ടിങ്ങും. ഹൈദരാബാദ് നഗരത്തിന്റെ ജീവനാഡിയായ മുചുകുന്ദ നദി അല്ലെങ്കിൽ മുസി നദി ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്.
അപൂർവയിനം പക്ഷികളെയും ചിത്രശലഭങ്ങളേയും കണ്ട് ആസ്വദിക്കാവുന്ന ഗല്ലിക്കോണ്ട വ്യൂപോയിൻ്റ്, 357 മീറ്റർ ഉയരമുള്ള ഡോൾഫിൻ്റെ നോസ് റോക്ക്, വിളക്കുമാടം, ഉയരമുള്ള മരങ്ങൾക്കിടയിൽ കാപ്പി കുറ്റിച്ചെടികൾക്ക് തണലേകുന്ന കുരുമുളക് വള്ളികൾ തുടങ്ങി മനംകുളിർക്കുന്ന കാഴ്ചകളേറെയാണ്.
എങ്ങനെയെത്താം അനന്തഗിരിയിലേക്ക്
വിമാനമാർഗം വരുന്നവർക്ക് ഹൈദരാബാദ് എയർപോർട്ട് ആണ് ഏറ്റവും അടുത്തുള്ളത്. അവിടെ നിന്ന് 80 കിലോമീറ്റർ ദൂരമുള്ള അനന്തഗിരിയിലേക്ക് നേരിട്ട് ക്യാബ് സർവീസുകൾ ലഭ്യമാണ്.
വികാരാബാദാണ് അനന്തഗിരിക്ക് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഹൈദരാബാദിൽ നിന്ന് ഇവിടേക്ക് നേരിട്ട് ട്രെയിനുകളുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരം മാത്രമേ അനന്തഗിരി കുന്നുകളിലേക്കുള്ളൂ. ഹൈദരാബാദ്, അമരാവതി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ബസ് സർവീസുകളും ലഭ്യമാണ്.
സന്ദർശിക്കാൻ പറ്റിയ സമയം
ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയാണ് മികച്ച സീസണെങ്കിലും ജൂലൈയിൽ മൺസൂൺ ആരംഭിക്കുന്നതിനാൽ മഴ ആസ്വാദകർ ഇപ്പോൾ തന്നെ സ്ഥലം കയ്യടക്കി കഴിഞ്ഞു.