ബംഗാൾ ഡയറി
text_fieldsഹൗറ ്രബിഡ്ജ്
ബംഗാൾ... സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും കലവറ.... സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ആവേശമായിരുന്ന നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ നാട്... ടാഗോറിന്റെയും,രാജറാം മോഹൻ റായ് യുടെയും നാട്...
വിക്ടോറിയൻ ചിഹ്നങ്ങളും, പഴമയുടെ പ്രതാപവും പേറുന്ന കൊൽക്കത്ത നഗരം...വായിച്ചറിഞ്ഞ നോവലുകളിലൂടെയും,കഥകളിലൂടെയും,പുസ്തകങ്ങളിലൂടെയും മാത്രം അറിഞ്ഞ ബംഗാളിലെ ജനജീവിതങ്ങൾ. രവീന്ദ്രസംഗീതവും,ബാവുൽ സംഗീതം അലയടിക്കുന്ന ഗ്രാമങ്ങൾ, ഭക്തിയും, ലഹരിയും നിറയുന്ന ഖവാലി രാവുകൾ നിറഞ്ഞ ദർഗത്തെരുവുകൾ,സൈക്കിൾറിക്ഷകളും,മഞ്ഞ അംബാസഡർ കാറുകളും,ട്രാമും, ബസുകളും മുതൽ ആധുനികതയുടെ പ്രതീകമായ ഭൂഗർഭ ട്രെയിനുകളും നിറഞ്ഞ കൊൽക്കത്ത... അങ്ങനെ പലതാണ് ബംഗാൾ
വിഭജനത്തിന്റെ മുറിവും,നോവും ബംഗാൾ ഗ്രാമങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ടാവും?ബംഗാളിന്റെ യാനതകൾ വിഭജിക്കപ്പെടലിന്റെയും, പിന്നീടുണ്ടായ കൂട്ടിച്ചേർക്കപ്പെടലിന്റെയും സാങ്കേതികതയിൽ മാത്രമായിരുന്നില്ല. മതത്താൽ വിഭജിച്ച്, ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടിഷ് രാഷ്ട്രീയ കുതന്ത്രത്താൽ വിതയ്ക്കപ്പെട്ട വർഗീയത എന്ന വിഷവിത്ത് ബംഗാൾ ജനതയുടെ മനസ്സിൽ ഏത് പരിതസ്ഥിതിയിലും മുളപൊട്ടാൻ പാകപ്പെട്ടിരുന്നു. അതാണല്ലോ ബംഗാളിന് കളങ്കമായതും.
1943 ബംഗാളിലുണ്ടായ രൂക്ഷമായക്ഷാമം മുഴുപ്പട്ടിണിയിലാക്കിയ മൂന്ന് ദശലക്ഷത്തോളം മനുഷ്യരെ മരണത്തിലേക്ക് തള്ളിയിട്ടു.1946 ആഗസ്റ്റ് 16 ന് മുസ്‍ലിം ലീഗ് ആഹ്വാനം ചെയ്ത ‘ഡയറക്ട് ആക്ഷൻ ഡേ’ എന്ന ഏകപക്ഷീയ കൂട്ടക്കുരുതി കൊൽക്കത്ത നഗരത്തിൽ ആരംഭിച്ചു, തുടർന്ന് മണിക്കൂറുകൾക്കകം ബംഗാളിന്റെ വിവിധഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട വർഗീയകലാപങ്ങൾ ആയിരക്കണക്കിന് മനുഷ്യ ജീവനെടുത്തുകൊണ്ട് ബംഗാൾ ഗ്രാമങ്ങളിലാകമാനം പകർച്ചവ്യാധിപോലെ പടർന്നുപിടിക്കപ്പെട്ടു.
1971 ബംഗ്ലാദേശ് രൂപവത്കരണത്തിന് കാരണമായ കിഴക്കൻ പാകിസ്താനിലെ ആഭ്യന്തര കലാപങ്ങളെ ത്തുടർന്ന് പശ്ചിമബംഗാളിലേക്ക് ഉണ്ടായ അഭയാർഥികളുടെ കൂട്ടപ്പലായനത്തിലൂടെ ബംഗാളിലേക്കെത്തിയ ദശലക്ഷക്കണക്കിന് മനുഷ്യർക്ക് കൊൽക്കത്ത,നാദിയ, 24 പർഗാനസ്സ് എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങൾ അഭയമേകി. വിഭജനവും, കൂട്ടിച്ചേർക്കലും, പട്ടിണിയും, കലാപങ്ങളും, കൂട്ടപ്പലായനങ്ങളും ഒരു ദേശത്തിനേൽപിച്ച മുറിവുകൾ എത്രത്തോളമാവും കാലത്തോട് പറഞ്ഞുകൊണ്ടിരിക്കാൻ....എന്നാൽ ഇവയിൽ നിന്നെല്ലാം എത്രയോ വ്യത്യസ്തമായൊരു സാംസ്ക്കരിക സ്വത്വം ബംഗാളിനുണ്ട്....
വായിച്ചറിഞ്ഞ ബംഗാൾ ഇതൊക്കെയാണ്,ഇതിനുമൊക്കെ എത്രയോ ഉന്നതമായ ജീവിതമൂല്യങ്ങളും ബംഗാളിന് കാണിച്ചുതരാനും, പറയാനുമുണ്ടാവും.മലയാളിയായ നാസർ ബന്ധു നേതൃത്വം നൽകുന്ന ബംഗാളിലെ 24 നോർത്ത് പർഗാനസ് ജില്ലയിലെ ചക്ല ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘമായ സീറോഫൗണ്ടേഷൻ സംഘടിപ്പിച്ച യാത്രയിലൂടെയാണ് ബംഗാളിനെ അടുത്തറിയാനായി യാത്രതിരിച്ചത്.മംഗലാപുരത്തു നിന്നും സാന്ദ്രാഗച്ചി വരെ പോകുന്ന 22852 പ്രതിവാര ട്രെയിനായ വിവേക് എക്പ്രസ്സിൽ കോഴിക്കോട് നിന്നും എൻ്റെ ബംഗാളിലേക്കുള്ള യാത്ര ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ കൊൽക്കത്തയിൽ എത്തിച്ചേരുന്നത്ഹൗറ (HWH) , സാന്ദ്രാഗച്ചി ( SRC ) , ഷാലിമാർ ( SHM ) എന്നീ സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിലേക്കാണ്,ഇതിൽ സാന്ദ്രാഗച്ചി ഒരു ജങ്ഷനാണ്. ഇവിടെ നിന്നും നേരെ പോയാൽ ഹൗറ സ്റ്റേഷനിലുംവലത്തേക്ക് പോയാൽ ഷാലിമാർ ജംഗ്ഷനിലും എത്തിച്ചേരാം.
ഇന്ത്യയിലെ തന്നെ വലിയ റെയിൽവേ സ്റ്റേഷനുകൾ ആണ് ഹൗറ,സിയാദ എന്നിവ. വിവേക് എക്സ്പ്രസ് രണ്ട് ദിവസം യാത്ര ചെയ്ത് രാത്രി 8:30 മണിയോടെ സാന്ദ്രാഗച്ചിയിലെത്തിച്ചേർന്നു, അവിടെ നിന്നും ഹൗറയിലേക്ക് ലോക്കൽ സബർമൻ ട്രെയിനിൽ യാത്ര തുടരേണ്ടതുണ്ട്.എന്റെ ലക്ഷ്യം ചക്ല ബേസ് ക്യാമ്പാണ്, ചക്ലയിലെത്താൻ 80 KM ഇനിയും സഞ്ചരിക്കേണ്ടതുണ്ടായിരുന്നു.പത്ത് മിനിറ്റിനകം നിറയെ യാത്രക്കാരുമായി സാന്ദ്രാഗച്ചി സ്റ്റേഷനിലേക്ക് കുതിച്ചെത്തിയ മിഡ്നാപൂർ - ഹൗറ ജങ്ഷൻ ലോക്കൽ സബർബൻ ട്രെയിനിലെ ആൾക്കൂട്ടത്തിലേക്ക് ഞാനും നുഴഞ്ഞു കയറി. 5 രൂപ ടിക്കറ്റിൽ 20 മിനിറ്റുകൊണ്ട് ഹൗറ സ്റ്റേഷനിലെ 13നമ്പർ പ്ലാറ്റ്ഫോമിലേക്ക് എന്റെ ട്രെയിൻ കുതിച്ചെത്തി നിന്നു. ഹൗറ റെയിൽവേ സ്റ്റേഷനെന്ന ജനസാഗരത്തിലേക്ക് ട്രെയിനിലെ ആൾക്കൂട്ടത്തിനിടയിൽനിന്നും ഞാനും ഒഴുകിയിറങ്ങി...
ഹൗറ സ്റ്റേഷനിൽ നിന്നും സിയാദ റെയിൽവേ സ്റ്റേഷനിയിലേക്കാണ് ഇനി എനിക്ക് എത്തേണ്ടതെങ്കിലും ഹൗറ സ്റ്റേഷനിൽനിന്നും പുറത്ത് കടക്കുകയും ലോക്കൽ ബസ് പിടിക്കുകയും ഒരു കടമ്പയായിരുന്നു.നഗരക്കാഴ്ചകളിലേക്ക് മനസ്സ്മാറ്റാതെ ഞാൻ സ്റ്റേഷന് പുറത്തെത്തി... കൊൽക്കത്തയുടെ മുഖമുദ്രയായ മഞ്ഞ ടാക്സികളും, പഴയ മോഡൽ ടാറ്റാ ബസ്സുകളും റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്നു... തിരക്കിനിടയിലൂടെ സിയാദയിലേക്കുളള ബസ് ഞാൻ കണ്ടുപിടിച്ചു...
മുന്നിൽ ഇരുവശങ്ങളിലും ജനലുകളോട് ചേർന്ന് നെടുനീളത്തിലും, പുറകിൽ ഇരുവശങ്ങളിലും സാധരണ നമ്മുടെ നാട്ടിലേതുപോലെയുള്ള സീറ്റുകളാണ് ബസ്സിൽ... 15 രൂപ ടിക്കറ്റ് യാത്ര ഹൗറാപ്പാലത്തിലൂടെ ആരംഭിച്ച് നഗരത്തിരക്കിലെ വെളിച്ചപ്രളയത്തിലൂടെ ഇഴഞ്ഞും, നിന്നും, ഓടിയും, കിതച്ചും ഒരു മണിക്കൂറോളം സമയമെടുത്ത് സിയാദ സ്റ്റേഷൻ പരിസരത്തേക്ക് എത്തിച്ചേർന്നു.
ജനസാഗരത്തിൽ നിന്നും ജനമഹാസമുദ്രത്തിലേക്ക് ഞാനും അലിഞ്ഞു ചേർന്നു...നിരവധി പ്ലാറ്റ്ഫോമുകൾ, ടിക്കറ്റ് കൗണ്ടറുകൾ...irctc ഭക്ഷണക്കൗണ്ടറുകൾ, നല്ലവൃത്തിയും,സൗകര്യങ്ങളുമുള്ള സ്റ്റേഷൻ.. ഭക്ഷണശേഷം 30 രൂപ ടിക്കറ്റിൽസിയാദയിൽ നിന്നും ബൻഗോൺ ജങ്ഷനിലേക്ക് പോകുന്ന 33857 നമ്പർ സബർബൻ ലോക്കൽ ട്രെയിനിൽ (Sealdha-Bangaon) ഗുമസ്റ്റേഷനിലെത്തുമ്പോഴേക്കും സമയം രാത്രി 11മണി.
ട്രെയിൻ ഒരു മാർക്കറ്റ് തന്നെയായിരുന്നു. വിവിധതരം ഉൽപന്നങ്ങൾ വിറ്റ് ഉപജീവനം നടത്തുന്ന സാധാരണക്കാർ...ഗുമ റെയിൽവെ സ്റ്റേഷൻ ചെറിയ ഒരു നാട്ടിൻപുറത്തെ സ്റ്റേഷൻ പോലെ തോന്നിച്ചു. പ്ലാറ്റ്ഫോമിൽ ചെറിയ രണ്ടു മൂന്ന് ചായക്കടകളും, കടകളോട് ചേർന്ന് വീടുകളും... തൊഴിലും, ജീവിതവുമൊക്കെ റെയിവേ സ്റ്റേഷനിൽ തന്നെയാക്കിയവർ!
ഗുമയിൽ നിന്ന് 15 Km അകലെ ചക്ല എന്ന ഗ്രാമത്തിലേക്കാണ് ഇനി എത്തിച്ചേരേണ്ടത് ഇലക്ട്രിക് ഓട്ടോ (ടോട്ടോ) മാത്രമാണ് യാത്രോപാധി. ഉറങ്ങിക്കൊണ്ടിരുന്ന അപരിചത ഗ്രാമങ്ങൾക്കിടയിലെ വിജന വഴികളിലൂടെ ഉറക്കത്തെയും, മൂടൽമഞ്ഞിനെയും വകഞ്ഞ് മാറ്റി ചക്ലയിലേക്കെത്താൻ ഏകദേശം ഒരു മണിക്കൂർ വേണ്ടി വന്നു.
24 നോർത്ത് പർഗാനസ് ജില്ലയിലെ ബറാസത്ത് സബ്ഡിവിഷനിലെ ദേവാംഗ താലൂക്കിലെ13 ഗ്രാമപഞ്ചായ ത്തുകളിൽ ഒന്നായ ചക്ലഎന്ന ഗ്രാമത്തിൽ നിന്നുമാണ് എന്റെ ബംഗാൾ യാത്ര ആരംഭിക്കുന്നത്. പ്രത്യേക ഉദ്ദേശ്യങ്ങളോ, ലക്ഷ്യങ്ങളോ ഇല്ലാതെ യാത്ര തന്നെ ലക്ഷ്യസ്ഥാനമാവുന്ന ഒരുയാത്ര, ഗ്രാമീണ ജനജീവിതമറിഞ്ഞുള്ള ഒരു യാത്ര, ചക്ലയിലെ വിശേഷങ്ങളിലേക്ക് യാത്ര തുടരുകയാണ്.