ടൂറിസം സങ്കൽപ്പങ്ങൾ മാറുന്നു; പക്ഷി നിരീക്ഷണത്തിന് വിമാനം കയറുന്നവരുടെ എണ്ണം വർധിച്ചു; കൊച്ചിയും കോയമ്പത്തൂരും പട്ടികയിൽ
text_fieldsഇന്ത്യയുടെ നേച്ചർ ടൂറിസം ആശയങ്ങൾ മുൻപത്തേതിലും ശക്തി പ്രാപിച്ചിട്ടുണ്ടെന്ന് പറയുകയാണ് ട്രാവൽ പ്ലാറ്റ്ഫോമായ അഗോഡ. യാത്രകളിൽ മാത്രം ഒതുങ്ങാതെ പക്ഷി നിരീക്ഷണം എന്ന അടുത്ത തലത്തിലേക്ക് കൂടി കടക്കുകയാണത്. പക്ഷി നിരീക്ഷണത്തിനായി യാത്ര ചെയ്യുന്നവരിൽ 41 ശതമാനം വർധനവ് ഉണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്.
2030ഓടെ ബേഡ് വാച്ചിങ് മാർക്കറ്റ് 3.6 ബില്യൺ ഡോളറിലെത്തുമെന്നാണ് മാർക്കറ്റ് പഠനങ്ങൾ പറയുന്നത്. സെപ്തംബർ മുതൽ നവംബർ വരെയാണ് സൈബീരിയ, ,സെൻട്രൽ ഏഷ്യ തുടങ്ങിയ ഇടങ്ങളിൽ നിന്നൊക്കെ ദേശാടന പക്ഷികൾ ഇന്ത്യയുടെ തണ്ണീർത്തടങ്ങളിലും കാടുകളിലും പറന്നെത്തുന്നത്. പക്ഷി നിരീക്ഷകർ പൊതുവെ എത്തുന്ന ഇടങ്ങളിലല്ല ഇവ ചേക്കാറുള്ളത് എന്നതാണ് രസകരമായ കാര്യം.
കൊച്ചി
ഇന്ത്യയിലെ പ്രധാന ട്രാവൽ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് കൊച്ചി. തായ്വവാൻ, ഹോങ്കോങ്, ജപ്പാൻ തുടങ്ങിയ ഇടങ്ങളിൽ നിന്നൊക്കെ ഇത്തരത്തിൽ പക്ഷി നീരിക്ഷണത്തിനായി ടൂറിസ്റ്റുകൾ എത്താറുണ്ട്. തെക്കൻ ഏഷ്യയിലെ പ്രിയ ബേഡ് വാച്ചിങ് ഡെസ്റ്റിനേഷനായി കൊച്ചി വളർന്നുകൊണ്ടിരിക്കുകയാണ്.
കട്ടക്
ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ചിൽക്ക പരന്നുകിടക്കുന്ന കട്ടക്കാണ് പക്ഷി നിരീക്ഷകരുടെ മറ്റൊരു ഡെസ്റ്റിനേഷൻ. ശരത്കാലമെത്തുന്നതോടെ സൈബിരിയയിൽ നിന്നും സെൻട്രൽ ഏഷ്യയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി ഫ്ലെമിംഗോസും, ഹെറോൻസും എത്തി തുടങ്ങും.
അൾവാർ
രാജസ്ഥാനിലെ അൾവാർ ഒരു സുപ്രധാന ബേഡ് വാച്ചിങ് കേന്ദ്രമാണ്. അൾവാറിന്‍റെ ട്രാവൽ സെർച്ചിൽ 19 ശതമാനം വർധനവുണ്ടായെന്നാണ് റിപ്പോർട്ട് പറയുന്നത്. സൈബീരിയൻ കൊക്കുകളും പെയിന്‍റഡ് സ്റ്റോർക്ക്സും ഉൾപ്പെടെ ഒട്ടനവധി ദേശാടന പക്ഷികളാണ് സീസണിൽ ഇവിടെ പറന്നെത്തുന്നത്.
കോയമ്പത്തൂർ
നീലഗിരി ബയോ സ്ഫിയറിന്‍റെ ബേർഡ് വാച്ചിങ് സൈറ്റിന്‍റെ സെർച്ച് ഹിസ്റ്ററിയിൽ 6 ശതമാനം വർധനവാണ് റിപ്പോർട്ട് കാണിക്കുന്നത്. പക്ഷി നിരീക്ഷകരുടെ മാത്രമല്ല സാഹസികത ഇഷ്ടപ്പെടുന്നവരുടെയും ഇഷ്ട ഡെസ്റ്റിനേഷനാണിത്.


