സർഗാത്മകത തുളുമ്പുന്ന ചണ്ഡിഗഡ് നഗരം
text_fieldsവർഷങ്ങളായി കാണാൻ കൊതിച്ച പഞ്ചാബിലേക്കാണ് ഇത്തവണത്തെ യാത്ര. നമ്മുടെ ആഗ്രഹം തീവ്രമാകുമ്പോൾ പ്രകൃതി വരെ കൂടെ നിൽക്കുമെന്ന എന്റെ വിശ്വാസം കൂടുതൽ ശക്തിപെടുത്തിയ ഒരു യാത്രയാണിത്. പഞ്ചാബിനെ മനസ്സിൽ താലോലിക്കുന്ന സമയത്താണ് സിയാലിൽ വെച്ച് ഒരു ദേശീയ സെമിനാർ നടക്കുന്നത്. ഔദ്യോഗികമായി പ്രതിനിധികളുടെ കൂടെ അനുഗമിക്കാൻ ഞങ്ങൾക്കും ഉത്തരവാദിത്തം ലഭിച്ചു. തെലുങ്കനാ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ഞാൻ പഞ്ചാബ് പ്രതിനിധികളുമായി റാഷിദ് ബിൻ മജീദ് (Rashid Bin Majeed) എന്ന സുഹൃത്തു വഴി വളരെ അടുക്കുന്നത് യാദൃച്ഛികമാണ്.
പഞ്ചാബ് പ്രതിനിധികളെ ഫോർട്ട് കൊച്ചി കാണിക്കാൻ കൊണ്ട് പോയ ഞാൻ, ദേ ഇപ്പോൾ അവരുടെ കൂടെ പഞ്ചാബിലാണ്. ചണ്ഡിഗഡ്, അമൃതസർ, കസൗളി എന്നിവ ഉൾപ്പെടുത്തിയ പഞ്ചാബ് യാത്ര പ്ലാൻ തയാറാക്കാൻ അവരാണ് സഹായിച്ചത്. കണ്ണൂരിൽ നിന്നും ചണ്ഡിഗഡിലേക്കു നേരിട്ട് ഫ്ലൈറ്റ് ഇല്ലാത്തത് കൊണ്ട് പുലർച്ചെ അഞ്ചിന് മുംബൈ വഴിയുള്ള ഫ്ലൈറ്റാണ് ഞാൻ ബുക്ക് ചെയ്തത്. രാവിലെ മുംബൈ എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോഴുള്ള കാഴ്ച അതിമനോഹരമായിരുന്നു. ഉദിച്ചു വരുന്ന സൂര്യന്റെ ചുവന്ന രശ്മികളിൽ ആകാശവും, മഞ്ഞ ദീപങ്ങളുടെ വെളിച്ചത്തിൽ മുംബൈ നഗരവും തിളങ്ങുന്നുണ്ടായിരുന്നു.
മുംബൈ എയർപോർട്ടിൽ ഫ്ലൈറ്റിന്റെ ലേ ഓവർ ഏകദേശം 12 മണിക്കൂറായിരുന്നു. യാത്രയുടെ ആവേശമാണോന്നറിയില്ല ഒട്ടും തന്നെ മുഷിപ്പ് തോന്നിയില്ല. പകരം മുംബൈ എയർപോർട്ടിന്റെ തിരക്കിൽ വന്നു പോകുന്ന അനേകം മനുഷ്യരുടെ പെരുമാറ്റവും രീതികളും നോക്കിയിരുന്നു. എന്ത് രസമാണെന്നോ മനുഷ്യരെ നിരീക്ഷിക്കാൻ!!! ഇത്രയും നേരത്തെ കാത്തിരിപ്പിന്റെ പ്രതിഫലമെന്നോളം എനിക്ക് ആദ്യമായി സൂര്യസ്തമയം ആകാശത്തു നിന്നും കാണാൻ സാധിച്ചു. സുവർണ രശ്മികൾ കൊണ്ട് ആകാശം തുടുത്തിരിക്കുന്നു. കണ്ണും മനസ്സും നിറയ്ക്കുന്ന മനോഹരമായ ദൃശ്യ ഭംഗി.
വൈകിട്ട് ഏഴിനാണ് ചണ്ഡിഗഡിൽ എത്തിയത്. ഇറങ്ങുമ്പോൾ കൂട്ടി കൊണ്ട് പോവാൻ അവർ വണ്ടി ഏർപ്പാടാക്കിയിരുന്നു. അവിടുന്ന് നേരെ താമസസ്ഥലത്തേക്ക് പോകുമ്പോൾ, നഗരത്തിന്റെ വൃത്തിയും അടുക്കും ചിട്ടയും കണ്ടു അത്ഭുതപെട്ടു പോയി. കൃത്യമായ മാർക്ക് ചെയ്ത റോഡുകൾ, നടപ്പാതകൾ, റൗണ്ടുകൾ, പാർക്കുകൾ, വഴിയോരത്തു നിശ്ചിത അകലത്തിലുള്ള മരങ്ങൾ... കാണുതോറും മതിപ്പ് കൂടി കൂടി വന്നു. ഈ നഗരത്തിന്റെ മറ്റൊരു പ്രത്യേകത ഇവിടെ സ്ഥല പേരുകളില്ല, വിവിധ സെക്ടറുകളായാണ് തിരിച്ചിരിക്കുന്നത്. എല്ലാ ജങ്ഷനിലും എല്ലാ വശത്തുമുള്ള സെക്ടറുകൾ കാണിക്കുന്ന കൃത്യമായ ദിശാബോർഡുകളുണ്ട്.
മിക്ക നഗരങ്ങളിലും കാണാത്ത പ്രത്യേകതകൾ ഈ നഗരത്തിനുള്ളതിന് ഒരു കാരണമുണ്ട്. ചണ്ഡിഗഡ് ഒരു ആസൂത്രിത നഗരമാണ്. പ്രശസ്ത ഫ്രഞ്ച് വാസ്തുശില്പിയായ ലെ കോർബ്യൂസിയറാണ് നഗരം ആസൂത്രണം ചെയ്തത്. മനുഷ്യശരീരവുമായി സാമ്യപെടുത്തിയാണത്രേ അദ്ദേഹം ചണ്ഡീഗഡിന്റെ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തത്. തല (Head) ഭാഗത്തു ക്യാപിറ്റൽ കോംപ്ലക്സ്, സെക്ടർ 1, ഹൃദയഭാഗത്തു സിറ്റി സെന്റർ സെക്ടർ-17, ശ്വാസകോശം പോലെ വിശ്രമിക്കാനുള്ള സ്ഥലങ്ങൾ, എണ്ണമറ്റ തുറസ്സായ ഇടങ്ങൾ, സെക്ടർ ഗ്രീൻസ് എന്നിവ, ബുദ്ധി സംബന്ധിച്ചു സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സ്ഥാപനങ്ങൾ, രക്തചംക്രമണ സംവിധാനം ആയി റോഡുകളുടെ ശൃംഖല ആന്തരാവയവങ്ങൾ പോലെ വ്യാവസായിക മേഖല എന്ന രീതിയിലുള്ള കൃത്യമായ മാസ്റ്റർ പ്ലാനുള്ള നഗരമാണ് ചണ്ഡിഗഡ്. ഇതൊന്നും അറിഞ്ഞില്ലെങ്കിലും നഗരത്തിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ഇതൊക്കെ അനുഭവവേദ്യമാകും.
പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനവും, അതേസമയം യൂനിയൻ ടെറിറ്ററിയുമാണ് ചണ്ഡിഗഡ്. നഗരത്തിനു സമീപം സ്ഥിതി ചെയ്യുന്ന "ചാണ്ഡി മന്ദിർ" എന്ന ക്ഷേത്രത്തിൽ നിന്നാണത്രേ ചണ്ഡീഗഡിന് ഈ പേര് ലഭിച്ചത്. ശക്തിയുടെ ദേവിയായ 'ചാണ്ഡി' ദേവിയും ക്ഷേത്രത്തിനടുത്തുള്ള 'ഗഢ്' കോട്ടയുമാണ് നഗരത്തിന് "ചണ്ഡീഗഡ്" എന്ന പേര് നൽകിയത്.
ചണ്ഡീഗഡിലെ ഏറ്റവും പ്രധാന ആകർഷണം റോക്ക് ഗാർഡനാണ്. 40 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ശിൽപ ഉദ്യാനം, പൂർണമായി നിർമിച്ചിരിക്കുന്നത് വ്യാവസായിക, ഗാർഹിക മാലിന്യങ്ങൾ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ എന്നിവയിൽ നിന്നാണ്. ഗവൺമെന്റ് ഉദ്യോഗസ്ഥനായ നെക് ചന്ദ് ആണ് ഈ വിസ്മയ ഉദ്യാനത്തിന്റെ ശിൽപ്പി. തന്റെ ഒഴിവുസമയങ്ങളിൽ അദ്ദേഹം രഹസ്യമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പാഴ്‌വസ്തുക്കൾ ശേഖരിക്കുകയും അവ ഉപയോഗിച്ച് വന്ധ്യമായ ഒരു ഫോറസ്റ്റ് ബഫർ ഭൂമിയിൽ ഘടനകൾ നിർമിക്കുകയും ചെയ്തു. ഈ പ്രവർത്തി നിയമവിരുദ്ധമായിരുന്നെങ്കിലും 18 വർഷം ആരുമറിയാതെ 12 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഒരു ഉദ്യാനം നിർമിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഒടുവിൽ നിയമവിരുദ്ധമായതിന്റെ പേരിൽ റോക്ക് ഗാർഡൻ പൊളിക്കപ്പെടുന്ന ഒരു സ്ഥിതി വന്നെങ്കിലും ജനകീയ പിന്തുണകാരണം രക്ഷപ്പെട്ടു. തുടർന്ന് നെക് ചന്ദിനെ പാർക്കിന്റെ ചുമതല ഏൽപ്പിക്കുകയും, ഉദ്യാനപദ്ധതിയിൽ പ്രവർത്തിക്കാൻ 50 തൊഴിലാളികളുടെ ഒരു ടീമിനെ നൽകുകയും ചെയ്തു. 1976-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ പാർക്കിൽ ഇന്ന് പ്രതിദിനം 5,000-ത്തോളം ആളുകൾ സന്ദർശിക്കുന്നുണ്ട്.
'എങ്ങനെയാണു ഒരാൾക്ക് ഇത്രയും സർഗാത്മകതയോടെ ചിന്തിക്കാൻ സാധിക്കുന്നത്' എന്നാണ് ഉദ്യാനത്തിലൂടെ നടക്കുമ്പോഴൊക്കെ ഞാൻ ചിന്തിച്ചത്. പൊട്ടിയ പ്ലേറ്റുകൾ പതിപ്പിച്ച നിറമുള്ള ചുമരുകൾ, ഇലക്ട്രിക് ഫ്യൂസുകളും മറ്റു വസ്തുക്കൾ വെച്ച മതിലുകൾ, കുപ്പിവളകളിൽ നിർമിച്ച ആൾ രൂപങ്ങൾ, നിർമിച്ചതാണെന്ന് വിശ്വസിക്കാൻ പറ്റാത്ത വിധം യഥാർത്ഥമായ വെള്ളചാട്ടങ്ങൾ.. ഇത് കഴിയുമ്പോൾ പാവകളുടെ മ്യൂസിയവും, ചിരിപ്പിക്കുന്ന കണ്ണാടികളും, നീളമുള്ള ഊഞ്ഞാലുകളും...
ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ പറ്റുന്നത്രെയും നമ്മളെ വിസ്മയിക്കുന്ന കാഴ്ചകളുണ്ട് ഉദ്യാനത്തിൽ. ഒരുപക്ഷെ നെക് ചന്ദ് ജീവിച്ചിരുപ്പുണ്ടെങ്കിൽ തിരിച്ചെത്തി ഞാൻ ആദ്യം ചെയ്യുന്നത് അദ്ദേഹത്തിന് "നിങ്ങൾ വേറെ ലെവലാണെന്നു "ഒരു മെയിൽ അയക്കുന്നതാവും. അത്രയും ഇഷ്ടവും ബഹുമാനവും ഉദ്യാനത്തിൽ നിന്നും ഇറങ്ങുമ്പോൾ അദ്ദേഹത്തോട് നമുക്ക് തോന്നും.
ഉദ്യാനത്തിൽ നിന്നും നേരെ പോയത് സുഖ്‌ന തടാകത്തിലേക്കാണ്.ശിവാലിക് മലകളിൽ നിന്നുമുള്ള ഒരു ചെറിയ നദിയിൽ 1958ൽ നിർമിച്ച സുഖ്‌ന തടാകത്തിന്റെ വിസ്തൃതി മൂന്നു ചതുരശ്ര കിലോമീറ്ററാണ്. തടാകത്തിനു ചുറ്റും നടപ്പാതയുണ്ട്. വലിയ ആൽ വൃക്ഷവും, ചെറിയൊരു ഗാലറിയും പിന്നെ മനോഹരമായ ഉദ്യാനവും ആസ്വദിച്ചു നമുക്ക് ഇങ്ങനെ നടക്കാം. ബോട്ടിങ് ഇഷ്ടമാണെങ്കിൽ അതിനുള്ള സംവിധാനവുമുണ്ട്. കുറച്ചു നേരം തണുപ്പുള്ള ഇളംകാറ്റും കൊണ്ട് തടാകത്തിന്റെ കരയിലൂടെ നടന്നു. താടകത്തിന്റെ സമീപത്തുള്ള ഹോട്ടലിൽ നിന്നും നല്ല പനീറും റൊട്ടിയും കഴിച്ചതിനു ശേഷം അവിടുന്ന് നേരെ റോസ് ഗാർഡനിലേക്ക് വെച്ച് പിടിച്ചു.
വിവിധ ഇനം റോസുകൾ, അവയെ നോക്കി ഇരിക്കാൻ പറ്റും വിധം വിശാലമായ പുൽത്തകിടി, നടുവിൽ മനോഹരമായ ഒരു ഫൗണ്ടൻ അങ്ങനെ ഒരു സായാഹ്നം സന്തോഷത്തോടെ ചിലവഴിക്കാൻ പറ്റുന്ന നല്ലൊരു ഉദ്യാനം. ഇത്രയധികം റോസുകളുണ്ടെന്ന അറിവ് തന്നെ പുതിയതാണ്. വൈകുന്നേരത്തെ ഇളം വെയിൽ കൊണ്ട് കുറെ നേരം അവിടെയിരുന്നു.
പൊതുവെ വലിയ ഭക്ഷണ പ്രിയ അല്ലെങ്കിലും സെക്ടർ 34ലെ റാം ചാട്ട് ബന്ധറിലെ സ്റ്റഫ്ഡ് ഗോൽഗപ്പയും, അടുത്തുള്ള കടയിലെ ഗുലാബ് ജാമുനും, ബർഫിയുടെയും രുചി ഇപ്പോഴും മനസിലുണ്ട്.
ചണ്ഡിഗഡ് നഗരത്തിന്റെ ഹൃദയമാണ് വിശാലമായി പരന്നു കിടക്കുന്ന സെക്ടർ 17 മാർക്കറ്റ്. വ്യത്യസ്തങ്ങളായ ബ്രാന്റുകളും, വിവിധങ്ങളായ ഷോപ്പുകളും ഇവിടെയുണ്ട്. ഞാൻ കണ്ടിട്ടുള്ള തിരക്ക് പിടിച്ച മാർക്കറ്റുകളിൽ നിന്നും വ്യത്യസ്തമാണ് സെക്ടർ 17. മാളുകളുടെ വരവോടെ മാർക്കറ്റിന്റെ പ്രതാപത്തിൽ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും, തിരക്കില്ലാതെ നടന്നു ഷോപ്പു ചെയ്യാനാകും. വെറുതെയിരിക്കാൻ ഒരുപാട് തുറസ്സായ സ്ഥലങ്ങൾ മാർക്കറ്റിലുണ്ട്. ഇവിടെ നടക്കുന്നതിനിടയിൽ കണ്ട സീനിയർ സിറ്റിസണുകൾക്കു മാത്രമായി സമയം പങ്കിടാൻ ഒരു സ്ഥലം കണ്ടു. അവിടെ കസേരകളും കാരംസും വെച്ചത് നല്ലൊരു ആശയമായി തോന്നി.
പഞ്ചാബി സുഹൃത്ത് ഗുൽത്താജിന്റെ വീട്ടിലായിരുന്നു അത്താഴം. റൊട്ടിയും, സബ്ജിയും, ദാലും, പുലാവും, എഗ്ഗ് ബുർജിയും, ചെന കറിയും അടങ്ങുന്ന വിശാലമായ ഭക്ഷണമൊരുക്കിയാണ് അവരെന്നെ കാത്തിരുന്നത്. പണ്ട് കാലങ്ങൾ തൊട്ടേ പഞ്ചാബികൾ യോദ്ധാക്കളായതു കൊണ്ട് ഭക്ഷണവും നന്നായി കഴിക്കുന്നവരാണ്. അതിരാവിലെ പാടങ്ങളിൽ പണിയെടുക്കാനുള്ളത് കൊണ്ട് പഴയ ആളുകൾ ഇപ്പോഴും ഏഴു മണി ആവുമ്പോഴേക്കും ഭക്ഷണം കഴിച്ചു ഉറങ്ങാനുള്ള പരിപാടികൾ തുടങ്ങുമത്രേ. വീട്ടുകാരോടൊപ്പം ഇരുന്നു സിഖ് രീതികളെ കുറിച്ച് കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. സിഖ് വിശ്വാസപ്രകാരം പുരുഷന്മാർ മുടിയോ താടിയോ മുറിക്കില്ല. നീളമുള്ള മുടി ഒതുക്കിയാണ് അവർ 3-7 മീറ്റർ നീളമുള്ള ടർബൻ അണിയുന്നത്. ടർബന് പകരം ചെറിയ കുട്ടികൾ സൗകര്യാർഥം അണിയുന്നതിനെ 'പട്ടാക്ക' എന്നാണ് പറയുന്നത്. പുതിയ തലമുറയിൽ ചിലരെങ്കിലും സൗകര്യത്തിന് വേണ്ടി ഈ രീതികളിൽ നിന്നും മാറിയെങ്കിലും ടർബൻ സിഖ്‌കാർ എന്നും അഭിമാനമായി കാണുന്ന ഒന്നാണ്. ഷർട്ടിന്റെ നിറത്തിനൊപ്പം ചേരുന്ന ടർബനുകൾ അവരുടെ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് കൂടിയാണ്.
ഓരോ സ്ഥലത്തിനും അതിന്റെതായ കഥകളും, അവിടെത്തെ ആളുകൾക്കു അവരുടെ രീതികളുമുണ്ട്. അതും കൂടി അറിയുമ്പോഴാണ് യാത്രകൾ അതിന്റെ പൂർണതയിൽ എത്തുന്നത്. നാളെ പോകുന്നത് അമൃതസറിലേക്കാണെന്ന് പറഞ്ഞപ്പോൾ, അവളുടെ അമ്മമ്മ ആവേശത്തോടെ ഗുരുദ്വാരയെ കുറിച്ചുള്ള കുറേ കാര്യങ്ങൾ പറഞ്ഞു തന്നു. അവരുടെ വാക്കുകളിലൂടെ ഞാൻ മനസ്സിൽ കണ്ട അമൃതസർ കാണാനുള്ള കൊതിയോടെയാണ് ഉറങ്ങാൻ കിടന്നത്.
(Kerala institute of Local Administration 'KILA' എറണാകുളം ജില്ല കോഓർഡിനേറ്ററാണ് ലേഖിക)