മുഴപ്പിലങ്ങാട് ബീച്ചിന്റെ മുഖം മാറുന്നു
text_fieldsമുഴപ്പിലങ്ങാട്: കേരളത്തിന്റെ ബീച്ച് ടൂറിസം വികസനത്തിന് പുതിയൊരധ്യായം എഴുതിച്ചേർത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
മുഴപ്പിലങ്ങാട് ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. കേരളത്തിന്റെ ബീച്ച് ടൂറിസം വികസന പദ്ധതികളില്‍ പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ച് സമഗ്ര വികസന പദ്ധതി. അഞ്ച് കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് പോകാവുന്ന ബീച്ചിനോട് ചേർന്ന് കിടക്കുന്ന ഒരു കിലോമീറ്റർ ദൂരപരിധിയിലാണ് ഇപ്പോഴത്തെ ഒന്നാം ഘട്ട നവീകരണം പൂർത്തിയാക്കിയത്.
കടലിനോട് ചേർന്നുള്ള ഈ സ്ഥലം നേരെത്തെ വലിയ പാറക്കെട്ടുകൾ അടുക്കിവെച്ച് സുരക്ഷാ ഭിത്തികെട്ടി നിലനിർത്തി വരികയായിരുന്നു. ഇവ പൂർണമായും പൊളിച്ചു നീക്കിയാണ് പുതിയ നിർമാണ പദ്ധതി നടപ്പാക്കിയത്.
സഞ്ചാരികൾക്കുള്ള ഇരിപ്പിടം, കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാലുൾപ്പെടെ കളിയിടം, നടപ്പാത, സൈക്കിൾ ലൈൻ, ഭക്ഷണശാല, സെക്യൂരിറ്റി കാബിൻ, ശൗചാലയം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ആരെയും ആകർഷിപ്പിക്കുന്ന വിധത്തിൽ മതിലുകളിൽ ചിത്രങ്ങളാൽ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, ജനപ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
233.71 കോടിയുടെ വികസനം
ബീച്ച് ടൂറിസത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 233.71 കോടി രൂപയുടെ പ്രവർത്തനാനുമതിയിലാണ് വികസനം പുരോഗമിക്കുന്നത്. ഇത് വഴി മുഴപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളുടെ വികസനം സാധ്യമാക്കുക എന്നതാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടിന്റെ വികസനത്തിലൂടെ കേരളത്തിലെയും പ്രത്യേകിച്ച് മലബാറിലെയും ബീച്ച് ടൂറിസം വികസനത്തിന് കുതിപ്പ് പകരും. നിലവിൽ മുഴപ്പിലങ്ങാട് ബീച്ചിൽ വലിയ തോതിലുള ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളാണ് ദിനേന എത്തിക്കൊണ്ടിരിക്കുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഇവിടെ കെ.ടി.ഡി.സിയുടെ റിസോർട്ടിന്റെ നിർമാണവും പുരോഗമിക്കുകയാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 'മുഴപ്പിലങ്ങാട്-ധര്‍മ്മടം ബീച്ചിന്റെ സമഗ്ര വികസനം' എന്ന പദ്ധതിയുടെ ഭാഗമാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.
നവീകരണ പ്രവൃത്തിക്ക് ഭരണാനുമതി 2019ലാണ് നല്‍കിയത്. മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മടം ബീച്ച്, ധര്‍മടം ദ്വീപ് എന്നിങ്ങനെ മൂന്ന് ഭാഗമാണ് പദ്ധതിക്കുള്ളത്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്ക് ഭാഗത്തെ 1.2 കിലോമീറ്റര്‍ നീളത്തിലുള്ള നടപ്പാത ഓര്‍ഗനൈസ്ഡ് ഡ്രൈവ് ഇന്‍ ആക്ടിവിറ്റികള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ നല്കുന്നു.
നടക്കാനായി കടൽ തീരത്തുനിന്നും ഉയരത്തിലായി പൈലുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് വാര്‍ത്ത് അതിനു മുകളിലാണ് ഉല്ലാസ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. ഭംഗിയുള്ള ബീച്ചിലെ പുല്‍മേടുകള്‍, മരങ്ങള്‍, ഇരിപ്പിടങ്ങൾ കിയോസ്കുകള്‍, അലങ്കാര ലൈറ്റുകള്‍, ഷെയ്ഡ് സ്ട്രക്ചര്‍, ശില്പങ്ങള് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.