പ്രായം വെറും നമ്പർ മാത്രം
text_fieldsവത്സല മേനോനും രമണി മേനോനും
പ്രായം ഒരു പരിധിയാണെന്ന് പഠിപ്പിച്ച സമൂഹത്തിന് യാത്രകളിലൂടെ മറുപടി പറയുകയാണ് തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശികളായ വത്സല മേനോനും അനുജത്തി രമണി മേനോനും. 86ഉം 84ഉം വയസ്സുള്ള ഈ മുത്തശ്ശിമാർ ഇതിനകം സന്ദർശിച്ചത് 16 രാജ്യങ്ങൾ. ഓരോ യാത്ര കഴിയുമ്പോഴും അടുത്ത യാത്രക്കുള്ള തയാറെടുപ്പ് തുടങ്ങും. യൂറോപ് പര്യടനം കഴിഞ്ഞ് ഇപ്പോൾ അടുത്ത യാത്രക്ക് തയാറെടുക്കുകയാണ് ഇവർ. ഓരോ യാത്രയും സാധ്യമാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും ഇവർ നൽകുന്നത് അവരുടെ കുടുംബത്തിനുതന്നെയാണ്. രമണിയമ്മയുടെ മകൾ ബിന്ദുവും കൊച്ചുമക്കളായ ഗായത്രിയും ഗൗതവുമാണ് ഇവരുടെ ഓരോ യാത്രക്കും പിന്നിൽ. ‘പ്രായം ഒന്നിനും ഒരു തടസ്സമല്ല, പുതിയകാര്യങ്ങൾ പരീക്ഷിക്കാനുള്ള അവസരമാണ്’ എന്നാണ് ഈ സഹോദരിമാരുടെ പക്ഷം. ഇരുവരും യാത്രയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നു.
പുതിയ ഇടങ്ങൾ തേടി
യാത്രചെയ്യാൻ തുടക്കം മുതൽതന്നെ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. യാത്രകൾ എന്നും ഏറെ ഇഷ്ടമായിരുന്നു. കുടുംബം കൂടെയുണ്ടെന്ന ആത്മധൈര്യവുമുണ്ട്. ഗായത്രിയാണ് റൂം ബുക്ക് ചെയ്യുന്നതും വാഹനം ഏർപ്പാടാക്കുന്നതുമൊക്കെ. ഇവരൊക്കെ കൂടെയുള്ളതുകൊണ്ട് പേടിയൊന്നും ഉണ്ടാകാറില്ല. കംബോഡിയയിലേക്കായിരുന്നു ആദ്യ അന്താരാഷ്ട്ര യാത്ര. ഇതുവരെ പോയ എല്ലാ സ്ഥലങ്ങളും ഏറെ ഇഷ്ടപ്പെട്ടു. സ്വിറ്റ്സർലൻഡ് ആണ് കൂടുതൽ ഇഷ്ടമായത്. അവിടെ മഞ്ഞൊക്കെ ഉണ്ടല്ലോ. അവിടെ കേബ്ൾ കാറിലൊക്കെ പോയിരുന്നു. മഞ്ഞിലൂടെ കുറച്ച് നടക്കാനും കഴിഞ്ഞു. വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, തായ്ലൻഡ്, മ്യാന്മർ, ശ്രീലങ്ക തുടങ്ങി 16 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ചിട്ടുണ്ട്. യൂറോപ്പിലേക്കായിരുന്നു അവസാനം യാത്ര ചെയ്തത്. കശ്മീരാണ് ഇന്ത്യയിൽ കൂടുതൽ ഇഷ്ടപ്പെട്ട സ്ഥലം. യൂറോപ്പിൽവെച്ച് ഒരു ഗാർഡൻ സന്ദർശിച്ചത് യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്. കൊച്ചു മകൻ ഗൗതം ജർമനിയിലാണ് ജോലി ചെയ്യുന്നത്. അവിടെയും രണ്ടാഴ്ച താമസിച്ചു. അവിടെ മകൻ ജോലി ചെയ്യുന്ന ഷിപ്പിന്റെ ലോഞ്ചിങ്ങിന് പോയിരുന്നു. അത് നല്ലൊരു അനുഭവമായിരുന്നു. പിന്നെ, ഹിറ്റ്ലറുടെ മ്യൂസിയം കണ്ടു. ഒരിക്കൽ കണ്ടുകഴിഞ്ഞ ഇടത്തേക്ക് വീണ്ടും പോകണമെന്നൊന്നും തോന്നിയിട്ടില്ല. അവിടം ഒരുതവണ കണ്ടുകഴിഞ്ഞല്ലോ. ഇനി പുതിയ ഇടങ്ങൾ തേടി പോവാം.
പല നാട്, പല ഭാഷ
പല നാടുകളുടെ സംസ്കാരവും ഭാഷയും ഭക്ഷണവുമെല്ലാം അടുത്തറിയാനും മനസ്സിലാക്കാൻ കഴിഞ്ഞുവെന്നതാണ് സന്തോഷം നൽകുന്ന കാര്യം. ഭക്ഷണകാര്യത്തിലൊന്നും വലിയ പ്രശ്നമുണ്ടായിരുന്നില്ല. ബ്രഡ്, കോൺഫ്ലക്സ്, പാല്, തൈര് എന്നിവയൊക്കെയായിരുന്നു അധികവും കഴിച്ചിരുന്നത്. അടുത്ത യാത്ര ലക്ഷദ്വീപിലേക്ക് പോകാമെന്ന് മകൾ ബിന്ദു പറയുന്നുണ്ട്. ബദരീനാഥ്, ഋഷികേശ്, ഹരിദ്വാർ, ദ്വാരക, വൃന്ദാവൻ, എന്നീ സ്ഥലങ്ങളിലൊക്കെ യാത്ര നടത്തിയിട്ടുണ്ട്, ഡൽഹി, ബംഗളൂരു, കൊൽക്കത്ത, കൊണാർക് ടെമ്പിൾ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും പോയിട്ടുണ്ട്. മക്കൾ എവിടെയൊക്കെ ജോലി ചെയ്തിട്ടുണ്ടോ അവിടൊക്കെ ഞങ്ങളും പോയിട്ടുണ്ട്, ആ നാടിനെ അടുത്തറിഞ്ഞിട്ടുണ്ട്.
സ്നേഹമാണ് എല്ലായിടത്തും
പുറംരാജ്യത്തുള്ളവരൊക്കെ ഞങ്ങളോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അവിടെയുള്ളവരൊക്കെ വളരെ ലളിതമായി നടക്കുന്നവരാണ്. പ്രത്യേകിച്ച് വസ്ത്രധാരണത്തിൽ. മറ്റൊന്ന് അവിടത്തെ മികച്ച ഗതാഗത സൗകര്യങ്ങളാണ്. ഇവിടത്തെപ്പോലെ അല്ല, അവിടത്തെ റോഡെല്ലാം കൂടുതൽ മികച്ചതാണ്. നല്ലതാണ്. എല്ലാവിടെയും നല്ല വൃത്തിയാണ്.
നാടുകാണണം
പ്രായമായവർ അത്യാവശ്യം ആരോഗ്യമുണ്ടെങ്കിൽ, കൊണ്ടുപോകാനും കുടെനിൽക്കാനും ആൾക്കാരുണ്ടെങ്കിൽ വീട്ടിൽ വെറുതെ ഇരിക്കരുത് എന്നാണ് ഞങ്ങൾ പറയുക. യാത്രചെയ്യണം. കഴിയാവുന്നത്ര നാടുകാണണം. ഞങ്ങളുടെ സേവിങ്സ് ഉപയോഗിച്ചാണ് ഞങ്ങളുടെ ചെലവുകളൊക്കെ നോക്കുന്നത്. ഇതൊക്കെ ജീവിതത്തിലെ സന്തോഷങ്ങളല്ലേ. യാത്രകൾ മനസ്സിന് നല്ല സന്തോഷം നൽകും. മനസ്സിൽ വേറെ ചിന്തകളൊന്നും വരില്ല. പ്രായമായെന്ന് കരുതി ആരും യാത്രപോകാതിരിക്കരുത്. അവരെ മക്കൾ കൊണ്ടുപോകാതിരിക്കുകയും ചെയ്യരുത്. സാമ്പത്തികശേഷിക്ക് അനുസരിച്ച് എല്ലാവരും യാത്രകൾ ചെയ്യണം. ഞങ്ങൾ യാത്രചെയ്ത് തുടങ്ങിയപ്പോൾ നിങ്ങൾ എന്തിനാണ് ഇൗ പ്രായത്തിൽ ഇങ്ങനെ യാത്രപോവുന്നതെന്നും വീട്ടിൽതന്നെ ഇരുന്നാൽ പോരേ എന്നുമൊക്കെ പറഞ്ഞ എത്രയോ പേരുണ്ട് ചുറ്റും. അവരോടുള്ള മറുപടി ഓരോ യാത്രയിലൂടെയുമാണ് ഞങ്ങൾ നൽകാറ്. തിരുവനന്തപുരത്ത് ജോലിചെയ്തിരുന്ന വത്സലാമ്മ 1996ലാണ് വിരമിക്കുന്നത്. വത്സലാമ്മയും അമ്മയും മാത്രമായിരുന്നു തൃശ്ശൂരിലെ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുടെ മരണശേഷം കൊടുങ്ങല്ലൂരായിരുന്ന രമണിയമ്മയും മക്കളും തറവാട്ടിൽ സഹോദരിക്ക് കൂട്ടായെത്തുകയായിരുന്നു.