ചുട്ടിപ്പാറ മുതൽ ശബരിമല വരെ; കാഴ്ചയുടെ വിരുന്നൊരുക്കി കഥപറയും പാറകൾ
text_fieldsചുട്ടിപ്പാറ
പത്തനംതിട്ടയുടെ തിട്ടകളായി നിരന്നുനിൽക്കുന്നത് നിരവധി മലകളാണ്. നഗരമധ്യത്തിലെ ചുട്ടിപ്പാറ മുതൽ ശബരിമല വരെ അതിൽപെടും. തലയുയർത്തി നിൽക്കുന്ന ഈ പാറക്കൂട്ടങ്ങൾ എല്ലാം കാഴ്ചയുടെ വിരുന്നൊരുക്കുന്നവയാണ്. അൽപം സാഹസികതയും കായികക്ഷമതയും ഉണ്ടെങ്കിൽ പാറപ്പുറത്ത് കയറിനിന്ന് കാഴ്ചകളുടെ ലോകത്തേക്ക് കടക്കാം.
പാറക്കൂട്ടങ്ങളുടെ പരുപരുത്ത ചുമലിൽനിന്ന് പച്ചപ്പിെൻറ ആകാശക്കാഴ്ചകളും ചൂളംകുത്തിയെത്തുന്ന കാറ്റിെൻറ തണുപ്പും ആസ്വദിക്കാം. മായിക ചാരുതയോടെ ഉദയവും അസ്തമയവും കാണണമെങ്കിൽ ഈ പാറകളുടെ പുറത്തുകയറിയാൽ മതി. അങ്ങ് താഴെ കെട്ടിടങ്ങളിൽ തെളിയുന്ന ദീപക്കാഴ്ചകൾ, വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദികൾ, നിരത്തിലൂടെ നീങ്ങുന്ന കുഞ്ഞൻ വാഹനങ്ങൾ ഇതൊക്കെ കാഴ്ചയുടെ ഉത്സവം തീർക്കുന്നു. പാറക്കൂട്ടങ്ങൾക്ക് പറയാൻ കെട്ടുപിണഞ്ഞുകിടക്കുന്ന ചില പഴങ്കഥകളും ഐതിഹ്യങ്ങളുമുണ്ടാകും. ജൈവവൈവിധ്യങ്ങളുടെ അത്ഭുത കലവറകൾ കൂടിയാണ് പല പാറകളും. പ്രകൃതി കാത്തുസൂക്ഷിച്ച് വന്നിരുന്ന ഈ വിസ്മയങ്ങൾ ആർത്തിപൂണ്ട മനുഷ്യൻ ഇല്ലാതാക്കിക്കൊണ്ടിരിക്കയുമാണ്. ജനവാസ മേഖലയിലുള്ളതും എളുപ്പത്തിൽ എത്താവുന്നതും വിസ്മയ കാഴ്ചകൾ ഒരുക്കുന്നതുമായ ജില്ലയിലെ ചില പാറകളെ പരിചയപ്പെടാം.
നഗരത്തിന് 'ചുട്ടി' ചാർത്തി ചുട്ടിപ്പാറ
പത്തനംതിട്ട: പത്തനംതിട്ടയിൽ ആദ്യമെത്തുന്ന ആരും അത്ഭുതത്തോടെ നോക്കിപ്പോകുന്ന ഒന്നാണ് നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ചുട്ടിപ്പാറ. ഒറ്റനോട്ടത്തിൽ ഈ കരിമ്പാറ കണ്ടാൽ ഗജവീരന്മാർ എഴുന്നള്ളത്തിന് നിൽക്കുകയാണെന്ന് തോന്നിപ്പോകും. പുതിയ ബസ് സ്റ്റാൻഡിൽനിന്നാൽ ഈ കാഴ്ച നന്നായി കാണാനാകും. നഗരത്തിെൻറ വശ്യസൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യസ്ഥലവും ചുട്ടിപ്പാറ തന്നെ. കുത്തനെയുള്ള കോൺക്രീറ്റ് നടപ്പാതയിലൂടെ നടന്ന് ചുട്ടിപ്പാറയുടെ മുകളിലെത്താം. പകുതി ദൂരം പിന്നിട്ടാൽ പിന്നീട് പടിക്കെട്ടുകൾ കയറിവേണം മുകളിെലത്താൻ.
വനവാസക്കാലത്ത് ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് മലമുകളിലുള്ള ശിവവിഗ്രഹവും ക്ഷേത്രവുമെന്നാണ് വിശ്വാസം. ക്ഷേത്ര ട്രസ്റ്റിെൻറ കീഴിലാണ് പാറയും ക്ഷേത്രത്തിെൻറ പരിപാലനവും.
ചുട്ടിപ്പാറയുടെ ഭാഗമായ ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നീ മൂന്നു പ്രധാന പാറകളിലും നിറയുന്നത് രാമചരിതം തന്നെ. കാറ്റാടിപ്പാറയിൽനിന്ന് നോക്കിയാൽ മാത്രമേ ചേലവിരിച്ച പാറയുടെ സൗന്ദര്യം അറിയാൻ സാധിക്കൂ.
വനവാസകാലത്ത് സീത ചേല ഉണക്കാൻ വിരിച്ചിരുന്നത് ഈ പാറയിലായിരുന്നെത്ര. ചേലവിരിച്ചപാറ എന്ന പേരുകിട്ടാൻ കാരണം ഇതുതന്നെ. ഇപ്പോഴും ചേലവിരിച്ചിട്ടിരിക്കുന്നതുപോലെ തോന്നിക്കുന്ന പാടുകൾ ഇവിടെ കാണാം. ചുട്ടിപ്പാറയിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് കാറ്റാടിപ്പാറയാണ്. പേരിലും നിറയുന്ന കാറ്റുതന്നെ കാരണം.
ചുട്ടിപ്പാറയിൽനിന്നുള്ള നഗരദൃശ്യം
എപ്പോഴും പാറയിൽ ശക്തമായ കാറ്റാണ്. ഹനുമാൻപാറ എന്നും ഇതിന് പേരുണ്ട്. ഹനുമാൻ വിശ്രമിച്ചിരുന്നത് ഈ പാറയിലായിരുന്നു എന്നാണ് വിശ്വാസം. ഏത് കനത്ത വേനലിലും വറ്റാത്ത കിണറും ഇവിടെയുണ്ട്. പാറയുടെ മുകളിൽനിന്നാൽ നഗരത്തിെൻറ വിദൂര കാഴ്ചകൾ ആസ്വദിക്കാം. തൊട്ടടുത്തുകൂടി വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അച്ചൻകോവിലാറും നയനമനോഹര കാഴ്ച ഒരുക്കുന്നു.
നഗരമധ്യത്തിൽ വിനോദസഞ്ചാരത്തിെൻറ അനന്തസാധ്യതകളുള്ള സ്ഥലമാണിത്. ഇവിടെയുള്ള ക്ഷേത്രത്തിന് കോട്ടംതട്ടാതെ ടൂറിസം പദ്ധതി തയാറാക്കിയതാണെങ്കിലും പലവിധ കാരണങ്ങളാൽ നടന്നില്ല. വേണ്ടത്ര സുരക്ഷ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. നിത്യവും ധാരാളം പേരാണ് ഇവിടം സന്ദർശിക്കുന്നത്. എന്നാൽ, ഇവിടെ ഒരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല. മഴയും വെയിലും ഏൽക്കാതെ നിൽക്കാനുള്ള ഷെൽട്ടറാണ് പ്രധാന ആവശ്യം. ചെങ്കുത്തായ പാറയുടെ വശത്തെ ദൃശ്യങ്ങൾ കാണാനെത്തുന്നവർക്ക് അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ഒരു മുൻകരുതലും സ്വീകരിച്ചിട്ടില്ല. സാമൂഹികവിരുദ്ധരുടെ ശല്യവും ഇവിടെ ഉണ്ടാകാറുള്ളതായി പരാതിയുണ്ട്.