കണ്ടറിയുക തന്നെ വേണം വെനീസിലെ ഗോണ്ടോള യാത്രകൾ...
text_fieldsചില യാത്രകൾ ഒരു മോഹസാക്ഷാത്കാരമാണ്. വെനീസ് സന്ദര്‍ശിക്കണം എന്ന ആഗ്രഹം ദീര്‍ഘകാലമായി മനസ്സില്‍ കുടിയേറിയ ഒന്നായിരുന്നു.
ചിത്രങ്ങളിലും വിഡിയോകളിലും കണ്ടതിനേക്കാളും കേട്ടറിഞ്ഞതിനെക്കാളും മനോഹരമാണ് ഇവിടം എന്ന് വെനീസ് സന്ദർശിച്ചപ്പോൾ ബോധ്യമായി. കാല്പനികം എന്ന് തോന്നുന്ന ഒരു പ്രദേശം!. 120ഓളം ചെറുതും വലുതുമായ ദ്വീപുകളുടെ ഒരു കൂട്ടമായ വെനീസ് കനാലുകളുടെ നഗരമായാണ് അറിയപ്പെടുന്നത്.
വാഹനഗതാഗതം ഇല്ലാത്ത ഇവിടെ, എല്ലാം ഒഴുകിനടക്കുന്നപോലത്തെ ഒരു പ്രതീതിയാണ്. നൂറ്റാണ്ടുകളായി ജലഗതാഗതം മാത്രം ഉപയോഗിച്ചുവരുന്ന വെനീസ് വിനോദസഞ്ചാരികൾക്ക് ഒട്ടേറെ കൗതുകങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന നഗരമാണ്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നഗരമായി സഞ്ചാരികള്‍ കണക്കാക്കുന്ന വെനീസിന്റെയും അവിടുത്തെ കനാലുകളിലൂടെ ഒഴുകുന്ന വെനീഷ്യന്‍ മുഖമുദ്രയായ ഗോണ്ടോളയുടെയും വിശേഷങ്ങൾ നോക്കാം.
മിലാന്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് രാവിലെ നാലു മണിക്ക് വെനീസിലേക്ക് സ്പീഡ് ട്രെയിനില്‍ യാത്ര തിരിച്ചത്. രണ്ടര മണിക്കൂര്‍ എടുത്തു വെനീസിലെത്താന്‍. അവസാന സ്റ്റേഷനായ സാന്റാ ലൂസിയയില്‍ വിനോദസഞ്ചാരികളുടെ നല്ല തിരക്കുണ്ടായിരുന്നു. ഇരുപതു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള വെനീസിന്റെ പ്രധാന വരുമാന സ്രോതസ്സ് ഇന്ന് ടൂറിസമാണ്. മനോഹരമായി പരിപാലിക്കുന്ന വെനീസ് നഗരം പൂർണമായി യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടം നേടിയ പ്രദേശമാണ്. മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട വെനീസിനെ ‘അഡ്രിയാറ്റിക്കിലെ രാജ്ഞി’ എന്നാണറിയപ്പെടുന്നത്.
വെനീസ് ഒരു ചരിത്രപ്രാധാന്യമുള്ള നഗരമാണ്. അതുകൊണ്ടുതന്നെ ചരിത്രം വിശദീകരിക്കാതെ ഈ രാജ്യത്തെക്കുറിച്ച് പറയാനാകില്ല. റോമാസാമ്രാജ്യത്തിൽ നിന്ന് രക്ഷപ്പെട്ട് എ.ഡി ആദ്യനൂറ്റാണ്ടുകളില്‍ ഈ പ്രദേശത്തെ കുഞ്ഞ് ദ്വീപുകളിൽ അഭയം തേടിയവരാണ് വെനീസിലെ പൂർവ്വികർ. ചതുപ്പുനിലം നികത്തി തൂണുകൾ നാട്ടിയ ശേഷം അതിനു മുകളിൽ അവർ വീടുകളുണ്ടാക്കി.
കെട്ടിടങ്ങൾക്കു നടുവിലൂടെ ജലപാതകൾ തെളിച്ചു. ഗ്രാന്‍ഡ് കനാൽ ഉൾപ്പെടെ പ്രധാന വഴികളെല്ലാം അങ്ങനെ ഉണ്ടായതാണ്. മധ്യകാലഘട്ടത്തില്‍ വലിയൊരു കച്ചവട കേന്ദ്രമായി മാറിയ വെനീസ് അന്ന് ലോകത്തിലെ ഒരു പ്രബല സ്വതന്ത്ര രാജ്യമായിരുന്നു. പല രാജ്യങ്ങളുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ട വെനീസിലെ വ്യാപാരികൾ രാജ്യത്തെ ഒരു വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റി.
പിന്നീടു തുര്‍ക്കിയും ഓസ്ട്രിയയും ഇറ്റലിയുമൊക്കെ പലപ്പോഴായി ഈ പ്രദേശം കൈയേറി ഭരണം നടത്തി. ഇറ്റലി രൂപം കൊണ്ടപ്പോള്‍ വെനീസ് ഇറ്റലിയുടെ ഭാഗമായി മാറുകയായിരുന്നു. പ്രസന്നമായ കാലാവസ്ഥ, മേഘപാളികൾക്കിടയിലൂടെ ഇടയ്ക്കിടെ എത്തി നോക്കുന്ന സൂര്യൻ തണുപ്പിന്റെ കാഠിന്യം കുറച്ചു.
വെനീസെന്ന് കേൾക്കുമ്പോൾ തന്നെ ഗോണ്ടോള എന്ന സുന്ദരമായ ബോട്ട് നമ്മുടെ മനസ്സിൽ തെളിയും. പരമ്പരാഗത ഗോണ്ടോള ബോട്ടുകളിലെ സഞ്ചാരം ഒരു പ്രത്യേക അനുഭവമാണ്. ഗോണ്ടോളകള്‍ വെനീസിന്‍റെ ഒരു അഭിമാനപ്രതീകമായി ആണ് കണക്കാക്കപ്പെടുന്നത്. പരമ്പരാഗത രീതിയിൽ തടികളാൽ നിർമ്മിക്കപ്പെട്ട, അടിവശം വിസ്താരമുള്ള, മോട്ടോര്‍ ഘടിപ്പിക്കാത്ത, കറുത്ത നിറമുള്ള, ഭംഗിയായി അലങ്കരിച്ച, ഒരേ ആകൃതിയിലുള്ള ചെറുതോണികളാണ് ഗോണ്ടോളകള്‍.
ഗോണ്ടോളയെ മുന്നോട്ട് നയിക്കുന്നത് അമരത്ത് നിൽക്കുന്ന ഗോണ്ടോളിയർ എന്ന് വിളിക്കുന്ന തുഴച്ചില്‍ക്കാരന്‍ ആണ്. ഇവരുടെ പരമ്പരാഗതമയി കൈമാറിവന്ന തൊഴിലായി കണക്കാന്നുവെങ്കിലും ഇന്ന് ഗോണ്ടോളകള്‍ തുഴയുന്നതിന് പ്രത്യേക പരിശീലനവും ലൈസന്‍സും ആവശ്യമാണ്.
വെള്ളയും കറുപ്പും വരകളുള്ള ടീഷര്‍ട്ട് യൂണിഫോമായുള്ള ഇവർ മിക്കവരും നല്ല ഗായകരുമാണ് എന്നതാണ് കൗതുകകരമായ ഒരു വസ്തുത. ആദ്യകാലങ്ങളില്‍ വെനീസ് വംശജരില്‍ സമൂഹത്തിന്‍റെ മേല്‍തട്ടില്‍ ഉള്ളവരായിരുന്നു ഗോണ്ടോളകൾ ഉപയോഗിച്ചിരുന്നത്. വെനീസ് നഗരത്തിലെ ജലഗതാഗതത്തിന്‍റെ പ്രധാന മാർഗം ഇതു തന്നെയായിരുന്നു.
പത്താം നൂറ്റാണ്ട് മുതൽ തന്നെ വെനീസില്‍ ഗോണ്ടോളകൾ സർവ്വസാധാരണമായിരുന്നു എന്ന് ചരിത്രരേഖകളിൽ കാണുന്നു. 17,18 നൂറ്റാണ്ടുകള്‍ ആയപ്പോള്‍ ഏതാണ്ട് 10,000 ഗോണ്ടോളകൾ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാൽ, ഇപ്പോൾ 500 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. യന്ത്രവൽകൃത ബോട്ടുകളും മറ്റും ആ സ്ഥാനം കയ്യടക്കിയിരിക്കുന്നു. ഗോണ്ടോളയുടെ ക്ലാസിക്കൽ ഡിസൈൻ ഏകദേശം1000 വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണെങ്കിലും ഇന്ന് നാം കാണുന്ന വാഴപ്പഴത്തിന്റെ ആകൃതിയുള്ള ആധുനിക ഗോണ്ടോള വികസിപ്പിച്ചെടുത്തത് 19ആം നൂറ്റാണ്ടിൽ ആണ്.
ഇപ്പോൾ സര്‍ക്കാര്‍ അവയുടെ എല്ലാ സവിശേഷതകളും; വലുപ്പം, മെറ്റീരിയലുകൾ, നിറം എന്നിവ ഉൾപ്പെടെ നിയമപരമായി നിയന്ത്രിക്കുകയും കർശനമായി നിരീക്ഷിക്കുകയും ചെയ്തുവരുന്നു. ഒരു ഗോണ്ടോളയ്ക്ക് 11 മീറ്റർ വരെ നീളവും 1.6 മീറ്റർ വീതിയും 350 കിലോഗ്രാം ഭാരവുമാണുണ്ടാവുക. എട്ട് തരം മരങ്ങൾ (ഓക്ക്, മഹാഗണി, വാൽനട്ട്, ചെറി, ഫിർ, ലാർച്ച്, നാരകം, ഇലഞ്ഞി) ഉപയോഗിച്ച്, കൈകൊണ്ട് രൂപപെടുത്തിയ 280 കഷണങ്ങൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
ഞാൻ സാൻ മാർക്കോ ബസിലിക്കയുടെ സമീപമുള്ള കനാലിലൂടെയാണ് ഗോണ്ടോള സവാരി ചെയ്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളെ ആലിംഗനം ചെയ്തുകിടക്കുന്ന ജലത്തിലൂടെ അതിമനോഹരമായ യാത്ര. പണ്ടുകാലത്ത് വെനീസുകാരുടെ പ്രധാന ഗതാഗത സംവിധാനമായിരുന്ന ഗൊണ്ടോളകള്‍ ഇപ്പോള്‍ ടൂറിസ്റ്റ്കളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. തെരുവുകളും നിരത്തുകളും പരസ്പരം പിണഞ്ഞുകിടക്കുന്നതു പോലെ തന്നെ ജലാശയങ്ങളും ഇടത്തേക്കും വലത്തേക്കും തിരിയുന്നത് കാണാം. അനവധി ടൂറിസ്റ്റുകൾ പ്രത്യേകിച്ച് കമിതാക്കൾ ഗൊണ്ടോള യാത്ര ആസ്വദിക്കുന്നു. കനാലുകളിലെ നീല ജലാശയത്തിൽ ഗൊണ്ടോളകള്‍ ഒഴുകിനീങ്ങുന്നതും തീരത്തുടനീളം ഗോണ്ടോളകള്‍ നിരനിരയായി കിടക്കുന്നതും ഒരു സുന്ദര കാഴ്ചയാണ്.
ഒരു മണിക്കൂര്‍ സവാരിക്ക് ശേഷം ഗോണ്ടോളയിൽ നിന്നിറങ്ങി സമീപമായുള്ള റിയാൽറ്റോ ബ്രിഡ്ജിലേക്കാണ് പോയത്. അവിടെ കയറിനിന്ന് ഗ്രാന്‍ഡ് കനാലിലെ ശാന്തമായ നീരൊഴുക്കിനെ കീറിമുറിച്ച് ബോട്ടുകള്‍ മുന്നോട്ടു നീങ്ങുന്ന സുന്ദരമായ കാഴ്ച കണ്ടുനിന്നു. തീരത്തെ റസ്റ്റോറന്റുകളിലും ഷോപ്പുകളിലും എല്ലാം നല്ല തിരക്കായിരുന്നു. സുവനീറുകളും പെയിന്റിംഗ്കളും വര്‍ണ്ണാഭമായ ഗ്ലാസ്സ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന കടകളുടെ നീണ്ട നിര. തണുത്ത ഇളം കാറ്റുമേറ്റു കനാല്‍ തീരത്തുകൂടെയുള്ള നടത്തവും ബോട്ടിലൂടെയുമുള്ള യാത്രയും അവിസ്മരണീയ അനുഭവമായിരുന്നു. മനംമയക്കുന്ന കാഴ്ചകൾ ആയിരുന്നു എവിടെയും, ഇതൊക്കെ കണ്ടുനടന്ന് സമയം പോയതറിഞ്ഞില്ല.
വെനീസിലെ തിരക്കേറിയ ഗ്രാൻഡ് കനാലിലൂടെയും സഞ്ചരിക്കുന്ന ഈ ഗോണ്ടോളകൾ ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിൽ ഒന്നാണ് എന്നാണ് പലരും കണക്കാക്കുന്നത്. ഒരു ദിവസം മുഴുവന്‍ ഞാന്‍ ഈ മായികലോകത്താണ് ചെലവഴിച്ചത്. ലോകത്തിന്‍റെ മുന്നിൽ നൂറ്റാണ്ടുകളായി അഭിമാനത്തോടെ വെനീസുകാർ കാത്തുസൂക്ഷിക്കുന്ന ചിഹ്നം, സമരസപ്പെടാൻ ആകാത്ത ഒരു പൈതൃകത്തിന്‍റെ അവശേഷിപ്പാണ് ഗോണ്ടോളകൾ.
ഒരുപക്ഷേ, പാരമ്പര്യങ്ങളോടുള്ള ഇത്തരം അചഞ്ചലമായ അനുഭാവം നമ്മൾക്ക് മറ്റെവിടെയും കണ്ടെത്താൻ കഴിയില്ല!. ചരിത്രത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും തേരിലേറി പ്രണയത്തിന്‍റെ പ്രതീകമായ, സഞ്ചാരികൾ ഏറ്റവും കൂടുതൽ സ്വപ്നം കാണുന്ന അനുഭവങ്ങളിലൊന്നായ വെനീസ് സന്ദർശനവും ഗോണ്ടോള സവാരിയും അനുഭവിച്ചതിന്‍റെ നിര്‍വൃതി എക്കാലവും മനസ്സില്‍ നിലനില്‍ക്കും.