Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഉയരങ്ങൾക്കും

ഉയരങ്ങൾക്കും കഥകളുണ്ട്

text_fields
bookmark_border
ഉയരങ്ങൾക്കും കഥകളുണ്ട്
cancel

ലോകത്തിലെ പത്താമത്തെ വലിയ പർവതമായ, 8091 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അന്നപൂർണ കൊടുമുടിയുടെ 4130 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാമ്പിലേക്കാണ് യാത്ര. ഹിമാലയൻ മലനിരകളിൽ ഉൾപ്പെടുന്ന ഈ പർവതം അന്നപൂർണ 1, 2, 3, 4, അന്നപൂർണ സൗത്ത്, മചാപുച്രെ പർവതം തുടങ്ങിയ കൊടുമുടികളായാണ് നിലകൊള്ളുന്നത്.


നേപ്പാളിന്റെ തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ വിമാനമിറങ്ങി ബസിലാണ് പൊഖറയിൽ എത്തുന്നത്. മോശം വഴി. പലയിടങ്ങളിലും റോഡ് പോലും കാണാനില്ല. ഇടക്ക് ചെറിയ കടകളിൽ ഭക്ഷണത്തിനായി നിർത്തി. കുലുങ്ങിക്കുലുങ്ങി എട്ടു മണിക്കൂർ യാത്രക്കുശേഷം ബസ് പൊഖറയിൽ എത്തി. അവിടെനിന്ന് ട്രക്കിങ് പെർമിറ്റ് എടുത്തു. അടുത്തദിവസംതന്നെ ട്രക്കിങ് തുടങ്ങണം.

ഫസ്റ്റ് സ്റ്റെപ്

ഗ്യാൻഡ്രുക് ഗ്രാമത്തിലേക്ക് ജീപ്പിൽ യാത്ര. അവിടെനിന്നും ട്രക്കിങ് ആരംഭിക്കാം. കുറഞ്ഞത് ആറുദിവസമെങ്കിലും വേണം ഇത് പൂർത്തിയാക്കി പൊഖറയിൽ തിരിച്ചെത്താൻ. ആദ്യദിവസം ഗ്യാൻഡ്രുക് ഗ്രാമത്തിൽനിന്നും ചോംറോങ് വരെ എത്താം. നടത്തം തുടങ്ങിയതു മുതൽ കാട്ടരുവികളുടെ ശബ്ദവും കുതിരകളുടെ മണിയടിയും കേൾക്കാമായിരുന്നു. ഗ്യാൻഡ്രുക് ഗ്രാമം പിന്നിടുന്നതിനു മുന്നേ ഒരു ഗ്രാമീണ സ്ത്രീയെ കണ്ടു. അവിടത്തെ തനത് വസ്ത്രധാരണവും ചുണ്ടത്ത് ഒരു സിഗരറ്റുമായി തണുപ്പിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഒരു കൗതുകക്കാഴ്ച. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന ചോദ്യത്തിന് അമ്പത്....... എന്ന മറുപടിയാണ് വന്നത്.


ഫോട്ടോ എടുക്കാതെ ഞാൻ മുന്നോട്ടു നടന്നു. അഞ്ചു മിനിറ്റുകൂടി നടന്ന് ഒരു കൊച്ചുവീട് കണ്ടപ്പോൾ ടോയ്‌ലറ്റ് ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചു. സന്തോഷപൂർവം സമ്മതം മൂളിയ ആ സ്ത്രീ തിരിച്ചു വരുമ്പോഴേക്കും കുറച്ച് ലസി തയാറാക്കി െവച്ചിരുന്നു. നന്ദിസൂചകമായി ചെറിയൊരു തുക നൽകി. എനിക്ക് ഭ്രാന്താണോ പൈസ കൊടുക്കാൻ എന്ന് നേപ്പാളി ഭാഷമാത്രം അറിയാവുന്ന ആ സ്ത്രീ ആംഗ്യഭാഷയിൽ ചോദിച്ചു. ഒരേസമയം കണ്ട രണ്ടു സ്ത്രീകളും അവർ തമ്മിലുള്ള അന്തരവും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

ഒരു ദിവസം, 10 മണിക്കൂർ

കാടുകളും അരുവികളും പുഴകളും കുറെ ഗ്രാമങ്ങളും കടന്നുവേണം ബേസ് ക്യാമ്പിലെത്താൻ. ദിവസവും 10 മണിക്കൂറിലധികം ട്രക് ചെയ്ത് ഞാൻ പിന്നിടുന്നത് 10-12 കിലോമീറ്റർ ദൂരമാണ്. ചില സമയങ്ങളിൽ ശക്തമായ മഴ കാരണം ഉണ്ടാകുന്ന വഴുക്കൽ, ഓരോ അടിയും ശ്രദ്ധയോടെ വേണം വെക്കാൻ. കാട്ടിലൂടെ രണ്ടു പേർക്കുമാത്രം നടക്കാവുന്ന പാത, അതിന്റെ ഓരങ്ങളിലേക്ക് നോക്കിയാൽ കാണാവുന്നതിലും താഴ്ചയിലേക്കുള്ള വലിയ കാട്. നനഞ്ഞ ചതുപ്പ് നിലമായതുകൊണ്ട് അട്ടകളുടെ കടിയും ധാരാളം. ശക്തമായി മഴ പെയ്യുന്ന ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് മൂന്നുമണി കഴിയുമ്പോഴേക്കും കാട് വല്ലാതെ ഇരുട്ടിത്തുടങ്ങും. മുമ്പ് ആനന്ദകരമായി തോന്നിയ അരുവികളുടെയും വെള്ളച്ചാട്ടത്തിന്റെയും ശബ്ദം അപ്പോൾ പേടിപ്പെടുത്തും.


സെപ്റ്റംബർ ആദ്യമാണ് ഞാൻ ട്രക്കിങ് ആരംഭിച്ചത്. സീസൺ തുടങ്ങുന്നതിന് മുമ്പായതുകൊണ്ട് മഴ കുറച്ചു കൂടുതൽ കൊള്ളേണ്ടിവന്നെങ്കിലും ശാന്തമായ വഴികളായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്യാതെതന്നെ അനായാസം ടീ ഹൗസ് സൗകര്യങ്ങളും ലഭിച്ചു. ഒരു രാത്രി താമസിക്കുന്നതിന് ഏകദേശം 500 നേപ്പാളി രൂപ (ഏകദേശം 300 ഇന്ത്യൻ രൂപ) മാത്രമേ വരുന്നുള്ളൂ. ഓരോ ഗ്രാമങ്ങൾ പിന്നിട്ട് അടുത്തഗ്രാമം എത്തുമ്പോഴേക്കും ഭക്ഷണസാധനങ്ങളുടെയും മറ്റു അവശ്യവസ്തുക്കളുടെയും വില ഇരട്ടിയായിക്കൊണ്ടേയിരിക്കും. ഒരു നേരത്തെ ഭക്ഷണത്തിന് 700 മുതൽ 1000 നേപ്പാളി രൂപവരെ ആവാം. ഇവിടത്തെ പ്രധാന ഭക്ഷണമായ ദാൽ ബാത്ത് ചോറും ദാൽ കറിയും ഒന്നോ രണ്ടോ പച്ചക്കറികളും അച്ചാറും അടങ്ങുന്നതാണ്. ഈ ഭക്ഷണം ഇവിടെ വരുന്നവർക്ക് വളരെ പ്രിയപ്പെട്ടതാണ്.

ഗുരുങ്

എവറസ്റ്റ് പ്രദേശങ്ങളിൽ കണ്ടുവരുന്ന ബുദ്ധ സമൂഹത്തെ ഷേർപ എന്ന പേരിൽ അറിയപ്പെടുന്നതുപോലെ അന്നപൂർണ പ്രദേശത്തെ ബുദ്ധ സമൂഹം ഗുരുങ് എന്നാണ് വിളിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുന്നേ തിബത്തിൽനിന്നു നേപ്പാളിലേക്ക് കുടിയേറിയവരാണത്രെ ഗുരുങ്ങുകൾ. അവർ അവശ്യസാധനങ്ങൾ തോളിലും തലയിലുമായി ചുമന്നു മുകളിൽ എത്തിക്കുന്നു. ഇവരിലധികവും ഉയരങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന പോർട്ടേഴ്സ് ആയും ലോക്കൽ ട്രക് ഗൈഡായുമാണ് ജോലി ചെയ്യുന്നത്. ഓരോ വലിയ കയറ്റം കയറി കഴിയുമ്പോഴും അവർ നിർത്തി ക്ഷീണം മാറ്റും, അതിശക്തമായി ശ്വാസമെടുക്കും. പതിനാലോ പതിനാറോ മാത്രം പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി ജീവിതത്തിന്റെ ഭാരവുമായി കയറ്റങ്ങൾ കയറുന്നത് വേദനയോടെ കണ്ടു. ഭാരം ചുമന്ന് മലകയറുന്ന ആണുങ്ങൾക്കിടയിൽ ഒരു ഗുരുങ് സ്ത്രീയുമുണ്ടായിരുന്നു.

രണ്ടു മാർഗങ്ങൾ

പല നിറത്തിലുള്ള പൂക്കൾ പൂത്തുനിൽക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന താഴ്‌വാരവും വെള്ളച്ചാട്ടവും കടന്നുവേണം ദേവ്‌രാലി ഗ്രാമത്തിൽനിന്നും മാചാപുച്രെ പർവതത്തിന്റെ ബേസ് ക്യാമ്പിലെത്താൻ. അന്ന് രാത്രി അവിടെ തങ്ങാനായിരുന്നു പ്ലാൻ. ഇവിടെനിന്നും ബേസ് ക്യാമ്പിലെത്താൻ രണ്ട് മണിക്കൂർ ട്രക്കിങ് മാത്രമുള്ളതുകൊണ്ട് അധികമെല്ലാവരും നേരേ ക്യാമ്പിലേക്ക് പോവുകയാണ്. ഇത്രയും ഉയരങ്ങളിൽ ടൂറിസ്റ്റുകളല്ലാതെ മറ്റു ഗ്രാമീണർ ആരും താമസിക്കുന്നില്ല. ടീ ഹൗസ് നടത്തിപ്പുകാരനല്ലാതെ മറ്റു അതിഥികളൊന്നും ഇല്ലാത്തതുകൊണ്ട് അന്ന് അവിടെ തങ്ങാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.


സമയം വൈകിത്തുടങ്ങി. പുറത്ത് ഇരുട്ട് പരന്നു. ആ സമയത്തുള്ള ട്രക്കിങ് പേടി തോന്നുന്നതായിരുന്നു. രണ്ട് വഴികളാണ് മുന്നിൽ. ഒന്നുകിൽ മറ്റു ടൂറിസ്റ്റുകളൊന്നും ഇല്ലാത്ത ടീ ഹൗസിൽ അന്ന് താമസിക്കുക അല്ലെങ്കിൽ ബേസ് ക്യാമ്പിലേക്ക് ട്രക് ചെയ്യുക. ഒടുവിൽ ബേസ് ക്യാമ്പിലേക്ക് പോകാൻ ഉറപ്പിച്ചു. ആ സമയത്ത് രണ്ടു പെൺകുട്ടികളടങ്ങുന്ന ഒരു നേപ്പാളി ടീമിനെ കൂട്ടിനുകിട്ടി. അത് ആശ്വാസമായി. എങ്കിലും ആ നടത്തം എന്നെ വല്ലാതെ ഭയപ്പെടുത്തി. ഇനി കടക്കേണ്ടത് താരതമ്യേന സുഖമുള്ള താഴ്‌വാരമാണ്. അധികം ഇരുട്ടുന്നതിനു മുമ്പുതന്നെ ബേസ്ക്യാമ്പിലെത്തി.

നക്ഷത്രങ്ങൾ തൊട്ടടുത്ത്

രാത്രി നക്ഷത്രങ്ങൾ മുത്തുപോലെ തിളങ്ങുന്നത് അടുത്തുകണ്ടു. അടുത്തദിവസം രാവിലെ 5.30ന് സൂര്യോദയം കാണാൻ എഴുന്നേറ്റു. മഞ്ഞുമലകളുടെ പിറകിൽനിന്നും സൂര്യൻ ഉയർന്നുവരുന്ന കാഴ്ചയായിരുന്നു ഏറ്റവും മനോഹരം. സൂര്യന്റെ ശോഭയാൽ വെള്ളനിറത്തിലുള്ള മഞ്ഞുപുതച്ച മലനിരകൾ സ്വർണ നിറമുള്ളതായി. അന്നപൂർണ 1, 2, 3, മാചപുച്രെ പർവതം, അന്നപൂർണ സൗത്ത് പർവതം എന്നിവ ആകാശത്തിൽ തലയുയർത്തി നിൽക്കുന്നു. ദൂരെനിന്നും കേൾക്കുന്ന ഹിമപാതങ്ങളുടെ ശബ്ദം, വീശി അടിക്കുന്ന കാറ്റ്, ചുറ്റും കെട്ടിയിരിക്കുന്ന അഞ്ചുനിറങ്ങളിലുള്ള പ്രാർഥനാ കൊടികൾ, ഇവ തരുന്ന അനുഭൂതി. ചായയും ആസ്വദിച്ച് ആ കാഴ്ചകൾ കൺനിറയെ കണ്ടുനിന്നു.


മിക്കവാറും ആളുകൾ രാവിലെ പതിനൊന്നോടുകൂടി പോയിക്കഴിഞ്ഞിരുന്നു. വൈകീട്ട് ടീ ഹൗസിൽ പുതിയ ടൂറിസ്റ്റുകൾ എത്തുന്നതുവരെ ഞാനും മറ്റു മൂന്നു ടൂറിസ്റ്റുകളും മാത്രമാണുണ്ടായിരുന്നത്. അവിടെ ഇരുന്ന് ചൂട് ചായയും കുടിച്ച് ടീ ഹൗസ് നടത്തിപ്പുകാരോട് സംസാരിച്ചിരുന്നപ്പോഴാണ് കാഠ്ണ്ഡുവിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തെപ്പറ്റി അറിയുന്നത്. വിപ്ലവകാരികൾ ഉൾനാടൻ ഗ്രാമങ്ങളിലൊന്നും വരില്ലെന്ന ധൈര്യത്തോടെ അടുത്തദിവസം അന്നപൂർണ ബേസ് ക്യാമ്പിൽനിന്നും തിരിച്ചിറങ്ങാൻ തുടങ്ങി. കയറിയതിലും വളരെ വേഗത്തിലാണ് ഇറങ്ങിയത്. നാലുദിവസംകൊണ്ട് കയറിയ ദൂരം രണ്ടുദിവസംകൊണ്ടാണ് ഇറങ്ങിത്തീർത്തത്. ഇടയിൽ മൂന്നു ദിവസം ഓരോ ഗ്രാമങ്ങളിൽ അവിടത്തെ കാഴ്ചകൾ കണ്ട് വെറുതെ വിശ്രമിച്ചിരുന്നു.

ജീനുയിലെ ഹോട്ട് സ്പ്രിങ്

ട്രക്കിങ്ങിന്റെ അവസാന ഗ്രാമമായ ജീനുയിൽ എത്തി. ആ ഗ്രാമത്തിൽനിന്നും ഒരു മണിക്കൂർ ട്രക് ചെയ്താൽ എത്തുന്ന ഒരു ഹോട്ട് സ്പ്രിങ് ഉണ്ട്. എല്ലാ വേദനയും അവിടെ കഴുകിക്കളഞ്ഞാണ് അടുത്തദിവസം പൊഖാറയിൽ എത്തുന്നത്. പത്തു ദിവസം എടുത്താണ് ട്രക്കിങ് പൂർത്തിയാക്കിയത്. അപ്പോഴേക്കും പ്രധാനമന്ത്രി ഒലി ശർമയും മറ്റു പ്രമുഖ മന്ത്രിമാരും ഹെലികോപ്ടറിൽ നാടുവിട്ട് ഭരണം രാജിവെച്ചിരിക്കുന്നു. നഗരത്തിലെ സംഘർഷാവസ്ഥ ഒന്നു കുറഞ്ഞു. ഇനിയും മൂന്നുദിവസം കഴിഞ്ഞാണ് വീട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനിടയിൽ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തതോടെ നേപ്പാളിലെ അവസ്ഥ സാധാരണഗതിയിലായി. കൂടുതൽ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും പുതിയ അനുഭവങ്ങൾ പഠിപ്പിക്കുകയും ചെയ്ത യാത്ര അവിടെ അവസാനിച്ചെങ്കിലും ഒരുപാട് ഓർമകളുമായി മനസ്സിൽ എന്നും യാത്ര തുടരുന്നു.

Show Full Article
TAGS:travels Travel Explore destinations trekking Hiking Himalaya Annapoorna 
News Summary - Heights have stories
Next Story