തിങ്ങിനിറഞ്ഞ് ഇടുക്കി; മൂന്നാറും വാഗമണ്ണും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
text_fieldsകുമളിയിൽ ബോട്ടിങ്ങിന് എത്തിയവരുടെ നിര
തൊടുപുഴ: വിഷു-ഈസ്റ്റർ അവധിയാഘോഷവും മധ്യവേനൽ അവധിയും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആവേശത്തിലാക്കുന്നു. പ്രധാന വിനോദ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നാറും വാഗമണ്ണുമാണ് ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം.
വേനലവധിയിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നത് കാലാവസ്ഥ തന്നെയാണ്. ചൂടെത്ര കനത്തതായാലും മൂന്നാറിലെ പ്രകൃതിയും അന്തരീക്ഷവും ഏതൊരാളുടെയും മനസ്സ് തണുപ്പിക്കും. രാജമലയിൽ വരയാടുകളെ കാണാൻ ദിവസവും ശരാശരി 2000ത്തിനു മുകളിൽ സന്ദർശകരെത്തിയതായാണ് കണക്ക്. ദേശീയപാതയിൽ പൂപ്പാറ മുതൽ മൂന്നാർ വരെയുള്ള റോഡ് റൈഡ് ആസ്വദിക്കാനും യുവാക്കളടക്കം നിരവധിപ്പേർ എത്തുന്നുണ്ട്.
മൂന്നാർ മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിന് കാത്തുനിൽക്കുന്ന സഞ്ചാരികൾ
മൂന്നാറിൽ കെ.എഫ്.ഡി.സിയുടെ പൂന്തോട്ടം, ഫോട്ടോ പോയന്റ്, മാട്ടുപ്പെട്ടി ഡാം, എക്കോ പോയന്റ്, കുണ്ടള ഡാം, പഴയ മൂന്നാർ ഹൈഡൽ പാർക്ക് എന്നിവടങ്ങളിലെല്ലാം സഞ്ചാരികൾ നിറഞ്ഞു. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിൽ നിരവധി പേർ ബോട്ടിങ് നടത്തി. വിനോദസഞ്ചാരികൾക്കായി പ്രത്യേകം ആരംഭിച്ച ഡബിൾ ഡക്കർ ബസും ഉല്ലാസയാത്ര ബസും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു
തേക്കടി, കുമളി, പരുന്തുംപാറ തുടങ്ങിയ കേന്ദ്രങ്ങളിലും ആയിരങ്ങളാണെത്തിയത്. വാഗമണ്ണിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മൊട്ടക്കുന്നുകൾ, പൈൻ കാട്, അഡ്വഞ്ചർ പാർക്ക് ഇവിടേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. തേക്കടി, പരുന്തുംപാറ, സത്രം തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കുണ്ട്. തേക്കടി ബോട്ടിങ്, ജീപ്പ് സഫാരി, വനത്തിലൂടെയുള്ള ട്രക്കിങ്, കഥകളി, കളരിപ്പയറ്റ്, മാജിക് ഷോ, ആനവാരി, അഡ്വഞ്ചർ, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയ കേന്ദ്രങ്ങളും സജീവമായിട്ടുണ്ട്.
ഒമ്പതുദിവസത്തിനിടെ 1,68,073 പേർ; പുഷ്പമേളയും ഫെസ്റ്റുകളുമായി ഉത്സവ ലഹരി
ഒമ്പത് ദിവസത്തിനിടെ ജില്ലയിൽ ഡി.ടി.പി.സിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രം 1,68,073 പേരാണ് എത്തിയത്. മാട്ടുപ്പെട്ടി, രാമക്കൽമേട്, അരിവിക്കുഴി, എസ്.എൻ പുരം, വാഗമൺ മൊട്ടക്കുന്നുകൾ, അഡ്വഞ്ചർ പാർക്ക്, പാഞ്ചാലിമേട്, ഹിൽവ്യൂ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, ആമപ്പാറ എന്നിവിടങ്ങളിലാണ് ഇത്രയധികം പേർ എത്തിയത്.
അവധിയായതോടെ കുടുംബസമേതം എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മാർച്ചിനെ അപേക്ഷിച്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ്. പുഷ്പമേളയും ഫെസ്റ്റുകളുമായി നാടും ഉത്സവലഹരിയിലാണ്.
വേനൽമഴ കനത്തതോടെ വരണ്ടുകിടന്ന വെള്ളച്ചാട്ടങ്ങളും സജീവമായി. ഹോട്ടലുകളിലും ഹോം സ്റ്റേകളിലുമൊക്കെ ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള വ്യാപാര കേന്ദ്രങ്ങളും ഉണർന്നു. സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ അടച്ചിട്ടിരുന്ന വഴിയോര കടകളും തുറന്നിട്ടുണ്ട്.