ഹാഇലിൽ മികച്ച ട്രക്കിങ് അനുഭവം നേടാം
text_fieldsഹാഇലിലെ അജ പർവതനിര
ജിദ്ദ: മലകയറ്റം ഇഷ്ടപ്പെടുന്നവരുടെ സൗദിയിലെ പ്രിയപ്പെട്ട ഇടമാണ് ഹാഇലിലെ പർവത നിരകൾ. മനോഹരമായ മരുപ്പച്ചകൾ കൂട്ടത്തിൽ വിനോദസഞ്ചാര അനുഭവവും പകരുന്നു.
ഹാഇൽ മേഖലയിലെ അജ, സൽമ എന്നീ പർവതനിരകളുടെ അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ ആരെയും ആകർഷിക്കുന്നതാണ്. വിനോദ സഞ്ചാരികൾക്കും ട്രക്കിങ് കമ്പക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടും ഇവിടം.
ഔഷധസസ്യങ്ങളും പൂ ചെടികളും ഉൾപ്പെടെ പ്രകൃതി സൗന്ദര്യത്തിന്റെ വിശാലവും അതുല്യവുമായ സംയോജനം പ്രത്യേക ‘വൈബ്’ തന്നെ സമ്മാനിക്കുന്നു. ഹാഇൽ നഗരത്തിന്റെ വടക്കുപടിഞ്ഞാറായി അജ പർവതനിരകളും തെക്കുകിഴക്കായി സൽമ പർവത നിരകളുമാണ് സ്ഥിതി ചെയ്യുന്നത്.
അജ പർവതത്തിനാണ് ഉയരം കൂടുതൽ. അടുത്തിടെ പെയ്ത മഴയെ തുടർന്ന് ഈ പർവതങ്ങളുടെ താഴ്വരകളിൽ പച്ചപ്പ് തഴച്ചുവളർന്നിട്ടുണ്ട്. ചെറിയ അരുവികളും പൊയ്കകളും എല്ലാം രൂപപ്പെട്ടിട്ടുണ്ട്.
ഹാഇലിലെ അജ പർവതനിരകളുടെ അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങൾ
അത് താഴ്വാരങ്ങളെ ഇപ്പോൾ കൂടുതൽ വർണാഭമാക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളെ ഈ കാഴ്ച്ച ഇപ്പോൾ ഹഠാദാകർഷിക്കുകയാണ്.
പർവതാരോഹണം, ക്യാമ്പിങ്, സാഹസികത, ഉല്ലാസം എന്നിവക്കെല്ലാമുള്ള പ്രധാന ഇടമായി ഈ പ്രദേശം മാറിയിരിക്കുന്നു. ഹാഇലിന്റെയും പരിസര പ്രദേശങ്ങളുടെയും അതിശയിപ്പിക്കുന്ന പനോരമിക് കാഴ്ചകൾക്ക് പുറമേ ഹൈക്കിങ് പാതകളും ക്യാമ്പിങ് ഏരിയകളും വ്യൂ പോയിന്റുകളും സന്ദർശകരെ ഇങ്ങോട്ടു മാടിവിളിക്കുന്നു.
മഴ നാളുകൾ തീർത്ത പച്ചപ്പിൽ പൊതിഞ്ഞ മലനിരകളെ ചുറ്റിപ്പറ്റിയുള്ള പാറക്കെട്ടുകളും മണൽക്കൂനകളും ഹാഇലിലെത്തുന്ന പ്രകൃതിസ്നേഹികൾക്ക് ഹൃദ്യത പകരുന്നു. പർവതനിരകളിലെ വൈവിധ്യമാർന്ന ഭൂപ്രകൃതി വേറിട്ടുനിൽക്കുന്നു.
ഉയർന്നുനിൽക്കുന്ന പർവതനിരകൾ, താഴ്വരകൾ, സമതലങ്ങൾ പ്രകൃതിദത്തവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ ഭാഗമാണ്.
വർഷം മുഴുവനും ക്യാമ്പിങ് വിനോദസഞ്ചാരത്തിന് അനുയോജ്യമാണ് ഇവിടം.