കുംഭാവുരുട്ടി ജലപാതം സഞ്ചാരികൾക്കായി തുറന്നു
text_fieldsകുംഭാവുരുട്ടി വെള്ളച്ചാട്ടം
പുനലൂർ: നീണ്ട കാത്തിരിപ്പിന് ശേഷം അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം വിനോദ സഞ്ചാരികൾക്കായി തുറന്നു. ഇതോടെ കിഴക്കൻ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികളാൽ സമ്പന്നമായി. യാത്രികർക്ക് വനംവകുപ്പ് പരമാവധി സുരക്ഷ സംവിധാനങ്ങൾ ഒരുക്കി. തിങ്കളാഴ്ച രാവിലെയാണ് വെള്ളച്ചാട്ടം തുറന്നത്.
രണ്ടുവർഷം മുമ്പ് തമിഴ്നാട് സ്വദേശികളായ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങിമരിച്ചതിനെ തുടർന്ന് സുരക്ഷ-നിയമ പ്രശ്നങ്ങളാൽ കുംഭാവുരുട്ടി അടച്ചിട്ടിരിക്കുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ കൂടുതൽ വെള്ളം ജലപാതത്തിൽ ഒഴുകിയെത്തിയാണ് അന്ന് രണ്ടുപേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തത്. വെള്ളം കെട്ടിനിർത്താനായി വനത്തിനുള്ളിൽ നിർമിച്ച തടയണ മലവെള്ള പാച്ചിലിൽ തകർന്ന് അമിത തോതിൽ വെള്ളവും കല്ലുംമണ്ണും എത്തിയാണ് അപകടം ഉണ്ടായത്.
വെള്ളപാച്ചിലിൽ ജലപാതത്തിലും ഒട്ടേറെ നാശം സംഭവിച്ചിരുന്നു. ഇതുകാരണം കഴിഞ്ഞ വർഷവും ഇവിടെ തുറന്നിരുന്നില്ല. വനം വകുപ്പ് അധികൃതരുടെ ഉദാസീനതക്കെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് ഇത്തവണ സുരക്ഷ ഒരുക്കി വെള്ളച്ചാട്ടം തുറക്കാൻ അധികൃതർ തയാറായത്.
ദിവസവും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടെ നിന്നും വനംവകുപ്പിന് വൻതുക ആദായം ലഭിച്ചിരുന്നു. കൂടാതെ ഗൈഡുകളായും ചെറുകിട വ്യാപാരത്തിലൂടെയും നാട്ടുകാരായ നിരവധിപേർക്ക് തൊഴിലും ലഭിച്ചിരുന്നു. കുംഭാവുരുട്ടിക്ക് സമീപം തന്നെ മണലാർ ഇക്കോ സെന്ററിലും വെള്ളച്ചാട്ടത്തിലും ആര്യങ്കാവ് പാലരുവിയിലും തിരക്ക് വർധിച്ചു.