കാണാം, പച്ചപ്പട്ടണിഞ്ഞ കുറുവ
text_fieldsഹരിതഭംഗിയിൽ കുറുവ പാടം
മങ്കട: കാഴ്ചക്ക് നിറകൺ സന്തോഷം നൽകുന്നതാണ് പച്ചപ്പട്ടണിഞ്ഞ കുറുവ ഗ്രാമത്തിന്റെ സൗന്ദര്യം. അതിനാല്‍ തന്നെ ഇവിടുത്തെ അതിവിശാലമായ വയലുകളുടെ സൗന്ദര്യം നുകരാൻ ധാരാളമാളുകളാണ് എത്തുന്നത്. കുറുവ, പുഴക്കാട്ടിരി, മക്കരപ്പറമ്പ് പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, കുന്നിന് പുറങ്ങൾ, വെള്ളച്ചാട്ടങ്ങൾ ഇവയൊക്കെ കൊണ്ട് ഈ നാട് അനുഗ്രഹീതമാണ്.
വള്ളുവനാട് രാജസ്വരൂപത്തിന്റെ സ്വന്തമായ പച്ചത്തുരുത്താണ് കുറുവദേശം. വള്ളുവക്കോനാതിരിയായിരുന്നു രാജാവ്. അവിഭക്ത പാലക്കാട് ജില്ലയില്‍ ആദ്യം നിലവില്‍വന്ന പഞ്ചായത്തുകളില്‍ ഒന്നാണ് കുറുവ. പിന്നീട് മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ കുറുവ മലപ്പുറം ജില്ലയുടെ ഭാഗമായി. കോഴിക്കോടിനും പാലക്കാടിനും മധ്യേ മലപ്പുറം ജില്ലയെന്ന ആശയം ആദ്യം രൂപപ്പെടുന്നത് കുറുവ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പാങ്ങിലെ പി.കെ. ബാപ്പുട്ടിയുടെ ചിന്തയിലാണ്.
ഹരിത ഭംഗി ഇന്നും കാത്തുസൂക്ഷിക്കുന്ന ജില്ലയിലെ കാര്‍ഷിക ഭൂപടത്തിലെ വേറിട്ട ദേശമാണ് കുറുവ. കുന്നിന് പ്രദേശങ്ങളും ചരിത്രമുറങ്ങുന്ന പാറക്കെട്ടുകളും, വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്നു. പുഴക്കാട്ടിരി, കുറുവ, മക്കരപറമ്പ, കൂട്ടിലങ്ങാടി, മങ്കട പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ഉള്‍പ്രദേശങ്ങളിലെ പുഴയോട് ചേര്‍ന്നുള്ള പാതയോരവും ഇന്ന് ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്.
രാമപുരം ചൊവ്വാണ പുഴയോരം, നാറാണത്ത് കാറ്റാടിപ്പാടം, മക്കരപറമ്പ, കുറുവ പാടം ഉള്‍പ്പെടെയുള്ള വയലോരങ്ങളെല്ലാം ഗ്രാമീണ ടൂറിസത്തിന്റെ വിരുന്നിടമായി. പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം, കുറുവ മുക്ത്യാര്കുണ്ട് വെള്ളച്ചാട്ടം, മീനാര്‍ കുഴി, മുണ്ടക്കോട് കുന്നിന് പ്രദേശങ്ങള്‍, നാറാണത്ത് കാറ്റാടി പാടം, കരിഞ്ചാപ്പാടി കാര്‍ഷിക പ്രദേശങ്ങള്‍, പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പടപ്പറമ്പ്, ടിപ്പു സുല്‍ത്താന്റെ ചരിത്രമുറങ്ങുന്ന പാലൂര് കോട്ട ബ്രിട്ടീഷുകാര്‍ക്കെതിരെ സമര ഒളിപ്പോരാളികള്‍ ഒത്തുകൂടിയിരുന്ന ചരിത്രമുള്ള പാറ കെട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങൾ ഇന്ന് പ്രദേശിക വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷകങ്ങളാണ്.