സ്വിസ് ചോക്ലേറ്റുകളുടെ ഈറ്റില്ലത്തിലേക്ക് ഒരു മറക്കാനാകാത്ത യാത്ര...
text_fieldsചോക്ലേറ്റുകൾ ഇഷ്ടമില്ലാത്തവരയായി ആരും കാണില്ല, കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ചോക്ലേറ്റ് നുണയാൻ താല്പര്യപ്പെടുന്നു. ലിന്റ്, ടോബ്ലെറോൺ, കാഡ്ബറി, ഫെറേറോ റോഷെ, ഹെർഷേയ്സ്, നെസ്‌ലെ, കിൻഡർ, ലെഡെറാഹ്, മാർസ്, മിൽക്ക, മേഴ്സി, ഗോഡിവ,.... തുടങ്ങി നിരവധി കമ്പനികളുടെ വിവിധ രുചികളിലുള്ള കൊതിയൂറും ചോക്ലേറ്റുകൾ വിപണിയില്‍ സുലഭമാണ്. ഇതിൽ തന്നെ സ്വിസ് നിർമ്മിത ചോക്ലേറ്റുകൾക്ക് പ്രിയം ഏറെയാണ്. സ്വിറ്റ്സർലൻഡ് എന്ന് കേൾക്കുമ്പോൾ തന്നെ ചോക്ലേറ്റുകളും പാലുൽപ്പന്നങ്ങളും ആണ് ഏവരുടെയും മനസ്സിൽ വരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചോക്ലേറ്റുകൾ സ്വിസ് ചോക്ലേറ്റുകൾ ആണെന്നാണ് ചോക്ലേറ്റ് പ്രേമികൾ അവകാശപ്പെടുന്നത്. സ്വിറ്റ്സർലൻഡിന്‍റെ ഹൃദയഭാഗമായ സ്യൂറിക് യാത്രയിൽ അവിടെയുള്ള ലോകപ്രശസ്തമായ ലിന്റ് ചോക്ലേറ്റ് ഫാക്ടറിയും മ്യൂസിയവും സന്ദർശിച്ചതിന്‍റെ വിശേഷങ്ങൾ നോക്കാം.
രണ്ട് ദിവസത്തെ സന്ദർശനത്തിനു വേണ്ടിയാണ് സ്വിസ്സ് തലസ്ഥാനമായ ബെർണിൽ നിന്ന് സ്യൂറികില്‍ എത്തിയിരിക്കുന്നത്. ദീർഘകാല സുഹൃത്തായ സഖറിയ അച്ചായനും ഒപ്പമുണ്ട്. യാത്ര പ്ലാൻ ചെയ്തപ്പോൾ തന്നെ ഞങ്ങളുടെ യാത്രാപദ്ധതിയിൽ ലിന്റ് ചോക്ലേറ്റ് ഫാക്ടറി സന്ദർശനം ഉൾപ്പെടുത്തിയിരുന്നു. പ്രതിവർഷം ശരാശരി എട്ടു ലക്ഷത്തിൽ മേൽ ആൾക്കാർ സർശിക്കുന്ന ഇവിടം ചോക്ലേറ്റ് പ്രേമികൾക്ക് ഒരു സ്വർഗ്ഗമാണ് എന്ന് കേട്ടിട്ടുണ്ട്. രാവിലെയോടെ സ്യൂറിക് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഞങ്ങൾ, താമസം ബുക്ക് ചെയ്തിരുന്ന സ്റ്റേഷന് സമീപം തന്നെയുള്ള ഹോട്ടലിൽ എത്തി ലഗ്ഗേജ് വെച്ച് ഉടൻതന്നെ കാഴ്ചകൾക്കായി ഇറങ്ങി.
ചോക്ലേറ്റിന്‍റെ സുഗന്ധം നിറഞ്ഞ മധുരതരമായ ഒരു സഞ്ചാരത്തിനാണ് ഞങ്ങൾ ആദ്യം പോകുന്നത്. സ്യൂറിക് നഗരപരിധിയിൽ തന്നെ സ്ഥിതിചെയ്യുന്ന 'ലിന്റ് ഹോം ഓഫ് ചോക്ലേറ്റ്' (Lindt Home of Chocolate) സന്ദർശിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സ്യൂറികില്‍ നിന്നു ട്രെയിനിലും ബോട്ട് മാര്‍ഗ്ഗവും അവിടേക്ക് എത്താം. ഞങ്ങള്‍ ട്രെയിനിൽ പോകാനാണ് തീരുമാനിച്ചത്. സെൻട്രൽ സ്റ്റേഷനിൽ നിന്ന് 30 മിനിറ്റ് യാത്ര ചെയ്ത് സ്യൂറിക് നദിയുടെ ഓരത്തായുള്ള കിൽച്ച്ബെർഗ് (Kilchberg) എന്ന സ്ഥലത്തെ സ്റ്റേഷനിൽ ഇറങ്ങി. ഇവിടെ നിന്ന് ഏകദേശം ഒരുകിലോമീറ്ററോളം നടക്കാനുണ്ട് ലിന്റ് ചോക്ലേറ്റ് ഫാക്ടറിയിലേക്ക്. നല്ല തണുപ്പ്. ലിന്റ് ചോക്ലേറ്റ് ഫാക്ടറി ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ ഞങ്ങളുടെ മനസ്സിൽ ആവേശം നിറഞ്ഞു. 180 വർഷത്തെ ചരിത്രവും പാരമ്പര്യവുമുള്ള ലിൻഡ് & സ്പ്രങ്‌ലി (Lindt & Sprungli) എന്ന ലോകത്തിലെ ഏറ്റവും കൂടുതൽ പ്രീമിയം ചോക്ലേറ്റ് നിർമ്മിക്കുന്ന സ്ഥാപനത്തിന്‍റെ ആസ്ഥാനത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.
ധാരാളം സന്ദര്‍ശകര്‍ ലോബിയില്‍ ഉണ്ടായിരുന്നു. ചോക്ലേറ്റിന്‍റെ വശ്യമായ സുഗന്ധമായിരുന്നു അവിടെയെല്ലാം. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുണ്ടായിരുന്നതിനാൽ പ്രവേശനം സുഗമമായിരുന്നു. 7 മീറ്റർ ഉയരമുള്ള ഒരു ഭീമൻ ചോക്ലേറ്റ് ഫൗണ്ടൻ പ്രവേശന കവാടത്തിൽ തന്നെ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും.1,500 ലിറ്റർ പാൽചോക്ലേറ്റ്, ഒരു വിസ്കിലൂടെ ഒഴുകുന്ന ഈ കാഴ്ചയുടെ ചുറ്റും നിന്ന് സന്ദർശകർ ഫോട്ടോകൾ എടുക്കുന്നു. ഞങ്ങളും ഫോട്ടോ എടുത്തതിനുശേഷം അവിടെനിന്ന് പടികൾ കയറി മുകളിലത്തെ നിലയിലുള്ള മ്യൂസിയത്തിലേക്ക് നടന്നു. ടിക്കറ്റ് സ്കാൻ ചെയ്ത് ഉള്ളിലേക്ക് കയറുമ്പോൾ ഒരു ഓഡിയോ ഗൈഡ് അവിടെനിന്ന് ലഭിക്കും. ഓരോ സ്ഥലത്ത് എത്തി അവിടുത്തെ ക്യൂആർ കോഡ് സ്കാൻ ചെയ്യുമ്പോൾ അവിടെ പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ വിശദാംശങ്ങൾ കേൾക്കാൻ സാധിക്കും.
ചോക്ലേറ്റിന്‍റെ രുചികരമായ ലോകത്തിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. മ്യൂസിയത്തിന്‍റെ അകത്തളങ്ങളിലേക്ക് കടന്നപ്പോൾ തന്നെ വിവിധയിനം കൊക്കോ ചെടികളും കൊക്കോ കായുമൊക്കെ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. കുട്ടിക്കാലത്ത് നമ്മുടെ നാട്ടിലും കൊക്കോ കൃഷി പലയിടങ്ങളിലും ചെയ്തിരുന്നത് എനിക്ക് ഓർമ്മ വന്നു. ചോക്ലേറ്റിന്‍റെ 5,000ല്‍ പരം വർഷങ്ങളുടെ ചരിത്രം ആവിഷ്കരിച്ച ആധുനിക പ്രദർശനങ്ങൾ തുടർന്നുള്ള ഹാളുകളിൽ കാണാൻ കഴിഞ്ഞു. മായൻമാരും അസ്ടെക്കുകളും ചോക്ലേറ്റ് ഉപയോഗിച്ചിരുന്നതിന്‍റെ കഥ മുതൽ, സ്വിസ് ചോക്ലേറ്റ് വിപ്ലവം വരെ എല്ലാം മനോഹരമായി പ്രദർശിപ്പിച്ചിരിക്കുന്നു. ഓഡിയോ ഗൈഡിലൂടെ ഓരോന്നിന്‍റെയും വിശദമായ വിവരണങ്ങൾ കണ്ടും കേട്ടുംകൊണ്ട് നടന്നു.
ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട ഒരു ഭക്ഷണമായ ചോക്ലേറ്റിന്‍റെ ചരിത്രം ആരംഭിക്കുന്നത് മെക്സിക്കോയിലും മധ്യ അമേരിക്കയിലുമാണ്. കൊക്കോ മരത്തിന്‍റെ വിത്തുകളിൽ നിന്ന് ചോക്ലേറ്റ് ഉണ്ടാക്കാമെന്ന് 5000 വർഷങ്ങൾക്ക് മുമ്പ്തന്നെ കണ്ടുപിടിച്ചു എന്നുള്ളത് അത്ഭുതകരമായി തോന്നി. ബിസി 1900ൽ മെസോ അമേരിക്കയിലെ ഒൽമെക് സംസ്കാരത്തിൽ കൊക്കോ ഉപയോഗിച്ചതിന്റെ തെളിവുകൾ കാണാം. ബിസി 1400ൽ ആസ്ടെക്കുകൾ കൊക്കോയെ ഒരു കറൻസിയായും ദൈവങ്ങൾക്കുള്ള വഴിപാടുകളായും ഉപയോഗിച്ചുവന്നു. പിന്നീട് എ.ഡി 600ൽ മായൻമാർ കൊക്കോ കൃഷി ചെയ്യാനും ചോക്ലേറ്റ് പാനീയങ്ങൾ ഉണ്ടാക്കാനും തുടങ്ങി. പതിനാറാം നൂറ്റാണ്ടിൽ ക്രിസ്റ്റഫർ കൊളംബസ് ആണ് യൂറോപ്പിലേക്ക് കൊക്കോ കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. തുടർന്ന് 1600 കളിൽ യൂറോപ്പിൽ ചോക്ലേറ്റ് ഒരു ജനപ്രിയ പാനീയമായി മാറി. പിന്നീട് 1800 കളിലാണ് ചോക്ലേറ്റ് ഖരരൂപത്തിൽ ഉത്പാദിപ്പിക്കാൻ തുടങ്ങിയത്. പതിനെട്ടാം നൂറ്റാണ്ടിൽ ചോക്ലേറ്റ് ലോകമെമ്പാടും ഒരു ജനപ്രിയ മധുരമായി മാറി.
17-ാം നൂറ്റാണ്ടിലാണ് സ്വിറ്റ്സർലൻഡിലേക്ക് ആദ്യമായി ചോക്ലേറ്റ് എത്തുന്നത്. 1750ൽ സ്യൂറിക്കിൽ ആദ്യത്തെ ചോക്ലേറ്റ് ഫാക്ടറി തുറന്നു. ആയിരത്തി എണ്ണൂറുകളുടെ അവസാനത്തോടെയാണ് സ്വിസ് ചോക്ലേറ്റ് നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നത്. 1875ൽ സ്വിസ് ചോക്ലേറ്റ് നിർമ്മാതാവായ ഡാനിയൽ പീറ്റർ പാൽ ചേർത്ത ചോക്ലേറ്റ് നിർമ്മിക്കുന്നത് കണ്ടുപിടിച്ചു. ഇത്തരത്തിലുള്ള ഓരോ വിവരങ്ങളും വായിച്ചും കണ്ടും കേട്ടും മനസ്സിലാക്കി ഞങ്ങള്‍ മുന്നോട്ട് നീങ്ങി. ചോക്ലേറ്റിന് ഇത്രയധികം വര്‍ഷത്തെ ചരിത്രം ഉണ്ടായിരുന്നു എന്നത് കൗതുകകരമായ ഒരു അറിവായിരുന്നു.
ലിന്റ് & സ്പ്രങ്‌ലി കമ്പനിയുടെ തുടക്കത്തെ പറ്റിയും നിര്‍മ്മാണ രീതികളെ പറ്റിയും വശദീകരിക്കുന്നിടത്ത് ഞങ്ങൾ എത്തി. സ്യൂറിക്കിലെ പഴയ പട്ടണമായ മാർക്ക്റ്റ്ഗാസില്‍ ഒരു ചെറിയ കൺഫെക്ഷനറി കട നടത്തിയിരുന്ന ഡേവിഡ് സ്പ്രങ്‌ലിയും മകൻ റുഡോൾഫ് സ്പ്രിങ്‌ലിയും (David Sprüngli & Rudolf Sprüngli) 1945ല്‍ ചോക്ലേറ്റ് ബാറുകൾ നിർമ്മിക്കുന്ന ഫാക്ടറി ആരംഭിച്ചു. ചോക്ലേറ്റിനോടുള്ള അഭിനിവേശവും മികച്ച ഉല്പന്നങ്ങളും കാരണം സ്പ്രങ്‌ലി ചോക്ലേറ്റ് ജനപ്രീതി നേടുകയും കാലക്രമേണ പല സ്ഥലങ്ങളിലായി കമ്പനി വിപുലീകരിക്കുകയും ചെയ്തു. 1898ൽ ഇപ്പോള്‍ ഞങ്ങള്‍ നില്‍ക്കുന്ന സ്യൂറിക് തടാകത്തിനരികെയുള്ള കിൽച്ച്‌ബെർഗില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും, ഒരു വലിയ ആധുനിക ഫാക്ടറി ആരംഭിക്കുകയും ചെയ്തു. അതേ വർഷം തന്നെ ബെർണിലെ റോഡോൾഫ് ലിന്റിന്‍റെ പ്രശസ്തമായ ചോക്ലേറ്റ് ഫാക്ടറിയും അദ്ദേഹത്തിന്‍റെ ചോക്ലേറ്റ് സംസ്‌കരണ രഹസ്യവും ബ്രാൻഡ് നാമവും വാങ്ങുകയുണ്ടായി.
റോഡോൽഫ് ലിന്റ് (Rodolphe Lindt) എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച കൊങ്ചിംങ്ങ് (Conching) പ്രക്രിയയാണ് ചോക്ലേറ്റിന്‍റെ ക്രീമിയായ Texture-നു കാരണമാണെന്നതും ലിന്റ് കമ്പനിയുടെ വളർച്ചയുടെ മൂല കാരണം ഇതാണെന്നും മനസ്സിലാക്കാൻ സാധിച്ചു. നെസ്‌ലെ, ടോബ്ളറോൺ തുടങ്ങിയ കമ്പനികളുടെ ചരിത്രവും അവിടെ വിവരിച്ചിട്ടുണ്ടായിരുന്നു. ഓരോ കാലഘട്ടങ്ങളിലും കമ്പനികൾ ഇറക്കിയ വിവിധ ചോക്ലേറ്റുകളുടെ പ്രദർശനം അവിടെ കണ്ടു. ഇന്ന് യൂറോപ്പിലും അമേരിക്കയിലും ആയി 12 ഫാക്ടറികളിൽ നിന്നാണ് ലിന്റ് ചോക്ലേറ്റ് ഉല്പാദിപ്പിക്കുന്നത്. 150ൽ പരം രാജ്യങ്ങളിൽ ഇത് വിൽക്കപ്പെടുന്നു. ലിന്റ് ചോക്ലേറ്റിന്‍റെ ഉത്പാദനത്തിന് ആവശ്യമായുള്ള കൊക്കോ കൃഷി പ്രധാനമായും നടത്തുന്നത് ആഫ്രിക്കൻ രാജ്യമായ ഘാനയിലാണ്. ആധുനിക രീതിയിൽ കൃഷി നടത്തുന്നതും കൊക്കോ കുരുകൾ പ്രോസസ്സ് ചെയ്യുന്നതും എല്ലാം വിശദമായി അവിടെ വിവരിച്ചിട്ടുണ്ടായിരുന്നു.
ഞങ്ങൾ അടുത്തതായി ചോക്ലേറ്റ് ടേസ്റ്റിംഗിനായി ആണ് പോയത്. അനന്തമായ ചോക്ലേറ്റ് ടേസ്റ്റിംഗ്!. സ്വർഗ്ഗീയ രുചികളിലുള്ള ശുദ്ധമായ ചോക്ലേറ്റുകൾ യഥേഷ്ടം രുചിക്കുക എന്നതായിരുന്നു ഫാക്ടറി സന്ദർശനത്തിന്‍റെ ഏറ്റവും മികച്ച ഭാഗം. ചോക്ലേറ്റ് ഫൗണ്ടനിലൂടെ വരുന്ന വിവിധതരം ഇളം ചൂട് ചോക്ലേറ്റുകൾ സ്വേച്ഛയോടെ രുചിക്കാൻ സന്ദർശകരുടെ തിരക്കായിരുന്നു. അവിടെനിന്ന് ചോക്ലേറ്റ് ബാറുകൾ നിർമ്മിക്കുന്നിടത്തേക്ക് ഞങ്ങൾ എത്തി. അതും യഥേഷ്ടം കഴിക്കാൻ സാധിക്കും. പുതിയ രുചികളിലുള്ള ചോക്ലേറ്റ് (Milk, Dark, Hazelnut, Almond, Caramel, White Chocolate,...) കട്ടകൾ കൊതിതീരെ കഴിക്കാൻ കഴിഞ്ഞപ്പോൾ, മനസ്സും നാവും ഒരുപോലെ ആഹ്ലാദിച്ചു!. വ്യത്യസ്ത തരം ചോക്ലേറ്റുകൾ ഉണ്ടാക്കുന്ന രീതികളും അവയുടെ വ്യത്യാസങ്ങളും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലായിരുന്നു ഈ അനുഭവം.
അടുത്തതായി നടന്നെത്തിയത് മാർക്കറ്റിൽ ലിന്റ് ചോക്ലേറ്റിന്‍റെ ഏറ്റവും പോപ്പുലര്‍ ആയി വിപണിയിലുള്ള ചോക്ലേറ്റുകൾ യഥേഷ്ടം നമ്മള്‍ക്ക് എടുക്കാവുന്ന ഒരു ഭാഗത്തേക്കാണ്. കണ്ണാടിപ്പാത്രങ്ങളിൽ വച്ചിരിക്കുന്ന പല ഫ്ലേവറുകളിൽ ഉള്ള ചോക്ലേറ്റുകൾ പോക്കറ്റിലും കയ്യിലുമായൊക്കെയായി പറ്റാവുന്നിടത്തോളം എടുത്തു. പിന്നീട് ചോക്ലേറ്റ് നിർമ്മാണപ്രക്രിയ നേരിട്ട് കാണുന്നതിനായുള്ള പ്രത്യേക ഏരിയയിലേക്കാണ് പിന്നീട് പ്രവേശിച്ചത്. കൊക്കോ വിത്തുകൾ വരുന്നത് മുതൽ, അവ വറുക്കൽ, പൊടിക്കൽ, പാൽ, പഞ്ചസാര എന്നിവ ചേർക്കൽ എന്നിവയിലൂടെ സൗമ്യമായ ചോക്ലേറ്റ് മിശ്രിതമാകുന്ന പ്രക്രിയ കണ്ട് ആസ്വദിക്കാൻ കഴിഞ്ഞു. വിവിധ മോൾഡുകളിൽ തയ്യാറായ ചോക്ലേറ്റുകൾ ആകർഷകമായ പാക്കിങ്ങുകളിൽ വിപണിയിലേക്ക് ഒരുങ്ങുന്നത് കണ്ടു നിൽക്കുന്നത് രസകരമായിരുന്നു.
കാഴ്ചകൾ കണ്ടു നടന്നും ചോക്ലേറ്റുകൾ രുചിച്ചും രണ്ടു മണിക്കൂര്‍ കടന്നു പോയതറിഞ്ഞില്ല. ഞങ്ങള്‍ മ്യൂസിയത്തിൽ നിന്ന് പുറത്തേക്കിറങ്ങി, താഴത്തെ നിലയിലുള്ള ലിന്റ് ഷോപ്പിലേക്കാണ് പോയത്. ഇത്രയും വിശാലമായ ഒരു ചോക്ലേറ്റ് ഷോറൂം ആദ്യമായാണ് കാണുന്നത്. ഏത് ചോക്ലേറ്റ് വാങ്ങണമെന്ന കൺഫ്യൂഷൻ ആയിരുന്നുവെങ്കിലും, പലതരത്തിലുള്ള ചോക്ലേറ്റുകൾ ഭാര്യ അനുവിനും മക്കള്‍ക്കുമായി വാങ്ങി. സമയം അപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ചോക്ലേറ്റുകൾ യഥേഷ്ടം കഴിച്ച് വയറു നിറഞ്ഞിരുന്നുവെങ്കിലും അവിടെത്തന്നെയുള്ള കോഫി ഷോപ്പിൽ നിന്ന് ഒരു ലിന്റ് ചോക്ലേറ്റ് കോഫിയും സാൻവിച്ചും കഴിച്ചതിനുശേഷമാണ് 'ലിന്റ് ഹോം ഓഫ് ചോക്ലേറ്റ്നോട്' ഞങ്ങൾ യാത്ര പറഞ്ഞത്.
എന്താണ് സ്വിസ് ചോക്ലേറ്റിനെ അദ്വിതീയമാക്കുന്നത് എന്നതായിരുന്നു മടക്കയാത്രയില്‍ എന്‍റെ ചിന്ത. സ്വിറ്റ്സർലൻഡിലെ ചോക്ലേറ്റിന്‍റെ ചരിത്രം വളരെ കൗതുകകരമാണെന്ന് മനസ്സിലാക്കിയിരുന്നു. ഈ രാജ്യത്തെ കാലാവസ്ഥ കൊക്കോ കൃഷിക്ക് അനുയോജ്യമല്ല, എങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ചോക്ലേറ്റ് നിർമ്മാതാക്കളായി സ്വിറ്റ്സർലൻഡ് മാറിയത് അവരുടെ നിർമ്മാണത്തിലെ നൂതനമായ കണ്ടുപിടിത്തങ്ങൾ കൊണ്ടാണ്. ചോക്ലേറ്റ് നിർമ്മാണത്തിന് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കുന്ന അതിശയകരമായ ആൽപൈൻ ലാൻഡ്സ്കേപ്പുകൾ മാത്രമല്ല, സൂക്ഷ്മമായ നിർമ്മാണ വൈദഗ്ദ്യവും, സ്വിസ് ചോക്ലേറ്റിയർമാർ അവരുടെ സൃഷ്ടികളിലേക്ക് പകരുന്ന അഭിനിവേശവുമാണ് സ്വിസ് ചോക്ലേറ്റിനെ ലോകത്തേറ്റവും മികച്ചതാക്കുന്നത്. ഗുണനിലവാരത്തിന്‍റെയും സമാനതകളില്ലാത്ത രുചിയുടെയും ആഡംബരത്തിന്‍റെയും കാലാതീതമായ പ്രതീകമായി അവ വേറിട്ടുനിൽക്കുന്നു.
ഇന്ന് ചോക്ലേറ്റ് വ്യവസായം 120 ബില്യൺ ഡോളറിലധികം വിറ്റുവരവുള്ള ബിസിനസാണ്. ലോകമെമ്പാടും ആഘോഷങ്ങൾക്കും സന്തോഷവേളകളിലും ചോക്ലേറ്റുകൾ നല്‍കപ്പെടുന്നു. വാലൻറൈൻസ് ഡേയ്ക്കാണ് ലോകത്ത് ഏറ്റവും അധികം ചോക്ലേറ്റുകൾ വിറ്റഴിക്കപ്പെടുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചോക്ലേറ്റിന്‍റെ ലോകം വിശാലവും വൈവിധ്യപൂർണ്ണവുമാണ്. സാധാരണ കടകളിൽ ലഭിക്കുന്ന ചോക്ലേറ്റുകൾ മുതൽ സ്‌പെഷ്യാലിറ്റി സ്റ്റോർ ഷെൽഫുകളിൽ കാണപ്പെടുന്ന ഫാൻസി സിംഗിൾ ഒറിജിൻ ചോക്ലേറ്റ് ബാറുകളും സ്വര്‍ണ്ണം ചേര്‍ത്തതും വിസ്കിയും മറ്റും ചേർത്തതുമായ ചോക്ലേറ്റുകൾ വരെ.
പല ഫ്ലേവറുകളിൽ ലഭിക്കുന്ന ഈ കൊക്കോ മിഠായിയുടെ കാര്യത്തിൽ എല്ലാവർക്കും തങ്ങളുടെ മുൻഗണനകളുണ്ട്. ചിലർക്ക് ഡാർക്ക് ചോക്ലേറ്റ് ഇഷ്ടമുള്ളപ്പോൾ മറ്റു ചിലർക്ക് മിൽക്ക് ചോക്ലേറ്റ് ആണ് ഇഷ്ടം. ചിലർക്ക് ക്രഞ്ചിയും ചിലർക്ക് സോഫ്റ്റ് ഫില്ലിംഗുകളും മറ്റു ചിലർക്ക് പഴങ്ങളുടെയും മറ്റും രുചികൾ നിറഞ്ഞ ചോക്ലേറ്റുളും ആണ് ഇഷ്ടം. വിവിധ ഫ്ലേവറുകളിലും ടോപ്പിംഗുകളിലും ലിന്റ് പോലെ ഒരു ബ്രാൻഡിന് ഒരേസമയം നൽകാൻ കഴിയുന്നു എന്ന് നേരില്‍ കണ്ട് മനസ്സിലാക്കാന്‍ സാധിച്ചു. ചോക്ലേറ്റിന് നിരവധി ആരോഗ്യപരമായ ഗുണങ്ങൾ ഉള്ളത് കൊണ്ടുമാണ് അത് ഇത്രയധികം ജനപ്രിയമായത്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് ചോക്ലേറ്റുകൾ നല്ലതാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ചോക്ലേറ്റ് ഭക്ഷിക്കുന്നതിലൂടെ തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതോടൊപ്പം മാനസികാവസ്ഥയും മെച്ചപ്പെടുന്നു.
180 വർഷങ്ങളായി രുചിയുടെ ലോകത്തെ രാജാക്കന്മാരായി വാഴുന്ന ലിന്റ് ചോക്ലേറ്റ് ഫാക്ടറിയും മ്യൂസിയവും സന്ദർശിച്ചത് മധുരം നിറഞ്ഞ ഒരു അനുഭവമായിരുന്നു. ചോക്ലേറ്റ് നിർമ്മാണത്തെപ്പറ്റി മനസ്സിലാക്കാനും, അതിന്‍റെ ചരിത്രം അറിയാനും, അതിനേക്കാൾ പ്രധാനമായി യഥേഷ്ടം ചോക്ലേറ്റുകൾ രുചിക്കാനും കഴിഞ്ഞ ഈ യാത്ര ഒരിക്കലും മറക്കാനാകില്ല!.