Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightചരിത്രമുറങ്ങുന്ന...

ചരിത്രമുറങ്ങുന്ന മഹാബലിപുരം ഒരു കാലഘട്ടത്തിന്‍റെ ഓർമപ്പെടുത്തലാണ്

text_fields
bookmark_border
mahabalipuram
cancel

2023 ഡിസംബർ മാസം. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയിൽ എം.എ മാസ് കമ്മ്യൂണിക്കേഷൻ പഠിക്കുന്ന കാലം. മൂന്നാം സെമസ്റ്ററിലെ മീ‌ഡിയ പ്രൊജക്ടിന് ഡോക്യുമെന്ററി ചെയ്യാമെന്ന് തീരുമാനിച്ചു. ഡിപ്പാർട്മെന്‍റിലെ ഏക കണ്ണൂർക്കാരി ഞാനായതിനാൽ തെയ്യം തന്നെ ചെയ്യാമെന്ന് കരുതി. പണ്ടു തൊട്ടേ നല്ല ഭാ​ഗ്യമുള്ള രാശിയായതിനാൽ കിട്ടല്ലേ എന്ന് പ്രാർത്ഥിച്ച സാറെ തന്നെ ​ഗൈ​ഡായിട്ട് കിട്ടി. ബാക്കിയുള്ള ​ഗൈഡുമാർ അവരുടെ കീഴിലുള്ള കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഇഷ്ടമുള്ളത് ചെയ്യാൻ അവസരം നൽകിയപ്പോൾ എനിക്ക് കിട്ടിയ മറുപടി തെയ്യത്തെ പറ്റി ഡോക്യുമെന്ററി ചെയ്യണമെന്നുണ്ടെങ്കിൽ നീ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കണമായിരുന്നു എന്നാണ്. വിഷയം ഈ പ്രദേശത്തുള്ളത് തന്നെ ആയിരിക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് മഹാബലിപുരത്തെ പറ്റി ചിന്തിക്കുന്നത്.

എന്‍റെ കൂടെയുള്ളവർ ആദ്യ സെമസ്റ്ററിലെ കണ്ടുകഴിഞ്ഞ ആ ചരിത്ര സ്മാരകം ഞാൻ അന്നേവരെ കണ്ടിട്ടില്ലായിരുന്നു. വിഷയം കിട്ടി. പക്ഷെ എങ്ങനെ പോകും. യൂണിവേഴ്സിറ്റിയിൽ നിന്ന് അത്യാവശ്യം ദൂരമുണ്ട്. കണ്ട സ്ഥലമായതിനാലും മെനക്കേടുള്ളത് കൊണ്ടും ആരും കൂടെ വരില്ല. ഒറ്റക്കാണേലും പോയേ തീരൂ. അതും പെട്ടെന്ന് തന്നെ. സെമസ്റ്റർ പരീക്ഷയും വരുന്നുണ്ട്. അനു കൂടെ വരാമെന്ന് പറഞ്ഞു. അവളുടെ കയ്യിൽ കാമറയുണ്ട്. ഫോട്ടോസ് എടുക്കാം. അവളും എന്നെ പോലെ അവിടം കണ്ടിട്ടില്ല. പോകാൻ തീരുമാനിച്ചതിന്‍റെ തലേന്ന് രാത്രി പെർഫോമിങ് ആർട്സ് ഡിപ്പാർട്മെന്‍റിൽ നാടകം കണ്ട് തിരിച്ചുവരാൻ നേരം സുധിയെ കണ്ടു. പിന്നെ നടന്നത് ചരിത്രം.

ഹോസ്റ്റലിലെ ഫ്രണ്ട്സ് അധികപേരും എം.കോമിലായതിനാൽ സുധിയെ മുന്നേ അറിയാമെന്നേ ഉണ്ടായിരുന്നുളളൂ. സ്റ്റഡി ലീവായത് കൊണ്ട് മിക്കവരും നാട്ടിൽ പോയത് കൊണ്ട് അവനും അവിടെ ബോറഡിച്ചിരിപ്പാണ്. നാളെ മഹാബലിപുരത്ത് പോവുന്നുണ്ട് വരുന്നോ എന്ന് ചോദിച്ചപ്പോൾ വരാമെന്ന് പറഞ്ഞു. പിറ്റേന്ന് പുലർച്ചെ തന്നെ ഞങ്ങൾ കാമറകളൊക്കെയെടുത്ത് ഇറങ്ങി. ഞാൻ ഡിപ്പാർട്മെന്‍റ് കാമറ മുൻകൂട്ടി കരുതിയിരുന്നു. എം കോമിലെ ബാസിൽ, സൈക്കോളജിയിലെ ശ്രേയ പിന്നെ പെർഫോമിങ് ആർട്സിലെ കീർത്തി. നാട്ടിൽ പോകാതെ ഹോസ്റ്റലുകളിൽ ബാക്കിയുള്ളവരായിരുന്നു ഞങ്ങളൊക്കെ. അങ്ങനെ ഞങ്ങൾ ആറ് പേരും മഹാബലിപുരത്തേക്ക് യാത്ര തിരിച്ചു. പോ‍ണ്ടിച്ചേരിയിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന ബസിലാണ് കയറിയത്.

മാമല്ലപുരം

തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ സ്ഥിതി ചെയ്യുന്ന മഹാബലിപുരം ‘മാമല്ലപുരം’ എന്നും അറിയപ്പെടുന്നു. 1984 ൽ യുനെസ്കോയുടെ ലോക പൈതൃക ന​ഗരങ്ങളിൽ ഇടം നേടിയ പ്രദേശമാണിത്. മഹാബലിപുരത്തേക്ക് ഒരാൾക്ക് 20 രൂപ മാത്രമാണ് പ്രവേശന ഫീസ് വരുന്നത്. പല്ലവ രാജവംശം ഭരിച്ച നാലാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിൽ നിർമിക്കപ്പെട്ട വാസ്തുവിദ്യാ അത്ഭുതങ്ങളാണ് മഹാബലിപുരത്ത് കാണാൻ സാധിക്കുക. ദ്രാവിഡ വാസ്തുവിദ്യയുടെ മഹത്വം ഇവിടെ നേരിട്ട് കാണാം. ഒറ്റ കല്ലിൽ തീർത്ത ശിലാനിർമിതികളും കൊത്തുപണികളും ആരെയും അത്ഭുതപ്പെടുത്തും.

പഞ്ചരഥം

മഹാഭാരതത്തിലെ പാണ്ഡവ സഹോദരന്മാരായ യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ, അവരുടെ ഭാര്യ ദ്രൗപതി എന്നിവരുടെ വാസ്തുവിദ്യാ സ്മാരകമാണ് പഞ്ചരഥം (അഞ്ച് രഥങ്ങൾ). ഇവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്ര രൂപത്തിലാണ് ഇത് പണി കഴിപ്പിച്ചിരിക്കുന്നത്. ഓരോ രഥവും മറ്റുള്ളവയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മനോഹരമായി കൊത്തിയെടുത്ത ഏകശിലാ ഐരാവതവും (ആന), നന്ദിയും (കാള) ഈ പഞ്ചരഥത്തെ മനോഹരമാക്കുന്നുണ്ട്. ആരാധനാലയങ്ങളായി നിർമിച്ചതാണെങ്കിലും ഇവിടം ഏതെങ്കിലും പുണ്യകർമങ്ങൾക്കായി ഉപയോഗിച്ചിരുന്നില്ല.

വാണിരൈ കാൽ

കൃഷ്ണന്റെ വെണ്ണക്കല്ല് അല്ലെങ്കിൽ ‘വാണിരൈ കാൽ’ (ആകാശ ദേവന്‍റെ കല്ല്)എന്നറിയപ്പെടുന്ന കൃഷ്ണാസ് ബട്ടർസ്റ്റോൺ 1300 വർഷത്തിലേറെയായി മാമല്ലപുരത്തുണ്ട്. 45 ഡിഗ്രി ചരിവിലിരിക്കുന്ന ഈ കല്ല് എങ്ങനെ അവിടെ എത്തിയെന്ന് ആർക്കും കൃത്യമായി അറിയില്ല. ഹിന്ദു പുരാണമനുസരിച്ച് ഭ​ഗവാൻ കൃഷ്ണൻ കുഞ്ഞായിരുന്നപ്പോൾ കയ്യിൽ നിന്നും വീണ വെണ്ണയുടെ ഉരുളയായാണ് ഇതിനെ കാണുന്നത്.

ഷോർ ടെമ്പിൾ

മഹാബലിപുരത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ബം​ഗാൾ ഉൾക്കടലിന്‍റെ തീരത്ത് തലയെടുപ്പോടെ നിൽക്കുന്ന ‘ഷോർ ടെമ്പിളാണ്’. മഹാബലിപുരത്തെ ഏഴ് ക്ഷേത്രങ്ങളുടെ കൂട്ടത്തെ ഏഴ് പ​ഗോഡകൾ (seven pagodas) എന്നും വിളിക്കുന്നു. എന്നാൽ ഈ ക്ഷേത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്ന ഏക ക്ഷേത്രം ഷോർ ടെമ്പിൾ മാത്രമാണ്. ബാക്കി ആറ് നിർമിതികളും ഇന്നും കടലിനടിയിലാണ്. മറ്റ് നിർമിതികളിൽ നിന്നും വ്യത്യസ്തമായി ഗുഹകളിൽ നിന്ന് വെട്ടിയെടുത്ത കല്ലുകൾ കൊണ്ടാണ് മഹാബലിപുരം നിർമിച്ചിരിക്കുന്നത്. രണ്ട് ആരാധനാലയങ്ങൾ ഒരുമിച്ച് നിൽക്കുന്നതാണിവിടം. അതിലൊന്ന് ശിവനും മറ്റൊന്ന് വിഷ്ണുവിനും സമർപ്പിച്ചിരിക്കുന്നു. പിരമിഡിന്‍റേതിന് സമാനമായ ഗോപുരമാണ് ഇതിന്റെ സവിശേഷത.

അർജുനന്‍റെ തപസ്

മഹാഭാരതത്തിലെ ഒരു രംഗം ചിത്രീകരിച്ചിരിക്കുന്ന ശിലാഫലകവും ഇവിടെയുണ്ട്. അർജ്ജുനൻ ശിവന്റെ ആയുധമായ പശുപതാസ്ത്രം ലഭിക്കാൻ കഠിനമായ തപസ്സ് ചെയ്യുന്നതാണ് ഇവിടെ കൊത്തിവെച്ചിരിക്കുന്നത്. ‘ഗംഗാസ് ഡിസന്‍റ്’ എന്നും അറിയപ്പെടുന്ന ഇവിടം മഹാബലിപുരം പട്ടണത്തിലെ രണ്ട് കൂറ്റൻ പാറകളിൽ കൊത്തിയെടുത്ത മനോഹര നിർമിതിയാണ്. പല്ലവ രാജവംശത്തിന്റെ ഭരണകാലത്ത് ഏഴാം നൂറ്റാണ്ടിലാണ് ഈ ശ്രദ്ധേയമായ കലാസൃഷ്ടി രൂപപ്പെടുത്തിയത്. ഗംഗാ നദി സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നതിന്റെ ചിത്രീകരണമാണ് ശിലയുടെ മറ്റൊരു വശം. തന്റെ പൂർവ്വികരുടെ ചിതാഭസ്മം ശുദ്ധീകരിക്കാൻ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ തപസ്സുചെയ്ത ഭഗീരഥൻ എന്ന രാജാവിനെക്കുറിച്ചുള്ള ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ് ഈ രംഗം.

കാണാനൊരുപാടുണ്ട് മാമല്ലപുരത്ത്. ദേവീദേവന്മാരുടെയും രാജാക്കന്മാരുടെയും രാജ്ഞികളുടെയും കഥകൾ പറയുന്ന പുരാതന ക്ഷേത്രങ്ങൾ, ശിൽപങ്ങൾ, കൊത്തുപണികൾ എന്നിവയുടെ നിധിശേഖരം കൂടിയാണ് മഹാബലിപുരം. പഴയകാല ജനങ്ങളുടെ ദൈനംദിന ജീവിതവും ഇവിടെ കാണാം. കൊണേരിമണ്ഡപം, മഹിഷമർധിനി ഗുഹ, വരാഹമണ്ഡപം തുടങ്ങിയ മണ്ഡപങ്ങളും പാറയിൽ കൊത്തിയുണ്ടാക്കിയ ഗുഹാക്ഷേത്രങ്ങളും നമ്മെ കൊണ്ടുപോകുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കാലഘട്ടത്തിന്‍റെ പവിത്രതയിലേക്കാണ്. മഹിഷമർധിനി, ഭൂവരാഹം, ഗജലക്ഷ്മി, തിരിവിക്രമ, ദുർഗ്ഗ എന്നി ​ഗുഹാക്ഷേത്രങ്ങളും ശ്രദ്ധേയമാണ്. അങ്ങനെ ഒരുപാട് കാഴ്ച്ചകൾ അവിടെ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.

യാത്രകൾ മനോഹരമായ ഓർമകളാണ്. കാലമെത്ര കഴിഞ്ഞാലും ഓർത്ത് സന്തോഷിക്കാൻ നല്ല സൗഹൃദങ്ങൾ എനിക്ക് സമ്മാനിച്ച ഇടം കൂടിയാണിവിടം. മഹാബലിപുരത്തിന്‍റെ സാംസ്കാരികവും കലാപരവുമായ നിർമിതികളെക്കാൾ ഞാൻ ശ്രദ്ധ നൽകിയത് ഈ ന​ഗരം സമ്മാനിച്ച സൗഹൃദത്തിന്‍റെ നല്ല നിമിഷങ്ങളെയാണ്. പെർഫെക്ഷൻ ഇല്ലെങ്കിലും ആദ്യമായി കാമറ കയ്യിലെടുത്ത് ഞാൻ ചെയ്ത എന്‍റെ ഡോക്യുമെന്റിയും ഈ ന​ഗരം എനിക്ക് സമ്മാനിച്ചതിൽ പ്രിയപ്പെട്ട ഒന്നാണ്.

Show Full Article
TAGS:Mahabalipuram Traveler journey destination travalogue 
News Summary - Mahabalipuram travalogue
Next Story