ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മദീന
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ മദീന ഇടം നേടി. എല്ലാ വർഷവും സെപ്റ്റംബർ 27ന് ആചരിക്കുന്ന ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര യൂറോമോണിറ്റർ ഇന്റർനാഷനൽ റാങ്കിങ് പ്രകാരമാണിത്. സൗദിയിലെ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തും ഗൾഫിൽ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ആറാം സ്ഥാനത്തും മദീന നഗരം സ്ഥാനം പിടിച്ചു. ആത്മീയത, ചരിത്രം, സംസ്കാരം എന്നിവ സമന്വയിപ്പിക്കുന്ന ലക്ഷ്യസ്ഥാനമെന്ന നിലയിൽ അതിന്റെ ആഗോള സ്ഥാനം സ്ഥിരീകരിക്കുന്നതാണ് ഈ നേട്ടം.
സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി ടൂറിസം മേഖല വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള സന്ദർശകരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവർക്ക് സവിശേഷ അനുഭവം ഉണ്ടാക്കുന്നതിനുമായി മദീനയിൽ അധികാരികൾ നടപ്പിലാക്കിയ അതുല്യമായ തന്ത്രങ്ങളാണ് ഈ ഉയർന്ന റാങ്കിങിന്ന് കാരണം. സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നതിനും വിപുലമായ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരമുള്ള സേവനങ്ങളും നൽകുന്നതിനും ഇത് സഹായിച്ചു.
മസ്ജിദുന്നബവി വാസ്തുവിദ്യാ മ്യൂസിയം, പ്രവാചകന്റെ ജീവചരിത്രത്തിന്റെ അന്താരാഷ്ട്ര മ്യൂസിയം, ഇസ്‍ലാമിന്റെയും മദീനയുടെയും ചരിത്രത്തിലെ അധ്യായങ്ങൾ ശാസ്ത്രീയവും നൂതനവുമായ രീതിയിൽ വിവരിക്കുന്ന സാഫിയ മ്യൂസിയവും ഉദ്യാനവും പോലുള്ള നിരവധി പ്രധാനപ്പെട്ട ചരിത്ര, സാംസ്കാരിക സ്മാരകങ്ങൾ മദീന നഗരത്തിലുണ്ട്.
അൽഹയ്യ് പദ്ധതി, അൽമത്ൽ പദ്ധതി തുടങ്ങിയ ആധുനിക വികസന പദ്ധതികൾക്കും ഈ പ്രദേശം സാക്ഷ്യം വഹിക്കുന്നു. പ്രകൃതിദൃശ്യങ്ങൾ നിറഞ്ഞ ഈ പദ്ധതി ആധുനിക സൗകര്യങ്ങളെ സാംസ്കാരിക മാനവുമായി സംയോജിപ്പിക്കുന്നു. കൂടാതെ ഖുബാഅ് ഡെസ്റ്റിനേഷൻ, മിലാഫ് ഒയാസിസ് തുടങ്ങിയ ഭാവി വിനോദ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ആഗോള ടൂറിസം ഭൂപടത്തിന്റെ ഹൃദയമായി മാറുന്നതിലേക്ക് മദീന നഗരം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഈ റാങ്കിങുകളും നേട്ടങ്ങളും സ്ഥിരീകരിക്കുന്നു. അതിന്റെ ആത്മീയ ഐഡന്റിറ്റി സംരക്ഷിക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുകയും വൈവിധ്യം വർധിപ്പിക്കുകയും ചെയ്യുന്ന ഒരു വികസന, ടൂറിസം മാനം ഉണ്ടാക്കുകയും ചെയ്യുന്നു.