വിസ്മയ കാഴ്ചകളൊരുക്കി 'മൈക്രോവേവ് വ്യൂ പോയൻറ്'
text_fieldsപൈനാവിന് സമീപത്തെ മൈക്രോവേവ് വ്യൂപോയന്റിൽ നിന്നുള്ള കാഴ്ചകള്‍
ഇടുക്കി: വിനോദ സഞ്ചാരികളുടെ ഇഷ്ട ഭൂമിയായ ജില്ലയിലെത്തുന്ന സഞ്ചാരികളെ മാടിവിളിക്കുകയാണ് മൈക്രോവേവ് വ്യൂപോയിൻറ്. തിരക്കുകളോ ബഹളങ്ങളോ ഇല്ലാതെ ശാന്തമായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാവുന്നയിടമാണിത്. ഇവിടെ കയറി നിന്ന് കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലൂടെ കണ്ണോടിച്ചാല്‍ ജില്ലയിലെ മനോഹര കാഴ്ചകൾ പലതും കാണാം.
ഇടുക്കി പൈനാവിലാണ് മനോഹാരിത തുളുമ്പുന്ന മൈക്രോവേവ് വ്യൂ പോയിൻറ്. നേരത്തെ കാര്യമായി അറിയപ്പെടാതിരുന്ന ഈ പ്രദേശം ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികള്‍ മാത്രമല്ല ഫോട്ടോ ഷൂട്ടിനായും പിറന്നാള്‍ പോലുള്ള ആഘോഷങ്ങള്‍ക്കായും ഇവിടെ ആളുകളെത്തുന്നുണ്ട്.
ദൂരക്കാഴ്ചകളുടെ ഇടം
ഇടുക്കിയുടെ വിസ്മയകാഴ്ചകൾ ഒറ്റനോട്ടത്തിൽ തന്നെ കാണാനാഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രയോജപ്രദമാണിവിടം. മലയിടുക്കുകളിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയക്കാഴ്ചയാണ് ഈ വ്യൂ പോയിന്റിനെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വര്‍ണ്ണങ്ങള്‍ വാരിവിതറിയ മേഘങ്ങള്‍ക്കിടയിലൂടെ പതിയെ താഴ് വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂര്യനും പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകി നീങ്ങുന്ന മേഘങ്ങളും സൂര്യരശ്മികള്‍ ഈ മേഘങ്ങളില്‍ തട്ടുമ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണം പൂശി വർണമനോഹരമായ കാഴ്ചയാക്കി സഞ്ചാരികളെ വിസ്മയ ലോകത്ത് എത്തിക്കും.
ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടിന്റെ വിശാലമായ ജലാശയവും കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഉള്‍പ്പെടെ ചൊക്രമുടി, പാല്‍ക്കുളം മേട്, തോപ്രാംകുടി -ഉദയഗിരി മലനിരകളും കാണാം. മലമുകളില്‍ നിന്നുള്ള കാഴ്ചകളാല്‍ പ്രശസ്തമായ കാല്‍വരി മൗണ്ട് മലനിരകളും കണ്ണിൽപ്പെടും. ഗ്യാപ് റോഡ്, പള്ളിവാസല്‍, വെള്ളത്തൂവല്‍ സര്‍ജ്ജ്, പൂപ്പാറ, കള്ളിപ്പാറ തുടങ്ങിയ മിക്കയിടങ്ങളും ഇവിടെ നിന്ന് ദർശിക്കാം. ഇതോടൊപ്പം ചുറ്റുമുള്ള പച്ചപ്പിന്റെ വന്യസൗന്ദര്യവും കാടിന്റെ നിഗൂഢതയും അവിടെ മേഞ്ഞു നടക്കുന്ന ആനകൾ, കേഴ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും കാണാന്‍ സാധിക്കും.
ദിവസേന എത്തുന്നത് നിരവധി പേർ
രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേലിയും നിര്‍മിച്ചിട്ടുണ്ട്. 15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് ഈ സ്ഥലം പരിപാലിക്കുന്നത്. അവരില്‍ മൂന്നു പേര് വീതം ഓരോ ദിവസവും സഞ്ചാരികളെ സഹായിക്കാന്‍ ഇവിടെയുണ്ടാകും.
എങ്ങനെ എത്താം
തൊടുപുഴ- ചെറുതോണി സംസ്ഥാനപാതയില്‍ കുയിലിമല സിവില്‍ സ്റ്റേഷനും പൈനാവിനും ഇടയിലുള്ള ജില്ലാ പഞ്ചായത്ത് ജംങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇ.എം.ആര്.എസ് സ്കൂളിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും മധ്യേ ഓഫ് റോഡിനെ അനുസ്മരിപ്പിക്കുന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ മൈക്രോവേവ് വ്യൂ പോയിൻറിൽ എത്താം.