നീലക്കുറിഞ്ഞി പൂത്തു, മലനിരകൾ നീലയണിഞ്ഞു; കാണാം, ഫോട്ടോയെടുക്കാം… പക്ഷേ, പറിച്ചാൽ കേസാകുമോ?
text_fieldsഗൂഡല്ലൂർ: മലനിരകൾ നീലയണിഞ്ഞു തുടങ്ങി. ഇടുക്കിയുടെ മടിത്തട്ടിലെ മൂന്നാർ, വാഗമൺ, ഇടുക്കി ചൊക്രമുടിയുടെയും മീശപ്പുലിമലയുടെയും, ഒപ്പം ഗൂഡല്ലൂരിലെ കോഴിപാലവും മൊട്ടക്കുന്നുകളുമെല്ലാം ഇപ്പോൾ നീലക്കുറിഞ്ഞികളുടെ വശ്യമായ പൂക്കാലത്തിലാണ്. ചൊക്രമുടിയിലും മൂന്നാറിന്റെയും വാഗമണ്ണിന്റെയും വിവിധ ഹൈറേഞ്ച് മേഖലകളിലും ഇതിനോടകം തന്നെ ആദ്യകാല പൂക്കളുടെ വിസ്മയക്കാഴ്ചകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രകൃതിയുടെ ഈ അപൂർവ സൗന്ദര്യം ആസ്വദിക്കാനും ക്യാമറകളിൽ പകർത്താനുമായി സന്ദർശകരുടെ വൻ പ്രവാഹമാണ് ഈ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്.
പക്ഷേ, ആ കാഴ്ചയുടെ ലഹരിയിൽ നിയന്ത്രണം വിട്ടാൽ പിന്നീട് വില നൽകേണ്ടി വരുന്നത് വലിയൊരു വിലയായിരിക്കും. ഈ പൂക്കളെയൊന്ന് തൊടാനോ, ഒരു തണ്ട് അടർത്തിമാറ്റാനോ മനസ്സ് പോയാൽ... കാത്തുനിൽക്കുന്നത് വെറുമൊരു പിഴയല്ല, ജാമ്യമില്ലാത്ത ക്രിമിനൽ കേസും കനത്ത ശിക്ഷയുമാണ്! സഞ്ചാരികളുടെ ഈ വലിയ പ്രവാഹത്തിനിടയിൽ മുമ്പ് ഈ ചെടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെയാണ് വനം വകുപ്പ് കർശന നിയന്ത്രണങ്ങളിലേക്ക് കടന്നത്. ഇപ്പോൾ ജീവനക്കാരുടെ നിരീക്ഷണത്തിലും മൈക്ക് അനൗൺസ്‌മെന്റുകളുടെ അകമ്പടിയോടെയുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എങ്കിലും നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടാൻ അധികൃതർ തയ്യാറല്ല.
1972-ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ മൂന്ന് പ്രകാരം അതീവ സുരക്ഷയോടെ സംരക്ഷിക്കപ്പെടുന്ന സസ്യമാണ് നീലക്കുറിഞ്ഞി. ഈ നിയമത്തിന്റെ കള്ളിയിൽപ്പെട്ടാൽ കുറിഞ്ഞി പറിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. മൂന്നു വർഷം വരെ തടവോ 25,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റം. മറ്റൊരു സ്ഥലത്തേക്ക് മാറ്റിനട്ടാൽ വളരാത്ത, കാട്ടുതീയെപ്പോലും അതിജീവിക്കുന്ന പ്രകൃതിയുടെ അത്ഭുത വിത്തുകളാണ് കുറിഞ്ഞിയുടേത്. അതുകൊണ്ടുതന്നെ, ആ സൗന്ദര്യം കണ്ണിലും ക്യാമറയിലും മാത്രം ഒതുക്കുക; അറിയാതെ പോലും ആ കൈകൾ ആ ചെടികളിലേക്ക് നീണ്ടുപോയാൽ, വനം വകുപ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുക എളുപ്പമായിരിക്കില്ല!


